ചൊക്ലി പഞ്ചായത്തില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കും
ചൊക്ലി ഗ്രാമ പഞ്ചായത്തിലെ വ്യാപാരികള്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കും. ഹരിത കേരളം മിഷന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ചേര്‍ന്ന വ്യാപാരി ഗ്രാമ സഭയിലാണ് ഈ തീരുമാനം. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വില്‍പ്പനയും ഉപയോഗവും പരമാവധി നിരുത്സാഹപ്പെടുത്താനാണ് ഗ്രാമസഭാ യോഗത്തില്‍ ധാരണയായത്.
ജൈവ മാലിന്യങ്ങള്‍ കഴിവതും ഉറവിടങ്ങളില്‍ തന്നെ സംസ്ക്കരിക്കാനാവശ്യമായ നടപടികളും സ്വീകരിക്കും. ഇതിനാവശ്യമായ പ്രോത്സാഹനങ്ങള്‍ ഗ്രാമ പഞ്ചായത്ത് തലത്തില്‍ ചെയ്യും. ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയ പൗരാവകാശ രേഖയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.കുഞ്ഞബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.കെ.രാകേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശുചിത്വ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.കെ.ദിലീപ് മുഖ്യപ്രഭാഷണം നടത്തി. പൗരാവകാശ രേഖയുടെ പ്രകാശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന് നിര്‍വഹിച്ചു. എം.കെ. കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ പൗരാവകാശ രേഖ ഏറ്റുവാങ്ങി. സംസ്ഥാന കേരളോത്സവത്തില്‍ നാടകത്തില്‍ ഒന്നാംസ്ഥാനം നേടിയ മാഹി നാടകപ്പുര അംഗങ്ങളെയും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നങ്ങ്യാര്‍ കൂത്തില്‍ ഒന്നാംസ്ഥാനം നേടിയ നിഹാരിക എസ് മോഹനെയും പരിപാടിയില്‍ ഉപഹാരങ്ങള്‍ നല്കി അനുമോദിച്ചു. റിഹാജ് ഇടവന, എം.ഒ.നാണു എന്നിവര്‍ സംസാരിച്ചു. അഡ്വ.സി.വിനോദ് കുമാര്‍, സീനിയര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ടി.അജിത്കുമാര്‍, ശുചിത്വ മിഷന് സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ പി.കെ.മോഹനന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജലജ കണ്ണോത്ത് സ്വാഗതവും പി.ഭാസ്ക്കരന്‍ നന്ദിയും പറഞ്ഞു.