05
Dec
മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് പ്രഖ്യാപനം നാളെ (06.12.2019)
0 Comment
ഹരിതകേരളം മിഷന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡിന്റെ പ്രഖ്യാപനം നാളെ (06.12.2019 വെള്ളി) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്തീന് നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.15 തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന പത്ര സമ്മേളനത്തിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഹരിതകേരളം മിഷന് സംഘടിപ്പിക്കുന്ന ‘ശുചിത്വസംഗമം’ സമ്മേളനത്തില്‍ പുരസ്കാരത്തുകയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് വിതരണം ചെയ്യും. ശുചിത്വ-മാലിന്യ സംസ്കരണം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് പുരസ്കാരം. മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമാണ് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവാര്‍ഡ് നല്‍കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും സംസ്ഥാനതലത്തിലാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനതലത്തില്‍ മികച്ച ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുക. ജില്ലാതലത്തില്‍ മികച്ച ഗ്രാമപഞ്ചായത്തിനാണ് പുരസ്കാരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 2018-19 വര്‍ഷത്തില്‍ നടത്തിയ ഹരിതകേരളം മിഷന് പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്.