പൊതുസ്ഥലങ്ങളുടെ ഹരിതവത്കരണത്തിന് ജനകീയ സമിതികള്‍ രൂപീകരിക്കും-മന്ത്രി.കെ.രാജു
പൊതുസ്ഥലങ്ങളുടെ ഹരിതവത്കരണത്തിന് വനസംരക്ഷണ സമിതികളുടെയും പരിസ്ഥിതി സംരക്ഷണ സമിതികളുടെയും മാതൃകയില്‍ ജില്ലയില്‍ ജനകീയ സമിതികള്‍ രൂപീകരിക്കുമെന്ന് വനം, ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ഹരിത കേരളം മിഷന്റെ ഭാഗമായി വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന കോടിമത നാലുവരിപ്പാതയുടെ ഹരിതവത്കരണവും ശുചീകരണ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ഇതിനുള്ള ഫണ്ട് വനം വകുപ്പു മുഖാന്തിരം ലഭ്യമാക്കും. ഈ സംരംഭം വിജയിപ്പിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും പങ്കാളിത്തവും ആവശ്യമാണ്. ഇത്തരത്തില്‍ രൂപീകരിക്കുന്ന സമിതികളില്‍ പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പ്രാതിനിധ്യമുണ്ടാകും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരള മിഷന് ലക്ഷ്യത്തിലെത്തിക്കും- മന്ത്രി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ആശ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ സി.എ. ലത, കോട്ടയം മുനിസിപ്പല്‍ ചെയര്മാന് ഡോ. പി.ആര്. സോന, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്. സി ജോഷി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.എസ് ജയരാമന്, അസി. ഡെവലപ്പ്മെന്റ് കമ്മീഷണര്‍ (ജനറല്‍) പി.എസ്. ഷിനോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സലിം ഗോപാല്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.