വാര്‍ത്തകള്‍

28
Jan

ഹരിതകേരളം: മഴവെള്ള സംഭരണി, എന്റെ പേരില്‍ ഒരു മരം പദ്ധതി അടുത്ത ഘട്ടത്തില്‍ ഇ-മാലിന്യം: പ്രായോഗികമായ ആസ്തി നയം വേണം – ജില്ലാകളക്ടര്‍

കളക്ടറേറ്റ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മഴവെള്ള സംഭരണി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകേരളം പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഊന്നല്‍ നല്കുമെന്ന് ജില്ലാ ഭരണകൂടം. ജലദൗര്‍ലഭ്യം പരിഹരിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാകും ഇത്. ഹരിതകേരളം പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള ഈ നിര്‍ദേശം മുന്നോട്ടു വച്ചത്. എന്റെ പേരില്‍ ഒരു മരം പദ്ധതിയാണ് ഹരിതകേരളത്തിന്റെ അടുത്ത ഘട്ടത്തില്‍ നടപ്പാക്കാന്‍ പോകുന്ന മറ്റൊരു പ്രധാനസംരംഭം. സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുക. സന്നദ്ധസ്ഥാപനങ്ങള്‍, ക്‌ളബ്ബുകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക്പദ്ധതിയുടെ ഭാഗമാവാന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. തൈ നടാനുളള സ്ഥലവും കണ്ടെത്തി ഓണ്‍ലൈനില്‍ വിവരങ്ങള്‍ നല്കണം. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത വിവരങ്ങളും മരം നടാനുള്ള സ്ഥലവും ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികള്‍ പരിശോധിക്കും. വിവരങ്ങള്‍ ശരിയാണെന്നു കണ്ടാല്‍ നടാനുള്ള തൈ, തൈയ്ക്കു ചുറ്റുമുള്ള സംരക്ഷണവലയം എന്നിവ സൗജന്യമായി നല്കും. രജിസ്റ്റര്‍ ചെയ്ത വ്യക്തിയ്‌ക്കോ സ്ഥാപനത്തിനോ സ്വന്തം പേരിലുള്ള മരം നടാനുള്ള പൂര്‍ണ പിന്തുണ ജില്ലാ ഭരണകൂടം നല്കും. ഈ മരത്തിന്റെ സംരക്ഷണചുമതല അതാത് വ്യക്തികള്‍ക്കായിരിക്കും. എന്റെ പേരില്‍ ഒരു മരം പദ്ധതി മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യത ആരായുമെന്ന് ഡോ. ടി.എന്‍ സീമ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ഇ-മാലിന്യം ഒഴിവാക്കുന്നത് സംബന്ധിച്ച് പ്രായോഗികമായ ആസ്തി നയം വേണമെന്ന് ജില്ലാകളക്ടര്‍ യോഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഐടി ആസ്തിയുടെ മൂല്യശോഷണ കാലാവധി 7 വര്‍ഷമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഉദേ്യാഗസ്ഥര്‍ക്ക് മിക്ക ഇലക്‌ട്രോണിക് ഉപകരണങ്ങളും 7 വര്‍ഷത്തിനുശേഷമേ ഒഴിവാക്കാനാവൂ. എന്നാല്‍ മിക്ക ഇലക്‌ട്രോണിക് ഉപകരണങ്ങളും നാലു വര്‍ഷത്തിനുള്ളില്‍ കാലഹരണപ്പെടും. ഇപ്പോഴത്തെ ആസ്തി നയം ഈ വസ്തുത കണക്കാക്കുന്നില്ല. ഇതില്‍ പ്രായോഗികമായ മാറ്റം വേണമെന്ന് ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു. ഹരിതകേരളപദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതോടൊപ്പം പദ്ധതി നടപ്പാക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ജില്ലയില്‍ കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളുമടക്കമുള്ള നഗരങ്ങളില്‍ ശുചിത്വവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഗ്രാമങ്ങളില്‍ കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമാണ് കൂടുതലായും നടന്നത്. കനാലുകളും ജലസ്രോതസ്സുകളും വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലും ശ്രദ്ധപതിപ്പിച്ചിരുന്നു. ജലലഭ്യതയെക്കുറിച്ചുള്ള ആശങ്ക നില നില്ക്കുന്നുണ്ട്. ഇത് കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും യോഗം വിലയിരുത്തി. ഹരിതമാര്‍ഗരേഖ (ഗ്രീന്‍ പ്രോട്ടോക്കോള്‍) അനുസരിച്ചുള്ള അഞ്ച് വിവാഹവിരുന്നുകളാണ് ജില്ലയില്‍ രണ്ടാഴ്ചയ്ക്കകം നടത്തിയതെന്ന് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിജു തോമസ് പറഞ്ഞു. സ്‌കൂളുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതു സംബന്ധിച്ച നടപടികള്‍ എടുക്കുന്നുണ്ട്. പ്‌ളാസ്റ്റിക് അടക്കമുള്ള ഖരമാലിന്യസംസ്‌കരണത്തിനായുള്ള സംവിധാനങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും ഒരുമാസത്തിനകം നടപ്പില്‍ വരുത്താന്‍ നടപടിയെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹരിതകേരളപദ്ധതിയുമായി ബന്ധപ്പെട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൃഷിക്കു യോജിച്ച 453 എക്കര്‍ ഭൂമി കണ്ടെത്തിയെന്നും ഇതില്‍ 224 എക്കറില്‍ കൃഷി ആരംഭിച്ചുവെന്നും കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ടാനി തോമസ് പറഞ്ഞു. 15,000 അയല്‍ക്കൂട്ടങ്ങള്‍ക്ക് മൂന്നു സെന്റില്‍ വീതം കൃഷി ചെയ്യാനുള്ള വിത്തുകള്‍ വിതരണം ചെയ്യുന്നത് അവസാനഘട്ടത്തിലാണ്. ആദിവാസി മേഖലയില്‍ 64 അയല്‍ക്കൂട്ടങ്ങളില്‍ക്കൂടി കൃഷി ആരംഭിക്കും. 803 ജലസ്രോതസ്സുകളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. കണ്ടല്‍ പ്രദേശങ്ങളില്‍ പ്‌ളാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നത് തടയാനും കണ്ടല്‍ പ്രദേശങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും കൂടുതല്‍ നടപടിയെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഭൂഗര്‍ഭജല ചൂഷണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്ന എജന്‍സികളുടെ മേല്‍ നിയന്ത്രണം വേണം. ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ എകോപനം വേണമെന്ന് ഡോ. ടി.എന്‍ സീമ അഭിപ്രായപ്പെട്ടു. യോഗത്തില്‍ സബ്കളക്ടര്‍ അദീല അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശാ സനില്‍, എഡിഎം സി കെ പ്രകാശ്‌ ഹരിതകേരളം ടെക്‌നിക്കല്‍ അഡൈ്വസര്‍ ഡോ. അജയകുമാര്‍ വര്‍മ, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടിമ്പിള്‍ മാഗി, മൂവാറ്റുപുഴ ആര്‍ഡിഒ എ.ജി രാമചന്ദ്രന്‍, ജില്ലാ പ്‌ളാനിംഗ് ഓഫീസര്‍ സാലി ജോസഫ്, വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ഹരിതകേരളം പരിപാടിയുടെ വിശദാംശങ്ങള്‍ ക്രോഡീകരിച്ച പുസ്തകം ഡോ. ടി.എന്‍ സീമ പ്രകാശനം ചെയ്തു. ഓഫീസുകളില്‍ നിന്ന് ശേഖരിച്ച ഇ-മാലിന്യവുമായി ഹൈദരാബാദിലേക്ക് പുന:ചംക്രമണത്തിനായി പോകുന്ന വാഹനം ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ ഹരിതകേരളം പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ എക്‌സിബിഷനും കളക്ടറേറ്റില്‍ നടന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റ് പരിസരം വൃത്തിയാക്കി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...