സ്കൂളുകളില്‍ സുരക്ഷിത പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചു
ഹരിതകേരളം മിഷനോടനുബന്ധിച്ച് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ നടത്തുന്ന സുരക്ഷിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പച്ചക്കറി ഉള്‍പ്പെടെ വിഷമയമായ ആഹാരപദാര്‍ഥങ്ങളുടെ പ്രധാന ഇര കുട്ടികളാണെന്നും അവരില്‍ സുരക്ഷിത പച്ചക്കറി കൃഷിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പുതുതലമുറയില്‍ കാര്‍ഷിക സംസ്ക്കാരം വളര്‍ത്താന്‍ ഇത്തരം പദ്ധതികള്‍ ഉപകരിക്കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ കൃഷി പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വി.കെ സുരേഷ്ബാബു, കെ.പി ജയബാലന്‍ മാസ്റ്റര്‍, മെംബര്‍ അജിത് മാട്ടൂല്‍, വി.കെ രാജന്, കെ മോഹനന്, വിഷ്ണു എസ് നായര്‍, എ രാധ, തോട്ടേന്‍ മോഹനന് എന്നിവര്‍ സംസാരിച്ചു.