വാര്‍ത്തകള്‍

02
May

കശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ ജനകീയകൃഷി

കേരളത്തിലെ കശുവണ്ടിവ്യവസായത്തില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിനു തൊഴിലാളികളുടെ നിലനില്‍പ്പിനും വ്യവസായം സംരക്ഷിക്കുന്നതിനും കശുവണ്ടിയുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ച് സ്വയംപര്യാപ്തത കൈവരിച്ചുകൊണ്ടുമാത്രമേ സാധ്യമാവുകയുള്ളൂ. ഇറക്കുമതി, വിലത്തകര്‍ച്ച, ഉല്‍പ്പാദനച്ചെലവിന്റെ വര്‍ധന എന്നിവമൂലം പല കൃഷികളും നഷ്ടത്തിലായിക്കൊണ്ടിരിക്കുമ്പോള്‍ ഉല്‍പ്പാനച്ചെലവ് കുറച്ച് ലാഭത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നാണ് കശുമാവുകൃഷി. വലിയ പരിചരണം കൂടാതെതന്നെ വളരുകയും മൂന്നാംവര്‍ഷംമുതല്‍ ആദായം ലഭിക്കുകയും ചെയ്യുന്നു. രാസവള പ്രയോഗങ്ങള്‍ ഇല്ലാതെ കൃഷിചെയ്യാന്‍ കഴിയുന്ന ഒന്നാണ് കശുമാവുകൃഷി.

പ്രോട്ടീന്‍ അംശം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന, ഒരു കലര്‍പ്പുമില്ലാത്ത ഭക്ഷ്യഉല്‍പ്പന്നമാണ് കശുവണ്ടിപ്പരിപ്പ്. ലോകത്തില്‍ ആദ്യമായി കശുവണ്ടിവ്യവസായം ആരംഭിക്കുന്നത് കൊല്ലത്താണ്- അതുകൊണ്ട് വിദേശമാര്‍ക്കറ്റുകളില്‍ കശുവണ്ടിപ്പരിപ്പ് ‘ഇന്ത്യന്‍’പരിപ്പ് എന്നാണ് അറിയപ്പെടുന്നത്. എഡി 1560-70 കാലത്താണ് കശുമാവ് കേരളത്തിലേക്ക് എത്തുന്നത്. 1920ലാണ് കശുവണ്ടിവ്യവസായം കൊല്ലത്ത് ആരംഭിക്കുന്നത്.

കേരളത്തിനുമാത്രം അവകാശപ്പെട്ടിരുന്ന കശുവണ്ടിയുടെ കുത്തക നഷ്ടപ്പെടാനുള്ള സാഹചര്യങ്ങളാണ് കാണുന്നത്. ലോക മാര്‍ക്കറ്റില്‍നിന്ന് കശുവണ്ടിവ്യവസായത്തിന്റെ കുത്തക സ്ഥാപിക്കാനും ലോകത്ത് ഏറ്റവും കൂടുതല്‍ പരിപ്പ് കമ്പോളത്തില്‍ ഇറക്കാനുമുള്ള തീവ്ര യജ്ഞത്തിലാണ് വിയറ്റ്നാം. നമ്മള്‍ വാങ്ങിക്കൊണ്ടിരുന്ന വിദേശമാര്‍ക്കറ്റുകളില്‍നിന്ന് തോട്ടണ്ടി വാങ്ങാന്‍ വിയറ്റ്നാമുമായി നമുക്ക് മത്സരിക്കേണ്ടതായി വരുന്നു. വിയറ്റ്നാം യന്ത്രവല്‍ക്കരണത്തിലൂടെയാണ് പരിപ്പ് കമ്പോളത്തില്‍ ഇറക്കുന്നത്. സംസ്കരണരീതി, തൊഴില്‍ വൈദഗ്ധ്യം എന്നിവകൊണ്ട് ഇപ്പോഴും ലോകമാര്‍ക്കറ്റില്‍ പ്രിയം ഇന്ത്യന്‍പരിപ്പിനുതന്നെയാണ്. കമ്പോളം പിടിക്കാന്‍വേണ്ടി ലോകമാര്‍ക്കറ്റില്‍ ഗുണനിലവാരം കുറഞ്ഞ പരിപ്പ് വിലകുറച്ച് വില്‍പ്പന നടത്തുന്നത് നമുക്ക് ഭീഷണിയാണ്. കേന്ദ്രസര്‍ക്കാരുകള്‍ കശുവണ്ടിയുടെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുകകൂടി ചെയ്തപ്പോള്‍ നമ്മുടെ ഉല്‍പ്പന്നത്തിന് വില വര്‍ധിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. അതും വിയറ്റ്നാമിന് ഗുണമായി.

ഇന്ത്യയില്‍ ആഭ്യന്തര ഉപയോഗം വര്‍ധിച്ചുവരുന്നത് വിലയിടിയാതിരിക്കാന്‍ കാരണമായിട്ടുണ്ട്. നമ്മുടെ രാജ്യത്ത് സാധാരണക്കാര്‍മുതല്‍ സമ്പന്നര്‍വരെ കശുവണ്ടിപ്പരിപ്പ് സല്‍ക്കാരത്തിനും മറ്റ് വിശേഷദിവസങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഭക്ഷ്യവസ്തു എന്ന നിലയില്‍ പരിശോധിക്കുമ്പോള്‍ കൊളസ്ട്രോള്‍ രഹിതമായ ഒന്നാണ് കശുവണ്ടിപ്പരിപ്പ്.

ലോകവിപണിയേക്കാള്‍ വില ഇന്ത്യയില്‍ ലഭിക്കുന്നുമുണ്ട്. അത് നമുക്കാശ്വാസകരമായ കാര്യമാണ്. പ്രധാന പട്ടണങ്ങളിലും, റെയില്‍വേസ്റ്റേഷന്‍, ബസ്സ്റ്റേഷന്‍ എന്നിവിടങ്ങളിലുമൊക്കെ പ്രത്യേക ബൂത്തുകള്‍ സ്ഥാപിച്ച് കശുവണ്ടി വിപണനകേന്ദ്രങ്ങള്‍ തുറന്നാല്‍ ഇന്നുള്ളതിന്റെ പത്തിരട്ടി ആഭ്യന്തരവിപണിയില്‍ ചെലവഴിക്കാന്‍ കഴിയും. ആ രംഗത്തേക്കും നമുക്ക് ഇടപെടേണ്ടതായിട്ടുണ്ട്.

1920ല്‍ നമ്മള്‍ ആദ്യമായി കൊച്ചിയില്‍നിന്ന് അമേരിക്കയിലേക്ക് കശുവണ്ടി കയറ്റി അയച്ചിട്ട് 97 വര്‍ഷം പിന്നിടുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് തൊഴിലാളികളുടെ കരവിരുതില്‍ വിദേശംനാണ്യം നേടിയതും കശുവണ്ടിപ്പരിപ്പിലൂടെയാണ്. കേരളത്തില്‍ ഏകദേശം 800 കശുവണ്ടിഫാക്ടറി ഉണ്ട്. രണ്ടര ലക്ഷത്തോളം തൊഴിലാളികള്‍ ഈ രംഗത്ത് പണിയെടുക്കുന്നുണ്ട്. തൊഴിലാളികളില്‍ 96 ശതമാനവും സ്ത്രീത്തൊഴിലാളികളാണ്. ഇത്രയധികം സ്ത്രീത്തൊഴിലാളികള്‍ പണിയെടുക്കുന്ന മറ്റൊരു മേഖലയില്ല.

എണ്ണൂറ് ഫാക്ടറിയില്‍ 40 ഫാക്ടറി പൊതുമേഖലയിലാണ്. 30 എണ്ണം കാഷ്യൂ കോര്‍പറേഷന്റെയും 10 എണ്ണം കാപെക്സിന്റെയും ചുമതലയിലാണ്. 15,000 തൊഴിലാളികള്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. സ്വകാര്യമേഖലയെ അപേക്ഷിച്ച് പൊതുമേഖലയില്‍ എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കിവരുന്നു. കശുവണ്ടിയുടെ ലഭ്യതക്കുറവുമൂലം വര്‍ഷത്തില്‍ 300 ദിവസം ജോലി കൊടുക്കാന്‍ കഴിയുന്നില്ല. വിദേശമാര്‍ക്കറ്റുകളെ ആശ്രയിച്ചാണ് തോട്ടണ്ടിലഭ്യത.

ആദ്യകാലങ്ങളില്‍ കശുമാവ് പ്ളാന്റേഷനുകള്‍ വ്യാപകമായി ഉണ്ടായിരുന്നു. ഇപ്പോള്‍ കണ്ണൂരും കാസര്‍കോട്ടും മാത്രമാണ് കശുമാവ് പ്ളാന്റേഷനുള്ളത്. അതും കൂടുതല്‍ പൊതുമേഖലയിലാണ്. സ്വകാര്യ പ്ളാന്റേഷനുകള്‍ നഷ്ടപ്പെട്ടത് ഭൂപരിഷ്കരണ സമയത്ത് തോട്ടവിളയായി കശുമാവിനെ ഉള്‍പ്പെടുത്താതിരുന്നതിനാലാണ്. 2012ല്‍ കശുമാവിനെക്കൂടി ഉള്‍പ്പെടുത്തിയത് കൃഷി വര്‍ധിക്കാന്‍ സഹായമായി.

കശുമാവുകൃഷി മറ്റ് പ്ളാന്റേഷനുകളേക്കാള്‍ ലാഭമാണ്. കൃഷിച്ചെലവും പരിചരണത്തിന് വേണ്ടിവരുന്ന ചെലവും കുറവാണ്. ഒരു കിലോ കശുവണ്ടിയുടെ ഉല്‍പ്പാദനച്ചെലവ് വെറും 10 രൂപയില്‍ താഴെയാണ്. എന്നാല്‍, റബറിലാകട്ടെ അത് 80 രൂപയാണ്. കശുവണ്ടിക്ക് ഇപ്പോള്‍ കിലോയ്ക്ക് 130 മുതല്‍ 150 രൂപവരെ ലഭിക്കുന്നുണ്ട്. വര്‍ഷത്തില്‍ മൂന്നുമാസം കശുവണ്ടിയില്‍നിന്ന് ആദായം ലഭിക്കുകയും ചെയ്യും.

കശുമാവ് എത്ര മോശമായ മണ്ണിലും വളരും. ഒരു ഹെക്ടറില്‍ 200 മരം എന്നതാണ് നിലവിലെ രീതി. അത്യുല്‍പ്പാദനശേഷിയുള്ളതും ഉയരം കുറഞ്ഞതുമായ കശുമാവുതൈ ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് ഹെക്ടറില്‍ 600 എണ്ണംവരെ നടാന്‍ കഴിയും. ഒരു മരത്തില്‍നിന്ന് മൂന്നാംവര്‍ഷംമുതല്‍ ആദായം ലഭിച്ചുതുടങ്ങും. ഏഴുമുതല്‍ 15 കിലോവരെ സീസണ്‍ സമയത്ത് ഒരു മരത്തില്‍നിന്ന് ലഭിക്കും. ആ നിലയില്‍ പരിശോധിക്കുമ്പോള്‍ ഒരു മരത്തില്‍നിന്ന് 225 രൂപയ്ക്കുള്ള തോട്ടണ്ടി ലഭിക്കും. ഒരു ഹെക്ടറില്‍നിന്ന് 1,35,000 രൂപയ്ക്കുള്ള തോട്ടണ്ടിവരെ കിട്ടും. അത് വന്‍ ലാഭരമായിട്ടുള്ള കൃഷിയാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ഇപ്പോള്‍ വികസിപ്പിച്ചെടുത്ത തൈകള്‍ കാഷ്യൂ കോര്‍പറേഷനും കശുമാവുകൃഷി വികസന ഏജന്‍സിയും കര്‍ഷകര്‍ക്ക് നല്‍കും. മൂന്നുവര്‍ഷത്തെ പരിചരണത്തിന് 100 രൂപവീതം തൈ ഒന്നിന് സബ്സിഡിയായി നല്‍കും. അത് കര്‍ഷകര്‍ക്ക് പ്രയോജനമാണ്.

ഇപ്പോള്‍ വികസിപ്പിച്ചെടുത്ത കനക, സുലഭ, അമൃത, പൂര്‍ണിമ, അക്ഷയ, അനഘ, മാടക്കത്തറ 1, മാടക്കത്തറ 11 ഉള്‍പ്പെടെ നിരവധി പുതിയ ഇനം തൈകളും ലഭ്യമാണ്. കാഷ്യൂ കോര്‍പറേഷന്‍ ഈ വര്‍ഷം രണ്ടു ലക്ഷത്തോളം പുതിയ ഇനം തൈകള്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

കശുമാവുതൈ നടുന്ന ആദ്യവര്‍ഷങ്ങളില്‍ ഇടവിളക്കൃഷിയായി ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, പൈനാപ്പിള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, ഔഷധസസ്യങ്ങള്‍, വള്ളിച്ചെടികള്‍, കൂവ, പച്ചക്കറികള്‍ എന്നിവ കൃഷിചെയ്യാം. അതും കര്‍ഷകര്‍ക്ക് ആദായമാകും.

പ്രതിവര്‍ഷം നാം ഇറക്കുമതിചെയ്യുന്ന തോട്ടണ്ടി 10 ലക്ഷം ടണ്ണാണ്. നമുക്ക് വേണ്ടത് 16 ലക്ഷം ടണ്ണാണ്. ഇന്ത്യയില്‍ ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന കശുവണ്ടി 7,25,000 മെട്രിക് ടണ്‍ ആണ്. ഒരു വര്‍ഷം ഇറക്കുമതി ചെയ്യുന്നത് 9,40,000 മെട്രിക് ടണ്‍. ആകെ സംസ്കരണത്തിന് ലഭിക്കുന്നത് 16,65,000 മെട്രിക് ടണ്‍. ഇന്ത്യയിലെ സംസ്കരണശേഷി 20,00,000 മെട്രിക് ടണ്‍.

കശുവണ്ടി സംസ്കരണത്തിന് ഒരു വര്‍ഷം വേണ്ടത് കാഷ്യൂ കോര്‍പറേഷന് 30,000 മെട്രിക് ടണ്‍, കാപെക്സിന് 7500 മെട്രിക് ടണ്‍, വ്യവസായികള്‍ക്ക് വേണ്ടത് 7,00,000 മെട്രിക് ടണ്‍ എന്നിങ്ങനെയാണ്. ഇന്ത്യയില്‍നിന്ന് കശുവണ്ടിപ്പരിപ്പ് കയറ്റുമതിചെയ്യുന്നത് 1,20,000 മെട്രിക് ടണ്‍. നമുക്ക് ലഭിക്കുന്ന വിദേശനാണ്യം 5500 കോടി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്‍പ്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയാണ്. അവിടെ 1,86,200 ഹെക്ടറില്‍ കൃഷിചെയ്യുന്നു. അവരുടെ ഉല്‍പ്പാദനം 2,35,000 മെട്രിക് ടണ്ണാണ്. തൊട്ടടുത്ത് ആന്ധ്രപ്രദേശാണ്- 1,85,450. അവരുടെ ഉല്‍പ്പാദനം 1,00,000 മെട്രിക് ടണ്ണാണ്. കേരളം കശുവണ്ടി ഉല്‍പ്പാദനത്തില്‍ അഞ്ചാംസ്ഥാനത്താണ്- 80,000 മെട്രിക് ടണ്ണാണ്. കൃഷിവിസ്തീര്‍ണ്ണം 84,530 ഹെക്ടറാണ്. ഏറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറികളുള്ള കേരളത്തില്‍ ഉല്‍പ്പാദനം കുറവ് എന്നത് നാം ഗൌരവത്തോടെ കാണേണ്ടതാണ്.

കേരളത്തിലെ കശുവണ്ടിവ്യവസായം നിലനില്‍ക്കണമെങ്കില്‍ കൃഷി വ്യാപിപ്പിക്കണം. വനംവകുപ്പിന്റെ കീഴിലുള്ള സോഷ്യല്‍ ഫോറസ്റ്ററിയുടെ സ്ഥലം ഉള്‍പ്പെടെ നാം കശുമാവുകൃഷിക്ക് ഉപയോഗിക്കണം. 50,000 ഹെക്ടര്‍ സ്ഥലത്തുകൂടി നമുക്ക് പുതുതായി കൃഷിചെയ്യാന്‍ കഴിയുകയും പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അവയില്‍ കശുമാവുകൃഷിക്ക് പ്രാധാന്യവും നല്‍കണം. കര്‍ഷകര്‍ക്ക് cashwകൃഷിപ്രോത്സാഹനത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. പുറമ്പോക്കുകള്‍, ഫാമുകള്‍, റോഡ് സൈഡുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കശുമാവുപാര്‍ക്കുകള്‍ സ്ഥാപിക്കണം. പുതുതായി കൃഷിചെയ്യുന്ന സ്ഥലങ്ങള്‍ കാഷ്യൂ കോര്‍പറേഷനുമായി ഒരു ധാരണപത്രം ഒപ്പിടണം. പരിചരണത്തിനുള്ള സഹായം വികസന ഏജന്‍സി കാഷ്യൂ കോര്‍പറേഷന്‍വഴി നല്‍കാനാവും. കശുവണ്ടി സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് കാഷ്യൂ കോര്‍പറേഷന് നല്‍കണം.

കശുമാങ്ങയില്‍നിന്ന് ഗോവയില്‍ ഉല്‍പ്പാദിച്ചിറങ്ങുന്നതുപോലെ ബിവറേജസ് കോര്‍പറേഷനുമായി ചേര്‍ന്ന് ഫെനി എന്ന മദ്യം ഉല്‍പ്പാദിപ്പിക്കാം. കാഷ്യൂ ജാം, ജ്യൂസ്, കാഷ്യൂ സോഡ, വിനാഗിരി, വൈന്‍ എന്നിവകൂടി പുതുതായി കമ്പോളത്തില്‍ ഇറക്കിയാല്‍ കശുമാങ്ങ പാഴായിപ്പോകുന്നത് ഒഴിവാക്കാനും കര്‍ഷകര്‍ക്ക് അധികവരുമാനം ലഭിക്കാനും സഹായിക്കും. കശുവണ്ടിയുടെ സംരക്ഷണത്തിന് എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ വന്‍ നേട്ടം കൊയ്യാന്‍ കഴിയും.

(എസ് ജയമോഹന്‍ – കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനാണ് ലേഖകന്‍)

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...