വാര്‍ത്തകള്‍

08
Dec

മലിനീകരണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംസ്‌കാരത്തിന്‍റെ ഭാഗമാകണം: മന്ത്രി സി രവീന്ദ്രനാഥ്

reveenകൊച്ചി: അന്തരീക്ഷം, ജലം, മണ്ണ് എന്നിവ മലിനീകരിക്കപ്പെട്ടതുമൂലം നിലനില്പുതന്നെ അപകടത്തിലാകുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്ന്  വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മലിനീകരണം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള ശ്രമം ഉണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കാക്കനാട്ട് ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാക്കനാട്ട് നഗരകേന്ദ്രത്തില്‍ 50 സെന്റോളം സ്ഥലത്ത് ജൈവപച്ചക്കറിക്കൃഷിക്ക് തുടക്കമിട്ടുകൊണ്ടാണ് ഹരിതകേരളം ജില്ലാതലപരിപാടികള്‍ ആരംഭിച്ചത്.
പരിസ്ഥിതിസന്തുലനം തകരുന്നതിന് ഉത്തരവാദികള്‍ നാം തന്നെയാണ്. പരിസ്ഥിതിസന്തുലനം വീണ്ടെടുക്കാനുള്ള നമ്മുടെ പ്രവര്‍ത്തനമാണ് ഭാവി തലമുറയ്ക്ക് നല്കാവുന്ന സന്ദേശവും സമ്മാനവും. ജീവജാലങ്ങള്‍ക്ക് വംശനാശം വരുകയോ പരിസ്ഥിതി മലിനപ്പെടുകയോ ചെയ്താല്‍ മനുഷ്യജീവിതം ദുഷ്‌കരമാകും. അതിനാല്‍ പരിസ്ഥിതിയിലെ വൈവിധ്യം നിലനിര്‍ത്തുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുക എന്നത് മനുഷ്യന്റെ കടമയാണ്. മലിനീകരണം തടയാനായുള്ള എറ്റവും നല്ല മാര്‍ഗം കൃഷി ചെയ്യുക എന്നതാണെന്നും മന്ത്രി പറഞ്ഞു. ഹരിതകേരളം വഴി നടപ്പാക്കുന്ന മാലിന്യസംസ്‌കരണപദ്ധതികള്‍ക്കും ജൈവകൃഷിക്കും നീര്‍ത്തടവികസന പദ്ധതിക്കും കൃത്യമായ തുടര്‍ച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പൗരബോധം വളര്‍ത്തുവാനുതകുന്ന വിധത്തില്‍ നമ്മുടെ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്ന് ജില്ലയിലെ ജലസംരക്ഷണപദ്ധതി ഉദ്ഘാടനം ചെയ്ത നടന്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടു. പ്രകൃതിയെ സംരക്ഷിക്കാനുള്ള അടിയന്തിരനടപടികള്‍ എടുത്തില്ലെങ്കില്‍ കുടിവെള്ളദൗര്‍ലഭ്യമടക്കമുള്ള വിപത്തുകള്‍ നാം നേരിടേണ്ടി വരും. വെള്ളത്തിന്റെ ദുരുപയോഗം കുറയ്‌ക്കേണ്ടതും അത്യാവശ്യമാണ്. കഴിഞ്ഞ വര്‍ഷം ജലദൗര്‍ലഭ്യമനുഭവപ്പെട്ട ചില മേഖലകളില്‍ താന്‍ കുടിവെള്ളമെത്തിച്ചു കൊടുത്തിരുന്നു. എന്നാല്‍ ഈ വര്‍ഷം വിതരണം ചെയ്യാനുള്ള വെള്ളം ലഭിക്കുമോ എന്നു പോലും താന്‍ ഭയപ്പെടുന്നുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. കരുതലോടെ മുന്നോട്ടു നീങ്ങിയില്ലെങ്കില്‍ വന്‍ വിപത്താണ് നമ്മെ കാത്തിരിക്കുന്നത്. എല്ലാം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന മനോഭാവം മാറ്റണം. പ്രകൃതിസംരക്ഷണവും പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കലും ഓരോ വ്യക്തിയുടെയും കടമയാണ്. ജലസ്രോതസ്സുകള്‍ വരളാതെയും പരിസരം മലിനമാവാതെയും സൂക്ഷിക്കാനുമുള്ള ഉത്തരവാദിത്തം ഓരോ വ്യക്തിക്കുമുണ്ട്. മാലിന്യം കുറയ്ക്കാനുള്ള വഴികളും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.
സാമ്പത്തിക നഷ്ടം സഹിക്കേണ്ടി വരുന്നതുകൊണ്ടാണ് കേരളത്തില്‍ കൃഷിചെയ്യാന്‍ ആളുകള്‍ മുമ്പോട്ടു വരാത്തതെന്ന് കാര്‍ഷികപദ്ധതി ഉദ്ഘാടനം ചെയ്ത നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. ഇടനിലക്കാരും കച്ചവടക്കാരും കര്‍ഷകന്റെ കണക്കുകൂട്ടലുകള്‍ പലപ്പോഴും തെറ്റിക്കുന്നു. ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതെ കൃഷി ലാഭകരമാക്കാനാവില്ല.  ചൈന പോലുള്ള രാജ്യങ്ങളില്‍ ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ മൂലമാണ് കൃഷി സാമ്പത്തികമായി ലാഭം നല്കുന്ന തൊഴിലായി മാറിയത്. കര്‍ഷകനോട് സമൂഹത്തിനുള്ള മനോഭാവവും മാറ്റണം. കൂടുതല്‍ ബഹുമാന്യത ഈ തൊഴിലിന് ലഭിക്കണമെന്നും ശ്രീനിവാസന്‍ പറഞ്ഞു.  നേച്ചര്‍ എക്കോ-ഫ്രെന്റ്‌ലി സയന്‍സ് പ്രകാരമുള്ള, മണ്ണിനെ കൂടുതല്‍ ഫലഭൂയിഷ്ഠമാക്കുന്ന കൃഷിരീതി അവലംബിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കുമെന്നും ഇത്തരം രീതികള്‍ കേരളത്തില്‍ പരീക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൃഷിയോടൊപ്പം നാടന്‍ പശുവളര്‍ത്തലും പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
ജലസാക്ഷരതയ്ക്കും മാലിന്യമുക്ത സംസ്ഥാനത്തിനുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മാലിന്യസംസ്‌കരണപദ്ധതി ഉദ്ഘാടനം ചെയ്ത പി.ടി.തോമസ് എംഎല്‍എ പറഞ്ഞു. നഗരം മാലിന്യമുക്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതോടെ നാടിന്‍റെ മുഖച്ഛായതന്നെ മാറുമെന്നും പി.ടി.തോമസ് പറഞ്ഞു.
നാടിനെ മാലിന്യമുക്തമാക്കുന്നതിലും പരിസ്ഥിതി സംരക്ഷണത്തിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് വലിയപങ്കു വഹിക്കാനാവുമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഇതെക്കുറിച്ചുള്ള അവബോധം വളര്‍ത്തേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
15000 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് മൂന്നു സെന്റില്‍ വീതം കൃഷി ചെയ്യുന്നതിനായുള്ള തൈ വിതരണം, സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള വിത്ത് വിതരണം എന്നിവയുടെയും ഉദ്ഘാടനം മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിച്ചു.
കവി ചെമ്മനം ചാക്കോയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. മാലിന്യനിര്‍മാര്‍ജനത്തിനായി പ്രായോഗിക കര്‍മപദ്ധതി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളില്‍ 1525-ഉം മുനിസിപ്പാലിറ്റിയില്‍ 592-ഉം കോര്‍പറേഷനില്‍ 72-ഉം പദ്ധതികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ഭാരത് മാതാ കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ കാക്കനാട് നഗരകേന്ദ്രത്തിലെ മാലിന്യം നീക്കം ചെയ്യുകയും ചെയ്തു.
ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശ സനല്‍ അദ്ധ്യക്ഷയായിരുന്നു. മേയര്‍ സൗമിനി ജെയിന്‍, ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള, മുന്‍ എംപി പി.രാജീവ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ മുത്തലിബ്, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ അദീല അബ്ദുള്ള, അസിസ്റ്റന്‍റ്  കളക്ടര്‍ രേണുരാജ്, എഡിഎം സി.കെ.പ്രകാശ്, തൃക്കാക്കര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.കെ.നീനു, വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്. ജില്ലാ പഞ്ചായത്തംഗം പി.എസ്.ഷൈല  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, റസിഡന്‍റ്സ് അസിയേഷനുകള്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ, ക്ലബ്ബുകള്‍ തുടങ്ങി  സമൂഹത്തിലെ സമസ്ത മേഖലകളില്‍ നിന്നും വിപുലമായ പ്രാതിനിധ്യമാണ് ജില്ലാതല ഉദ്ഘാടനചടങ്ങിലുണ്ടായിരുന്നത്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...