വാര്‍ത്തകള്‍

07
Dec

നവകേരള സൃഷ്ടിക്കുതകുന്ന പദ്ധതികൾക്ക് തദ്ദേശസ്ഥാപനങ്ങൾ ഊന്നൽനൽകണം : മുഖ്യമന്ത്രി

നവകേരള സൃഷ്ടിക്കുതകുന്ന പദ്ധതികൾക്ക് തദ്ദേശസ്ഥാപനങ്ങൾ ഊന്നൽനൽകണം : മുഖ്യമന്ത്രി

തദ്ദേശസ്ഥാപനങ്ങളുടെ 2019-20ലെ വാർഷിക പദ്ധതി തയ്യാറാക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണെന്നും ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളം കർമ്മപദ്ധതി ശിൽപശാലയുടെ സംസ്ഥാനതല ഉദ്ഘാടനം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

2017-18 ൽ 90 ശതമാനത്തിലധികം പദ്ധതി ചെലവ് കൈവരിക്കാൻ സംസ്ഥാനത്തിനായി. പ്രളയം സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും 2018-19 ൽ ഇതുവരെ 45 ശതമാനം പദ്ധതിചെലവ് കൈവരിക്കാനായി. നവകേരള സൃഷ്ടിക്ക് ഊന്നൽ നൽകിയാവണം തദ്ദേശസ്ഥാപനങ്ങൾ പദ്ധതികൾ തയ്യാറാക്കേണ്ടത്. ഇവ ഗുണനിലവാരമുള്ള പദ്ധതികളായിരിക്കണം.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം എല്ലാ ജില്ലകളിലും ജില്ലാ പദ്ധതികൾ തയ്യാറാക്കാനായി. തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തു നിന്ന് ഇതിന് നല്ല ഇടപെടലുണ്ടായി. വികസനത്തിന് ആസൂത്രണത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഇത് നിലനിറുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന വിജയം ആസൂത്രണത്തിന്റെ പ്രാധാന്യം തെളിയിക്കുന്നു.

കാലാനുസൃതമായ പുരോഗതി നാടിന് നേടിയെടുക്കേണ്ടതുണ്ട്. പുതിയ കേരളം സൃഷ്ടിക്കാൻ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാവുകയും പുതിയ നിക്ഷേപങ്ങൾ വരികയും വിവിധ മേഖലകളെ മാറ്റുന്ന വിധത്തിൽ പ്രവർത്തനം വ്യാപകമാക്കാനുമാവണം. ഇതോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളിലെ നിലവിലെ പദ്ധതികൾ ശക്തിപ്പെടുത്തണം. നവകേരളം നിർമിതിയുമായി മിഷൻ പ്രവർത്തനങ്ങൾ എങ്ങനെ യോജിപ്പിക്കാമെന്ന് ഗൗരവമായി ചിന്തിക്കണം.

മാലിന്യ സംസ്‌കരണത്തിൽ തദ്ദേശസ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്. തദ്ദേശസ്ഥാപന പരിധിയിൽ ഒരു അറവുശാലയുണ്ടെങ്കിൽ അതിന് മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഉണ്ടായിരിക്കണം. സദ്യ നടത്തുമ്പോൾ വരുന്ന മാലിന്യം സംസ്‌കരിക്കാൻ സംവിധാനമുണ്ടോയെന്ന് ചിന്തിക്കണം. ഹോട്ടലുകളിലെയും ആശുപത്രികളിലെയും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ പരിശോധിക്കണം. തദ്ദേശസ്ഥാപനങ്ങൾ അത്തരം പരിശോധനകളുമായി ഗൗരവമായി മുന്നോട്ടു നീങ്ങണം. ഇതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. ഹോട്ടലുകളിൽ വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കണം. അവരോട് ഒരു വിരോധവുമില്ല. നാടിന് അവരെല്ലാം ആവശ്യമാണ്. എന്നാൽ നല്ലതല്ലാത്ത ഭക്ഷണം വിളമ്പുന്നത് തടയണം. ബന്ധപ്പെട്ട വകുപ്പുകളും ഇതെല്ലാം ഗൗരവത്തോടെ കാണണം. വഴിയിൽ കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത് മാത്രമല്ല ശുചീകരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജലവിനിയോഗത്തിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കുടിവെള്ളം പച്ചക്കറിത്തോട്ടത്തിൽ ഉപയോഗിക്കുന്ന രീതി മാറണം. കുളിക്കുന്ന വെള്ളം തോട്ടത്തിലേക്ക് തിരിച്ചുവിട്ട് ഉപയോഗിക്കണം. ഇതിലും തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ അനിവാര്യമാണ്.

സ്വന്തമായി ഭൂമിയില്ലാത്തവർക്ക് വീട് വച്ചു നൽകുന്ന പദ്ധതിക്ക് ഈ വർഷം തുടക്കം കുറിക്കണം. ഓരോ ജില്ലയിലും ഒരു പൈലറ്റ് പദ്ധതി നടപ്പാക്കണം. ഇതിനായി പ്രാദേശിക സ്പോൺസർഷിപ്പ് ഉപയോഗപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങളാണ് ഇതിന് നേതൃത്വം വഹിക്കേണ്ടത്. ഭൂമിയുള്ള ഭവനരഹിതർക്കായി 50,000 വീടുകളുടെ നിർമാണം ആരംഭിച്ചു. തണ്ണീർത്തടം, സി. ആർ. സെഡ് പ്രശ്നങ്ങൾ ജില്ലാ കളക്ടർമാരുമായി ബന്ധപ്പെട്ട് പരിഹരിക്കണം.

2.20 ലക്ഷം ഹെക്ടർ തരിശു സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിച്ചു. 70,000 ഹെക്ടറിൽ പച്ചക്കറി കൃഷി വ്യാപിപ്പിച്ചു. 2.87 കോടി വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു. എല്ലായിടവും തരിശുരഹിത പ്രദേശമാക്കി മാറ്റാൻ ശ്രമം ഉണ്ടാവണം. നദികളിലെ മാലിന്യ നിക്ഷേപം തടയാൻ ഫലപ്രദമായ ബോധവത്കരണം നടത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. കെ. ശൈലജ ടീച്ചർ, പ്രൊഫ. സി. രവീന്ദ്രനാഥ്, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ വി. കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, നവകേരളം കർമ്മപദ്ധതി കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ചീഫ് സെക്രട്ടറി ടോംജോസ്, മേയേഴ്സ് കൗൺസിൽ പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ. തുളസീഭായി പത്മനാഭൻ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെൻ അധ്യക്ഷൻ വി. വി. രമേശൻ, ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ആർ. സുഭാഷ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ വിശ്വാസ് മേത്ത, പി. എച്ച്. കുര്യൻ, ടി. കെ. ജോസ്, ആസൂത്രണ ബോർഡ് അംഗം ഡോ. കെ. എൻ. ഹരിലാൽ, ഹരിതകേരളം മിഷൻ ഉപാധ്യക്ഷ ഡോ. ടി. എൻ. സീമ, സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി. എസ്. രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...