ആനവണ്ടിയല്ല, ഇത് ജലസന്ദേശത്തിന്റെ നീലവണ്ടി
ജലസംരക്ഷണത്തിന്റെ ആശയങ്ങള്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും പകര്ന്നുനല്കി കെഎസ്ആര്‍ടിസിയുടെ ജലസൌഹൃദ ബസ് കൂത്താട്ടുകുളംവഴി സര്‍വീസ് തുടങ്ങി.
കേരള ദുരന്തനിവാരണ അതോറിറ്റിയും കെഎസ്ആര്‍ടിസിയും സഹകരിച്ച് നിരത്തിലിറക്കിയ രണ്ട് പുതിയ ബസുകളില്‍ ഒന്നാണ് കൂത്താട്ടുകുളംവഴി കൊട്ടാരക്കര-പാലക്കാട് റൂട്ടില്‍ സൂപ്പര്‍ഫാസ്റ്റായി ഓടുന്നത്. പാലക്കാടിന് ബസ് കാത്തുനിന്ന യാത്രക്കാര്‍ക്കു മുന്നിലേക്ക് ഇളം നീലച്ചായംപൂശിയെത്തിയ പുത്തന്‍ ബസിനെ സര്‍ക്കാരിന്റെ ഏതോ പദ്ധതിയുടെ പരസ്യവാഹനമായി തെറ്റിദ്ധരിച്ചവരുമുണ്ട്. കണ്ടക്ടര്‍ മൂവാറ്റുപുഴ തൃശൂര്‍വഴി പാലക്കാട് എന്നു വിളിച്ചപ്പോഴാണ് യാത്രക്കാര്‍ ജലസംരക്ഷണവാക്യങ്ങള് വായിച്ച് ബസിലേക്ക് കയറിത്തുടങ്ങിയത്. ബസിന്റെ മുന്‍ഭാഗം വരണ്ടുണങ്ങിയ ഭൂമിയും, പിന്‍ഭാഗം പച്ചപ്പിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരളം വരളുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും, താളംതെറ്റിയ കാലാവസ്ഥ, താളംതെറ്റിയ മഴ, വനനശീകരണം, സസ്യാവരണ ശോഷണം തുടങ്ങിയ ചിന്തകളും പങ്കുവയ്ക്കുന്നു. മഴവെള്ളം സംരക്ഷിക്കുക, ജലം പങ്കുവയ്ക്കുക, പുനരുപയോഗസാധ്യത, അമിതജലം മണ്ണില്‍ താഴാന്‍ അനുവദിക്കുക തുടങ്ങിയ നിരവധി സന്ദേശങ്ങളും ആകര്‍ഷകമായി എഴുതിച്ചേര്‍ത്തിട്ടുണ്ട്.