ഹരിതകേരളം മിഷന്‍

ശുചിത്വ – മാലിന്യ സംസ്‌കരണം, മണ്ണ് – ജല സംരക്ഷണം, ജൈവകൃഷി രീതിയ്ക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുളള കൃഷിവികസനം എന്നീ മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഹരിത കേരളം മിഷന്‍. ജനപങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടുകളില്‍ നടപ്പാക്കുക. പൗരസമിതികള്‍, ബഹുജന സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍, വിദ്യാഭ്യാസ-ആരോഗ്യസംരക്ഷണ-ക്ഷേമ പ്രവര്‍ത്തന രംഗങ്ങളിലെ ജനകീയ കൂട്ടായ്മകള്‍, സഹകരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, മതസ്ഥാപനങ്ങള്‍, കമ്പനികള്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടേയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാങ്കേതികസഹായം, സന്നദ്ധ സേവനം, സാമ്പത്തിക സഹായം തുടങ്ങി ബഹുവിധ സഹായസഹകരണങ്ങള്‍ സമാഹരിച്ചുകൊണ്ടാണ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.
ഇതിനായി താഴെപ്പറയുന്ന മൂന്ന് തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമായി സംയോജിപ്പിക്കണം.
 1. മിഷനുകളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുവേണ്ടി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാവര്‍ത്തികമാക്കുകയും അതിലൂടെ തദ്ദേശ ഭരണ സ്ഥാപന പ്രദേശത്തിന് വേണ്ടി ഒറ്റ പദ്ധതി (Single Plan) തയ്യാറാക്കുകയും തുടര്‍ന്ന് പദ്ധതിയിലെ വിവിധ ഘടകങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും നിര്‍വഹണം നടത്തുകയും ചെയ്യുക.
 2. വകുപ്പുകളുടെ കീഴില്‍ പ്രത്യേകമായി തയ്യാറാക്കുന്ന കേന്ദ്ര/സംസ്ഥാന പദ്ധതികളും വിഭവങ്ങളും കഴിയുന്നിടത്തോളം ഈ പദ്ധതിയുമായിസംയോജിപ്പിക്കണം.
 3. പൊതുസമൂഹത്തിന്റെ നേതൃത്വത്തിലും സഹായത്തിലും രൂപപ്പെടുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും ഈ പൊതുപദ്ധതിയുമായി സംയോജിപ്പിക്കും.
ഇത്തരത്തില്‍ പൊതുപദ്ധതി രൂപപ്പെടുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടേയും ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കുന്നതാണ്. മാത്രമല്ല ഇവയ്ക്കുവേണ്ടി സാങ്കേതികവിദ്യയും സാങ്കേതിക സഹായവും മിഷനുകളുടെ സഹായസംവിധാനങ്ങളിലൂടെ ആവശ്യാനുസരണം ലഭ്യമാക്കുന്നതുമാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, വലിയ തോതില്‍ ബഹുജനങ്ങളെ അണിനിരത്തി, വരുന്ന 5 വര്‍ഷം കൊണ്ട് നിശ്ചിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് വിഭാവനം ചെയ്തിട്ടുളളത്.
ലക്ഷ്യങ്ങള്‍
കേരളത്തിന്റെ സവിശേഷതകളായി പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഹരിത കേരള മിഷന്റെ മുഖ്യ ലക്ഷ്യങ്ങള്‍. കാലാവസ്ഥാ വ്യതിയാനം പോലെയുളള പുതിയ വെല്ലുവിളികള്‍ നേരിടുന്നതിനുളള പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മിഷന്‍ ലക്ഷ്യമിടുന്നു.
ഹരിതകേരളം മിഷന്റെ പൊതുവായ ലക്ഷ്യങ്ങള്‍
 1. ഭൂമിയും മണ്ണും ജലവും വായുവും മലിനമാക്കാതെ വികസനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ജലസാന്നിധ്യം സ്രോതസ്സുകളില്‍ എല്ലാസമയവും ഉറപ്പാക്കുവാന്‍ ആവശ്യമുളള പാരിസ്ഥിതിക പുന:സ്ഥാപന പ്രവര്‍ത്തികള്‍ കണ്ടെത്തി നിര്‍വ്വഹിക്കുന്നതിനും വകുപ്പുകളേയും തദ്ദേശഭരണ സ്ഥാപനങ്ങളേയും സമൂഹത്തേയും പ്രാപ്തരാക്കുക.
 2. പാരിസ്ഥിതിക സുരക്ഷയും ഉത്പാദനക്ഷമതയും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുകൊണ്ടുളള സംയോജിത പദ്ധതി രൂപീകരിക്കുന്നതിന് പ്രേരകശക്തിയായി പ്രവര്‍ത്തിക്കുക.
 3. ശുചിത്വ-മാലിന്യസംസ്‌കരണ മേഖലയിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുക, ജനപങ്കാളിത്തത്തോടെ ശാസ്ത്രീയ മാലിന്യ സംസ്‌കരണം ഉറപ്പാക്കുക.
 4. മഴവെളളസംഭരണം വ്യാപകമാക്കുക, ഭൂഗര്‍ഭജലസംപോഷണം ഉറപ്പാക്കുക.
 5. ഫലവൃക്ഷങ്ങള്‍, വിവിധോദ്ദേശ്യ മരങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവ വ്യാപകമായി വച്ചുപിടിപ്പിക്കുക.
 6. ജലവും, മണ്ണും ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുകയും ശാസ്ത്രീയമായി വിനിയോഗിക്കുകയും സുസ്ഥിരമായി പരിപാലിക്കുകയും ചെയ്യുക.
 7. വ്യാപകമായി ഉപകാരപ്രദമായ മരങ്ങള്‍ വച്ച് പിടിപ്പിച്ച് സംസ്ഥാനത്തൊട്ടാകെ ഹരിതാവരണം സൃഷ്ടിക്കുക.
 8. താഴെത്തട്ടില്‍ സേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട ഏകോപനവും ലഭ്യമായ വിഭവങ്ങളുടേയും ശാസ്ത്രീയ വിനിയോഗവും പരിപാലനവും ഉറപ്പാക്കുക.
 9. സ്ഥാപനതല-വ്യക്തിഗത സാമൂഹ്യ പ്രതിദ്ധതാ വിഭവങ്ങളുടേയും ജനകീയ സ്രോതസ്സുകളുടേയും സംയോജനം സാധ്യമാക്കുക.
ഹരിതകേരളം മിഷന്റെ പൊതുവായ പ്രവര്‍ത്തനസമീപനം
 1. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും അവയുടെ വിനിയോഗം, പരിപാലനം, സംരക്ഷണം എന്നിവകളില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുക.
 2. ശുചിത്വ മാലിന്യ സംസ്‌കരണം, കൃഷി, ജലവിഭവം എന്നീ വകുപ്പുകളുടേയും ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ഫലപ്രദമായി സമന്വയിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക എന്ന സമീപനമായിരിക്കും ഹരിതകേരളം മിഷന്‍ സ്വീകരിക്കുക.
 3. ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയിലും കാര്‍ഷിക മേഖലയിലും ജലവിഭവ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും സാങ്കേതിക പ്രാപ്തിയും സഹായങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുളള സാഹചര്യം സൃഷ്ടിക്കുക.
 4. ശുചിത്വ-മാലിന്യ സംസ്‌കരണം, കൃഷി, ജലവിഭവം എന്നീ മേഖലകളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന സങ്കീര്‍ണ്ണമായ പശ്‌നങ്ങള്‍ പഠിച്ച് അനുയോജ്യ സാങ്കേതിക വിദ്യയുള്‍പ്പെടെയുളള സാധ്യതകള്‍ പ്രയോജനപ്പെടുത്തി അവ പരിഹരിക്കുക.
 5. പ്രാഥമിക ഉത്പാദനം, ജലവിഭവം, ശുചിത്വ – മാലിന്യ സംസ്‌കരണം എന്നീ മേഖലകളില്‍ തയ്യാറാക്കുന്ന വിശദമായ പദ്ധതി രേഖകളുടെ സംയോജിതവും ഏകോപിതവുമായ നിര്‍വ്വഹണം തദ്ദേശ സ്വയം ഭരണസ്ഥാപനതലത്തില്‍ സാധ്യമാക്കുക.
 6. ജലസ്രോതസ്സുകള്‍ക്കുചുറ്റും കാര്‍ഷിക പ്രവര്‍ത്തനങ്ങളും തണ്ണീര്‍ത്തട വികസന പരിപാടികളും മറ്റ് ജലവിനിയോഗ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുക.
 7. കേരളത്തില്‍ ലഭ്യമായിട്ടുളള സാങ്കേതിക വൈദഗ്ദ്ധ്യവും പ്രാദേശിക അറിവുകളും വികസന പ്രവര്‍ത്തനങ്ങളില്‍ അനുയോജ്യമായി പരമാവധി ഉപയോഗപ്പെടുത്തുക.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...