പൂക്കളും പച്ചപ്പുമായി മെട്രോ സ്റ്റേഷനുകള്‍
കൊച്ചി > ചെത്തിയും മന്ദാരവും നന്ത്യാര്‍വട്ടവും കൂടെ സിങ്കോണിയയും കലേഡിയയും. മനസ്സും കണ്ണും കുളിര്‍പ്പിച്ച് കൊച്ചി മെട്രോ സ്റ്റേഷനുകള്‍ ചെടികളും മരങ്ങളുംകൊണ്ട് അണിഞ്ഞൊരുങ്ങുകയാണ്.
ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള 13 സ്റ്റേഷനുകളാണ് പച്ചപ്പട്ടണിയുന്നത്. ആലുവ, പുളിഞ്ചുവട്, കളമശേരി, കുസാറ്റ് സ്റ്റേഷനുകളിലെ ചെടിപിടിപ്പിക്കല് പൂര്‍ത്തിയായി. തൂണുകളിലും മീഡിയനുകളിലും പാര്ശ്വഭാഗങ്ങളിലുമാണ് ഇന്‍ഡോര്‍ ചെടിയിനങ്ങള്‍ പിടിപ്പിക്കുന്നത്. 15 വര്‍ഷംവരെ നശിക്കാത്ത ചെടിയിനങ്ങളാണ് ഇത്. സ്റ്റേഷനുകളിലെ രണ്ട് തൂണുകളില്‍ വെര്‍ട്ടിക്കല്‍ ഗാര്ഡന് രീതിയിലാണ് സജ്ജീകരണം. ഓസ്ടേലിയന്‍ നിര്‍മിത ഫ്ളോറ ഫെല്റ്റ് തുണിയില്‍ നിര്‍മിച്ച പോക്കറ്റുകളിലാണ് ചെടികള്‍ പിടിപ്പിച്ചത്. വെള്ളം തടഞ്ഞുനിര്‍ത്താന്‍ കഴിവുള്ള ഈ പോക്കറ്റുകള്‍ 25 വര്‍ഷംവരെ നിലനില്ക്കും. ഒരു ചതുരശ്ര അടിക്ക് 12,000 രൂപയാണ് ചെലവ്. കേരളത്തില്‍ ആദ്യമായാണ് ഇവ ഉപയോഗിക്കുന്നതെന്ന് കരാറുകാരന് എം ആര് ചന്ദ്രന്‍പിള്ള പറഞ്ഞു.
തൂണുകളില്‍ ഇരുമ്പുപട്ട ഘടിപ്പിച്ച് അതിലാണ് പോക്കറ്റുകള്‍ സ്ഥാപിച്ചത്. ഓരോ തൂണിലും 440 ചതുരശ്ര അടിവീതം ചെടികളുണ്ട്. സിങ്കോണിയ, മണിപ്ളാന്റ്, അരേലിയ, ഓസ്ട്രേലിയന്‍ ഗ്രാസ്, റെഡ് സെലോസിയ, കലേഡിയ എന്നിവയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനെ അലങ്കരിക്കുന്നത്.
ജലസേചനത്തിന് ഡ്രിപ്പ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. റോഡിന് നടുവിലെ മീഡിയനില്‍ 130 മീറ്ററിലാണ് പൂന്തോട്ടം. ഫിഗസ് ബെഞ്ചാമിന, സ്റ്റാന്നെറ്റ്, ഡ്രെസീനിയ, അലാമന്ഡ, ഹെലികോണിയ, കലേഡിയ, നന്ദ്യാര്‍വട്ടം, ലാന്റാന, ചെത്തി, മന്ദാരം, അരളി, ഫിംഗര്‍ പാം, ഹൈബ്രിഡ് മരങ്ങള്‍, കോളാമ്പി, മഞ്ഞ ഇല്ലി എന്നിവയും മീഡിയനിലും സ്റ്റേഷന്റെ വശങ്ങളിലും പിടിപ്പിച്ചിട്ടുണ്ട്.