വാര്‍ത്തകള്‍

05
May

ആകാശവാണി… വയലും വീടും @ 50

സംസ്ഥാനത്തിന്റെ കാര്‍ഷികസംസ്‌കാരം വീണ്ടെടുക്കാനുള്ള തിരിഞ്ഞുനടത്തം ആവശ്യമാണെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആകാശവാണിയുടെ ‘വയലും വീടും’ പരിപാടിയുടെ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് ‘കര്‍ഷകന് സുരക്ഷ, കേരളത്തിന് ഭക്ഷ്യ സുരക്ഷ’ എന്ന വിഷയത്തില്‍ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നും സന്ധ്യാനേരത്ത് കൃത്യം 6.50ന് ആകാശവാണിയിലൂടെ തലമുറകളുടെ ഗൃഹാതുരസ്മരണകളെ തഴുകിയുണര്‍ത്തുന്ന വയല്‍ക്കാറ്റുപോലെ ആ മുദ്രാഗാനം ഒഴുകിയെത്തും. പിന്നെ ഒരറിയിപ്പ്. ആകാശവാണി… വയലും വീടും പരിപാടിയിലേക്ക് സ്വാഗതം. ആരാണ് രചന നിര്‍വഹിച്ചതെന്നുപോലും രേഖപ്പെടുത്തിയിട്ടില്ലാത്ത ആ നാദശകലത്തിന് വയസ്സ് അമ്പതായി. എല്ലാ ദിവസവും സന്ധ്യക്ക് മലയാളികളെ ഒരു ചരടിലെന്നപോലെ കോര്‍ത്തുകെട്ടുന്ന ആകാശവാണിയുടെ അരമണിക്കൂര്‍ കാര്‍ഷികപരിപാടിയായ വയലും വീടും ആരംഭിച്ചിട്ട് വ്യാഴാഴ്ച 50 വര്‍ഷം തികയുന്നു. ടെലിവിഷന്‍ ചാനല്‍ ലൈവ്ഷോകളെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയാത്ത കാലത്ത് ആകാശവാണി തുടക്കമിട്ട മെഗാപരമ്പര. അരനൂറ്റാണ്ടായി ഒരുദിവസംപോലും മുടക്കമില്ലാതെ സംപ്രേഷണംചെയ്യുന്ന ഏകപരിപാടി.

കേരളമൊട്ടാകെ അന്നും ഇന്നും ഒരുപോലെ വയലുംവീടും കേള്‍ക്കാന്‍ കാതുകൊടുക്കുന്നു. ഗ്രാമ്യനന്മയുടെയും കാര്‍ഷികസമൃദ്ധിയുടെയും നാട്ടുവെളിച്ചം പരന്നുകിടക്കുന്ന ഇടവഴികളിലെ തേക്കുപാട്ടുകള്‍ക്കൊപ്പം അവര്‍ കൂട്ടമായി സഞ്ചരിക്കുന്നു. പഴയകാലത്തെ പ്രോഗ്രാമിലെ സുഹൃത്തുക്കളായ കുറുപ്പും വേലപ്പനും മുതല്‍ ഇന്ന് പുതുതലമുറയുടെ ഹൈടെക്, അക്വാപോണിക് കൃഷിവരെ തലമുറകളെ ബന്ധിപ്പിച്ചു കൊണ്ടുപോകുന്നു വയലും വീടും.
വയലും വീടും പരിപാടിയുടെ വാര്‍ഷികം സാധാരണ മൂന്നുനാലു ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ കാര്‍ഷികോത്സവമായാണ് സംഘടിപ്പിക്കാറ്. ഇത്തവണ സുവര്‍ണജൂബിലിയുടെ ഭാഗമായി എല്ലാ ജില്ലകളിലും കര്‍ഷകസംഗമവും സുവര്‍ണജൂബിലി ക്വിസും നടത്തും. ‘പുതിയ സര്‍ക്കാര്‍, പുതിയ പ്രതീക്ഷകള്‍’ എന്ന വിഷയത്തില്‍ സംവാദം നടത്തി കര്‍ഷകരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കും. ഇവ പിന്നീട് സമാഹരിച്ച് സംസ്ഥാനസര്‍ക്കാരിന് കൈമാറും. സംസ്ഥാനതല പരിപാടി ഡിസംബറില്‍ തിരുവനന്തപുരത്താണ്.

പത്രങ്ങള്‍ക്ക് പ്രചാരം കുറവായിരുന്ന കാലത്ത് മുഖ്യധാരാമാധ്യമം റേഡിയോ ആയിരുന്നു. ഫോണ്‍പോലും അപൂര്‍വം. വാഹനങ്ങള്‍ അങ്ങേയറ്റത്തെ ആഡംബരമായിരുന്ന അക്കാലത്ത്് വിവരങ്ങള്‍ അറിയാനുള്ള മാര്‍ഗം റേഡിയോമാത്രം. ഒരേസമയം, ഒരുപാട് പേരിലേക്ക് എത്താന്‍ കഴിയുന്ന റേഡിയോ സാധാരണക്കാരുടെ മാധ്യമമായത് സ്വാഭാവികം. ഗ്രാമത്തിലെ ചായക്കടയിലോ വായനശാലയിലോ ഉള്ള ഒറ്റ റേഡിയോക്ക് പരമാവധി പ്രേക്ഷകരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാജ്യം പഞ്ചവത്സരപദ്ധതിയിലൂടെ കാര്‍ഷികരംഗത്ത് വന്‍ പുരോഗതി ലക്ഷ്യമിട്ടപ്പോള്‍ പ്രചാരണത്തിന് സര്‍ക്കാര്‍ പ്രധാനമായി മുന്നില്‍കണ്ടത് ആകാശവാണിയെയായിരുന്നു. കാര്‍ഷികവാര്‍ത്തകള്‍ ഏറ്റവും വേഗത്തില്‍ കര്‍ഷകരിലെത്തിക്കാന്‍ ആകാശവാണിക്ക് കഴിയുമെന്ന് വിലയിരുത്തപ്പെട്ടു. രാജ്യത്തെ പത്തുനിലയങ്ങള്‍ക്കൊപ്പം 1966 ആഗസ്ത് 11ന് കേരളത്തില്‍ തൃശൂര്‍ നിലയത്തിലാണ് ആദ്യമായി വയലും വീടും പ്രക്ഷേപണം ആരംഭിച്ചത്. തുടര്‍ന്ന് 1972ല്‍ കോഴിക്കോടും 1988ല്‍ തിരുവനന്തപുരത്തും തുടങ്ങി.

കാര്‍ഷികരംഗത്ത് സമഗ്രമാറ്റങ്ങളുണ്ടാക്കിയ വിത്തുകളെയുംവളങ്ങളെയും സംയോജിത കീടനിയന്ത്രണത്തെയുമെല്ലാം സംബന്ധിച്ച കര്‍ഷകരുടെ ആശങ്കകളും സന്ദേഹങ്ങളും പരിഹരിച്ചത് വയലും വീടും പരിപാടിയാണ്. തേനീച്ച വളര്‍ത്തല്‍, നാളികേര ക്ളസ്റ്ററുകളുടെ രൂപീകരണം, തെങ്ങിന്റെ ചങ്ങാതിക്കൂട്ടം, ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതികളുടെ വ്യാപനം തുടങ്ങി ആധുനിക കാലത്ത് ഹൈടെക് കൃഷിവരെയുള്ള കാര്യങ്ങള്‍ നിരന്തരം ചര്‍ച്ചചെയ്യപ്പെട്ടു. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ കാര്‍ഷിക പുരോഗതിയുടെ ചരിത്രത്തില്‍നിന്ന് ആകാശവാണിയെയും വയലും വീടും പരിപാടിയെയും മാറ്റിനിര്‍ത്താന്‍ കഴിയില്ല. കാര്‍ഷികരംഗത്തെ നവംനവങ്ങളായ പ്രവണതകളെ അപ്പപ്പോള്‍ വീഴ്ചകളില്ലാതെ ജനങ്ങളിലെത്തിക്കാന്‍ വയലും വീടിനും കഴിഞ്ഞു. ചുരുക്കത്തില്‍ പത്രങ്ങളിലെ കാര്‍ഷികപേജുകളുടെ തുടക്കംതന്നെ വയലും വീടും പരിപാടിയെ പിന്‍പറ്റിയാണ്.
കാര്‍ഷികരംഗത്തെ പുത്തന്‍ കണ്ടുപിടിത്തങ്ങളും നേട്ടങ്ങളും വയലും വീടുംവഴി ജനങ്ങളിലെത്തി. പുതിയ വിത്തിനങ്ങളെ പരിചയപ്പെട്ടതും കൃഷിരീതികള്‍ സ്വായത്തമാക്കിയതും ഈ പരിപാടിവഴിയാണ്. പല പുതിയ വിത്തിനങ്ങളുടെയും പേരുകള്‍ ആദ്യമായി കര്‍ഷകര്‍ അറിഞ്ഞതുപോലും ആകാശവാണി വഴിയാണ്. അത്യുല്‍പ്പാദനശേഷിയുള്ള ഐആര്‍ എട്ടുപോലുള്ള നെല്‍വിത്തുകളെ കര്‍ഷകര്‍ സംശയത്തോടെ വീക്ഷിച്ചപ്പോള്‍ അത് പരിഹരിക്കാന്‍ ആകാശവാണി മുന്നില്‍നിന്നു. ആകാശവാണിയുടെ ഇടപെടല്‍ ഭീതിയകറ്റി. ആധുനിക കൃഷിരീതികളെ പരിചയപ്പെടാന്‍ അവര്‍ തയ്യാറായി. ആകാശവാണിവഴി പരിചയപ്പെട്ട വിത്തുകളെ കര്‍ഷകര്‍ വിളിച്ചത് റേഡിയോറൈസ് എന്നായിരുന്നു.

പ്രാരംഭഘട്ടത്തിലെപ്പോലെതന്നെ ഇപ്പോഴും വയലും വീടും പരിപാടിയുടെ ഉപദേശകസമിതി കൃത്യമായി ചേരാറുണ്ട്. മൂന്നുമാസത്തിലൊരിക്കല്‍ കേരളത്തിലെ ഏതെങ്കിലും വിദൂരകാര്‍ഷിക മേഖലയില്‍ ചേരുന്ന യോഗത്തില്‍ കര്‍ഷകരുടെ പ്രതിനിധികളും കൃഷിവകുപ്പ് വിദഗ്ധരും ആകാശവാണി ഉദ്യോഗസ്ഥരും സംബന്ധിക്കുന്നു. മൂന്നുമാസത്തെ പരിപാടികള്‍ വിലയിരുത്തുന്നതിനൊപ്പം അടുത്ത മൂന്നുമാസത്തെ പരിപാടികള്‍ തയ്യാറാക്കുകയും ആലോചനകള്‍ നടത്തുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ സോഷ്യല്‍ ഓഡിറ്റുതന്നെയാണിത്. സമൂഹത്തിലെ ഏറ്റവും പരമപ്രധാന ചുമതല നിര്‍വഹിക്കുന്ന കര്‍ഷകര്‍ക്ക് ആകാശവാണി എന്നും പ്രാധാന്യം നല്‍കി. ആകാശവാണിയില്‍ വിവിധപരിപാടിക്കെത്തുന്ന കൃഷിമന്ത്രിമുതല്‍ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്‍വരെയുള്ളവര്‍ക്ക് ഒരേ പരിഗണനയാണ്. അവര്‍ക്ക് നല്‍കുന്ന യാത്രപ്പടിപോലും തുല്യമാണ്.
പുതിയ തലമുറയെ കൃഷിയിലേക്ക് നയിക്കുന്നതില്‍ ആകാശവാണി നിര്‍ണായകസ്ഥാനമാണ് വഹിച്ചതെന്ന് 25 വര്‍ഷമായി തിരുവനന്തപുരം ആകാശവാണിയില്‍ വയലും വീടും പരിപാടിയുടെ അണിയറക്കാരനായ പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരന്‍ തഴക്കര പറഞ്ഞു.

അരനൂറ്റാണ്ടുമുമ്പുള്ള അതേ കൌതുകത്തോടെയാണ് ഇന്നും ജനങ്ങള്‍ ഈ പരിപാടിയെ വീക്ഷിക്കുന്നത്. കൂടാതെ ഇന്ത്യയില്‍ ആദ്യമായി തിരുവനന്തപുരം നിലയം കര്‍ഷകര്‍ക്കായി പ്രത്യേക വാര്‍ത്താബുള്ളറ്റില്‍ത്തന്നെ ആരംഭിച്ചു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ സഹകരണത്തോടെ 1974ലെ വിഷുദിനത്തിലായിരുന്നു തുടക്കം. ട്രങ്ക് കോള്‍ ബുക്ക് ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചാണ് കര്‍ഷകര്‍ക്കായി ഇത്തരം സേവനത്തിന് ആകാശവാണി തയ്യാറായത്. കര്‍ഷകര്‍ക്ക് എല്ലാ പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും നല്‍കുന്ന ഈ സേവനം ഏറെ അഭിനന്ദിക്കപ്പെടുന്നു. മാധ്യമങ്ങളെയും കര്‍ഷകരെയും ബന്ധിപ്പിക്കുന്ന സുപ്രധാനകണ്ണിയായും ഈ പരിപാടികള്‍ മാറി. അതുകൊണ്ടുതന്നെയാണ് വയലും വീടും ആകാശവാണിയുടെ പ്രൈംടൈമില്‍ ഇപ്പോഴും ഉയര്‍ന്ന റേറ്റിങ്ങില്‍ തുടരുന്നത്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...