നാടിന്റെ പച്ചപ്പ് സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്തം: റോജി ജോണ്‍,എംഎല്‍എ
നാടിന്റെ പച്ചപ്പ് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും സര്‍ക്കാരിന്റെയോ ഭരണകര്‍ത്താക്കളുടെയോ മാത്രം ചുമതലയാണിതെന്ന് കരുതരുതെന്നും റോജി എം.ജോണ്‍ എംഎല്‍എ പറഞ്ഞു. ഹരിതകേരളം പദ്ധതിയുടെ പ്രചാരണത്തോടനുബന്ധിച്ച് ഹരിത എക്സ്പ്രസിന്റെ പര്യടനത്തിന് അങ്കമാലി പഴയ മുന്‍സിപ്പാലിറ്റിക്ക് സമീപം നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യസംസ്കരണം കേരളം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണ്. മാലിന്യം അതാത് സ്രോതസ്സില്‍ തന്നെ സംസ്കരിക്കുന്ന വിധത്തില്‍ നാം വളരണം. 44 നദികളും അമ്പതിനായിരത്തിലധികം കുളങ്ങളും ലക്ഷക്കണക്കിന് കിണറുകളുമുള്ള സംസ്ഥാനമാണ് നമ്മുടെത്. എന്നിട്ടും നമുക്ക് ജലക്ഷാമം നേരിടേണ്ടി വരുന്നു. ഈ വര്‍ഷം വരാനിരിക്കുന്ന വരള്‍ച്ച വളരെ ആശങ്കയുണര്‍ത്തുന്നു. ജലക്ഷാമത്തിനും മാലിന്യ പ്രശ്നത്തിനും പ്രതിവിധി ജനപങ്കാളിത്തത്തോടുകൂടിയുള്ള പരിശ്രമത്തിലൂടെ മാത്രമേ കഴിയൂവെന്നും എംഎല്‍എ പറഞ്ഞു.
അങ്കമാലി നഗരസഭാ ചെയര്‍പേഴ്സണ്‍ എംഎ ഗ്രേസി അദ്ധ്യക്ഷയായിരുന്നു. വൈസ് ചെയര്മാന് സജി വര്‍ഗീസ്, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പുഷ്പ മോഹന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലില്ലി വര്‍ഗീസ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.എസ് ഗിരീഷ് കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് രേഖാ ശ്രീജേഷ്, കൗണ്‍സിലര്‍മാരായ സിനിമോള്‍ മാര്ട്ടിന്, ലേഖാ മധു, സുബ്രന് കെ.ആര്, ലീല സദാനന്ദന്, ബ്ളോക്കു പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.എം. വര്‍ഗീസ്, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ.വര്‍ഗീസ്, കുടുംബശ്രീ- ആശാ പ്രവര്‍ത്തകര്‍, സാക്ഷരതാമിഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.