മെന്സ്ട്രുവല് കപ്പിന്റെ ഉപയോഗവും പ്രചാരവും വര്ദ്ധിപ്പിക്കണം : മന്ത്രി കെ.എന്. ബാലഗോപാല്
ചെലവേറിയതും പാരിസ്ഥിതിക പ്രശ്നങ്ങള് സൃഷ്ടിക്കുന്നതുമായ സാനിറ്ററി നാപ്കിനു പകരം മെന്സ്ട്രുവല് കപ്പിന്റെ ഉപയോഗവും പ്രചാരവും വര്ദ്ധിപ്പിക്കണമെന്ന് ധനമന്ത്രി കെ.എന്. ബാലഗോപാല്. വ്യക്തി ശുചിത്വം കൂടുതല് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. ഹരിതകേരളം മിഷന്റെ നേതൃത്വത്തില് ഇന്സിനറേറ്ററും മെന്സ്ട്രുവല് കപ്പും വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം വെളിയം ഗ്രാമപഞ്ചായത്തിലെ മുട്ടറ ഗവ. ഹയര് സെക്കണ്ടറി & വൊക്കേഷണല് ഹയര് സെക്കണ്ടറി സ്കൂളില് നിര്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സിന്തറ്റിക് നാപ്കിനുകള് ശാസ്ത്രീയമായി സംസ്കരിക്കുന്നതില് ഇന്സിനറേറ്ററിന് പ്രധാന പങ്കു വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന ബജറ്റില് ഇന്സിനറേറ്ററുകള്ക്കും മെന്സ്ട്രുവല് കപ്പിനും തുക മാറ്റി വച്ചത് രാജ്യത്താകെ ശ്രദ്ധ നേടിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്താദ്യമായി പരിസ്ഥിതി സൗഹൃദ ബജറ്റ് അവതരിപ്പിച്ച സംസ്ഥാനമാണ് കേരളമെന്നും അതില് ഉള്പ്പെട്ട പദ്ധതിക്കാണ് ഇന്ന് തുടക്കമായതെന്നും പദ്ധതി വിശദീകരണം നടത്തിയ ഹരിതകേരളം മിഷന് വൈസ് ചെയര്പേഴ്സണ് ഡോ. ടി.എന്. സീമ പറഞ്ഞു.
കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാ ദേവി ചടങ്ങില് അധ്യക്ഷത വഹിച്ചു. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രേഖ, ജില്ലാ പഞ്ചായത്ത് മെമ്പര് ഷിജു കുമാര്, വാര്ഡ് മെമ്പര്മാരായ വിഷ്ണു രവീന്ദ്രന്, പത്മാവതി അമ്മ, സ്കൂള് പ്രിന്സിപ്പല് എസ്. ശ്രീനിവാസന്, എച്ച്.എല്.എല്.ലൈഫ് കെയര് സീനിയര് മാനേജര് രത്നാകര് ഗുപ്ത,കൊല്ലം ജില്ലാ കളക്ടര് ദേവീദാസ്, എച്ച്.എല്.എല് ഡെപ്യൂട്ടി ജനറല് മാനേജര് നവീന് തുടങ്ങിയവര് സംസാരിച്ചു. മെന്സ്ട്രുവല് കപ്പ് ഉപയോഗം, ഇന്സിനറേറ്റര് ഉപയോഗം എന്നിവ സംബന്ധിച്ച് പഠന ക്ലാസും നടന്നു.














