വാര്‍ത്തകള്‍

05
Jun

ലോക പരിസ്ഥിതി ദിനം: കേരളം ഒരു കോടി വൃക്ഷതൈകള്‍ നടും

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ഇന്ന് (ജൂണ്‍ അഞ്ച്) സംസ്ഥാനത്ത് 1 കോടി വൃക്ഷതൈകള്‍ നടും. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കിയത്. വിദ്യാലയങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ എന്നിവ ഇതില്‍ പങ്കാളികളാകും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വൃക്ഷവത്ക്കരണ പരിപാടിയില്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. പ്രകൃതിയുമായി ഒത്തുചേരാന്‍ ഒന്നിക്കൂ എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനസന്ദേശം. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം മറ്റ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവ പ്രകൃതിയില്‍ ഉണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത്തരം സംരംഭങ്ങള്‍ക്ക് മാത്രമേ സാധിക്കു. കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിതാഭയും കാര്‍ഷിക സംസ്‌കൃതിയും തിരിച്ചുപിടിക്കാനുളള ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് വൃക്ഷതൈകള്‍ നടുന്നത്. തൈകളുടെ ശേഖരണവും മെച്ചപ്പെട്ട പരിപാലനവും അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. നഴ്‌സറികളില്‍ ഔഷധ സസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍, തദ്ദേശീയ ഇനങ്ങള്‍ എന്നിവക്ക് പ്രാമുഖ്യം നല്‍കി വളര്‍ത്തിയ തൈകളാണ് വിതരണം ചെയ്തിട്ടുളളത്. മുരിങ്ങ, സീതപ്പഴം, വീട്ടി, തേക്ക്, കുന്നിവാക, നെല്ലി, ഇലഞ്ഞി, താന്നി, അശോകം, മാവ്, കണിക്കൊന്ന, ഞാവല്‍, കമ്പകം, നീര്‍മരുത്, ചന്ദനം, വേങ്ങ, കറിവേപ്പ്, മണിമരുത്, കുമ്പിള്‍, പൂവരശ് തുടങ്ങി ഫലവൃക്ഷഔഷധയിനത്തില്‍പ്പെട്ട നൂറോളം ഇനം വൃക്ഷങ്ങളാണ് ഇത്തവണ നടുന്നത്. ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കും. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പരിപാടിക്കും ഇന്ന് (ജൂണ്‍ 5) തുടക്കം കുറിക്കും. വൃക്ഷവത്ക്കരണ പദ്ധതികള്‍ക്കുപുറമെ മണ്ണിനേയും ജലസ്രോതസ്സുകളേയും മാലിന്യമുക്തമാക്കാനും പരിസര മലിനീകരണം തടയാനുമുളള നടപടികളും ഉണ്ടാകും. ഓരോ വിദ്യാര്‍ഥിക്കും ഓരോ മരം എന്ന രീതിയില്‍ 47 ലക്ഷത്തോളം മരങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വഴിയാണ് ഒരുക്കിയിട്ടുളളത്. അവ കുട്ടികള്‍ വീട്ടുമുറ്റത്ത് വളര്‍ത്തി പരിപാലിക്കണമെന്നാണ് നിര്‍ദേശം. വീട്ടുമുറ്റത്ത് മരം വളര്‍ത്താന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ വളപ്പിലോ പൊതുസ്ഥലത്തോ മരം വളര്‍ത്താനുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ചെയ്തുകൊടുക്കും. കുട്ടികള്‍ മരം നന്നായി പരിപാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. നന്നായി പരിപാലിക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈ നല്‍കുന്ന പരിപാടി ‘മഴക്കൊയ്ത്ത്’ എന്ന പേരിലാണ് നടപ്പാക്കുന്നത്. ജൂണ്‍ മാസം കേരളത്തില്‍ വൃക്ഷത്തൈ നടല്‍ മാസമായി മാറ്റാനാണ് പരിപാടി. കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലത്ത് അതത് സ്ഥാപനങ്ങളുടെ സഹകരണത്തോടെ മരം വെച്ചുപിടിപ്പിക്കും. ഫലവൃക്ഷങ്ങള്‍, വിവിധോദ്ദേശ്യ മരങ്ങള്‍, ഔഷധ സസ്യങ്ങള്‍ എന്നിവ വ്യാപകമായി വെച്ചുപിടിപ്പിക്കുക എന്നത് ഹരിതകേരളം മിഷന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനും ജലസമൃദ്ധി വീണ്ടെടുക്കാനും കേരളത്തെ ഹരിതാഭമാക്കാനും ജനകീയ പങ്കാളിത്തത്തോടെ വ്യാപകമായി മരം വളര്‍ത്തണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...