513 തദ്ദേശസ്ഥാപനങ്ങൾ ക്ലീൻ ക്ലീൻ; ശുചിത്വ പദവിയിലേക്ക് 470 പഞ്ചായത്തുകളും 43 നഗരസഭകളും
സംസ്ഥാനത്തെ 513 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിലേക്ക്. 470 പഞ്ചായത്തുകളും 43 നഗരസഭകളുമാണ് നേട്ടം കൈവരിച്ചത്. 30 ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ പഞ്ചായത്തുകളും ശുചിത്വ പദവി നേടി. ശുചിത്വ പദവിയുടെ പ്രഖ്യാപനം അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സർക്കാരിന്റെ 12 ഇന പരിപാടിയുടെ ഭാഗമായി ഹരിത കേരളം മിഷനാണ് പദ്ധതി തയ്യാറാക്കിയത്. പദവി നേടിയ പഞ്ചായത്തുകളുടെ എണ്ണത്തിൽ തിരുവനന്തപുരം ജില്ലയും (52) നഗരസഭയിൽ മലപ്പുറം ജില്ലയും (ഏഴ്) ആണ് മുന്നിൽ. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ അഞ്ചുവീതം നഗരസഭകളും കൊല്ലം ജില്ലയിൽ 49 പഞ്ചായത്തും കോട്ടയം ജില്ലയിൽ 49 പഞ്ചായത്തും പദവി നേടി. വയനാട് ജില്ലയിൽ 14 പഞ്ചായത്തും ഒരു നഗരസഭയുമാണ് നേട്ടം കൈവരിച്ചു.
ജൈവ മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുകയും അജൈവ മാലിന്യം സംസ്കരിക്കാൻ പദ്ധതി തയ്യാറാക്കുകയുമാണ് പ്രധാന ലക്ഷ്യം. നൂറിൽ 60ൽ കൂടുതൽ മാർക്ക് ലഭിച്ചവർക്കാണ് പദവി. 2021 മാർച്ചിൽ 500 പഞ്ചായത്തുകളെയും 50 നഗരസഭകളേയും പദവിയിലെത്തിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.