നീലേശ്വരം ഇനി തരിശുരഹിത നഗരം
നീലേശ്വരം നഗരസഭയെ സമ്പൂർണ തരിശുരഹിത നഗരസഭയായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പ്രഖ്യാപിച്ചു. വേറിട്ട പ്രവർത്തനങ്ങളിലൂടെയാണ് നീലേശ്വരം തരിശു രഹിത നഗരസഭയായി മാറിയത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ സർവ്വേ നടത്തി കണ്ടെത്തിയ 42 ഏക്കർ സ്ഥലത്തും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 15.2 ഹെക്ടർ സ്ഥലത്തുമാണ് നീലേശ്വരം നഗരസഭയുടെ വിപുലമായ കൃഷി ആരംഭിച്ചത്. നെല്ല്, കിഴങ്ങ്, ചെറുധാന്യങ്ങൾ, പയർ, പച്ചക്കറി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. തനത് സംരംഭമായ ‘വിത്തും കൈക്കോട്ടും’ വഴി 12000 വീടുകളിലേക്ക് അഞ്ച് ഇനത്തിൽപെട്ട 15 വിത്ത് കിറ്റുകളും ടിഷു കൾച്ചർ വാഴകളും ലഭ്യമാക്കി. കൂടാതെ വിത്ത് നഗരം പദ്ധതിയുടെ ഭാഗമായി കാർഷിക സർവകലാശാലയുടെ അഞ്ച് ഏക്കർ നിലത്ത് കൃഷിക്കുള്ള വിത്ത് ഉല്പാദിപ്പിക്കുന്നു.
എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ വി ഗൗരി, എ കെ കുഞ്ഞികൃഷ്ണൻ, തോട്ടത്തിൽ കുഞ്ഞികൃഷ്ണൻ, പി വി രാധാകൃഷ്ണൻ, കെ ബാലകൃഷ്ണൻ, എം അസിനാർ, എം രാധാകൃഷ്ണൻ നായർ, ഇബ്രാഹിം പറമ്പത്ത്, വെങ്ങാട്ട് കുഞ്ഞിരാമൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത് തുടങ്ങിയവർ സംസാരിച്ചു. ചെയർമാൻ പ്രൊഫ. കെ പി രാജൻ ജയരാജൻ സ്വാഗതം പറഞ്ഞു. ജില്ലാ ഹരിത മിഷൻ കോ-ഓഡിനേറ്റർ എം സുബ്രമണ്യൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ പി പി കപിൽ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി സി കെ ശിവജി നന്ദി പറഞ്ഞു.