ദേശീയപാത ഡിവൈഡറുകള്‍ സൌന്ദര്യവല്ക്കരിക്കും
ഹരിതകേരളം പദ്ധതിപ്രകാരം അരൂര്‍ ബൈപ്പാസ് മുതല്‍ ചേര്‍ത്തല ഒറ്റപ്പുന്നവരെയുള്ള 24 കിലോമീറ്റര്‍ ദേശീയപാതാ ഡിവൈഡറുകള്‍ സൗന്ദര്യവല്‍ക്കരണത്തിന് പദ്ധതിയായി.
അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാര്‍ പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഈ ബൃഹത് പദ്ധതിക്ക് നേതൃത്വം നല്‍കുക. ഡിവൈഡറില്‍ കാട് പിടിക്കുന്നതിനാല്‍ എതിര്‍ദിശയില്‍വരുന്ന വാഹനങ്ങള്‍ കാണാതായി. നാലുവരിപ്പാതയില്‍ വാഹനാപകടങ്ങള്‍ പെരുകിയ പശ്ചാത്തലത്തിലാണ് ഡിഡൈവറുകള് സൌന്ദര്യവല്ക്കരിക്കുന്നത്.
ദേശീയപാതയില്‍ അരൂര്‍ മുതല്‍ വടക്കോട്ട് ഇടപ്പള്ളിവരെയുള്ള ഭാഗങ്ങളില്‍ പൂച്ചെടികള്‍ നട്ടുപിടിപ്പിക്കും. ഡിവൈഡറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്നാണ് വൃത്തിയാക്കുക. ഇതിനുശേഷം ഉയരംകുറഞ്ഞ സൌന്ദര്യവൃക്ഷങ്ങളും പൂച്ചെടികളും നടും.
അതാത് പഞ്ചായത്തിലെ കുടംബശ്രീ യൂണിറ്റുകള്‍, പ്രധാന കവലകളിലെ ഓട്ടോ- ടാക്സി തൊഴിലാളികള്‍, ദേശീയപാതയോരത്തെ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിചരണ ചുമതല ഏറ്റെടുക്കും. സൌന്ദര്യവല്ക്കരണത്തിനാവശ്യമായ പൂച്ചെടികള്‍ വാങ്ങുന്നതിനും മറ്റുമുള്ള ചെലവ് അഭ്യുദയകാംക്ഷികള്‍, സ്വകാര്യകമ്പനികള്‍ എന്നിവരില്‍നിന്നും കണ്ടെത്തും.