വാര്‍ത്തകള്‍

23
Mar

ദാഹിച്ച് വലഞ്ഞ് കേരളം

ദാഹിച്ച് വലഞ്ഞ് കേരളം

ജലസമൃദ്ധിയില്‍ അഹങ്കരിച്ചിരുന്നവരാണ് കേരളീയര്‍. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും പല രാജ്യങ്ങളെയും പിടിച്ചുകുലുക്കിയപ്പോള്‍ ഇതൊന്നും ദൈവത്തിന്റെ സ്വന്തം നാടിനെ ബാധിക്കില്ലെന്നു പറഞ്ഞ് നിസ്സംഗരായി ഇരുന്നവര്‍, അന്ധാളിച്ചുനില്‍ക്കുകയാണ് അഭിമുഖീകരിക്കുന്ന കടുത്ത വരള്‍ച്ചയുടെ മുന്നില്‍. ഇക്കുറി കാലവര്‍ഷവും തുലാവര്‍ഷവും ഒന്നിച്ച് ഒഴിഞ്ഞുമാറിയപ്പോള്‍ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു. കുടിവെള്ളത്തിനുപോലും കടുത്തക്ഷാമം. ഞാറ്റുവേലകളില്‍ തിരിമുറിയാതെ പെയ്യുന്ന മഴ ഇപ്പോള്‍ ഓര്‍മകളില്‍മാത്രമായി. കഴിഞ്ഞ അരനൂറ്റാണ്ടിലെ ഏറ്റവും കടുത്ത വരള്‍ച്ചയിലൂടെയാണ് കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.

1992ല്‍ ബ്രസീലിലെ റിയോഡി ജനീറോയില്‍ ചേര്‍ന്ന യുണൈറ്റഡ് നാഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റിലാണ് UNCED ലോക ജലദിനത്തെക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക നിര്‍ദേശം ഉയര്‍ന്നുവന്നത്. 1993 മാര്‍ച്ച് 22 മുതല്‍ ലോകജലദിനം ആചരിക്കാന്‍ യുഎന്‍ ജനറല്‍ അസംബ്ളി തീരുമാനമെടുത്തു. മറ്റൊരു ജലദിനംകൂടി ആഗതമാകുമ്പോള്‍ ചിന്തിക്കാനും തിരുത്താനും ഏറെയുണ്ട്. തല്‍ക്കാല ലാഭത്തിനുവേണ്ടി പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ പ്രത്യാഘാതരൂപത്തില്‍ മുതലും പലിശയുമടക്കം കിട്ടിക്കൊണ്ടിരിക്കുന്നു. അതായത്, വരമ്പത്തുതന്നെ കൂലി എന്നര്‍ഥം.

തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കാനും യുക്തിപൂര്‍വം ഉപയോഗിക്കാനുമായി ഇറാനിലെ റാംസാറില്‍ 1971 ഫെബ്രുവരി രണ്ടിന് ഒരു അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ചേരുകയുണ്ടായി. റാംസാര്‍ സൈറ്റില്‍പ്പെട്ട കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് തണ്ണീര്‍ത്തടങ്ങളാണ് വേമ്പനാട്ടുകായല്‍, ശാസ്താംകോട്ടകായല്‍, അഷ്ടമുടിക്കായല്‍. കേരളത്തിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടമായ വേമ്പനാട്ടുകായലിന്റെ വിസ്തൃതിയില്‍ വന്നിട്ടുള്ള വലിയ കുറവ് ആശങ്കയുളവാക്കുന്നതാണ്. റാംസാര്‍ സൈറ്റിലുള്ള സംരക്ഷിത തണ്ണീര്‍ത്തടങ്ങള്‍പോലും മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മറ്റു തണ്ണീര്‍ത്തടങ്ങളുടെ കാര്യം പറയാതിരിക്കുകയാവും ഭേദം. ലവണാംശം ഇല്ലാത്തതും ധാതുലോഹസാന്നിധ്യം ഇല്ലാത്തതുമായ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട കായലില്‍നിന്നാണ് കൊല്ലം ജില്ലയാകെ കുടിവെള്ളമെത്തുന്നത്. കായലിലെ ജലനിരപ്പ് ഇത്രകണ്ട് കുറഞ്ഞ ഒരു വര്‍ഷമുണ്ടായിട്ടില്ല. വിദേശരാജ്യങ്ങളിലെ തണ്ണീര്‍ത്തടങ്ങളുടെ പാരിസ്ഥിതിക മൂല്യത്തേക്കാള്‍ ഉയര്‍ന്നതാണ് കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുടെ പാരിസ്ഥിതികമൂല്യം. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി പ്രത്യക്ഷമായോ പരോക്ഷമായോ നമ്മുടെ തണ്ണീര്‍ത്തടങ്ങള്‍ ബന്ധപ്പെട്ടുകിടക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും സ്റ്റേഡിയങ്ങള്‍ക്കും ഫ്ളാറ്റുകള്‍ക്കും ആശുപത്രികള്‍ക്കുമൊക്കെയായി ആദ്യം നികത്തപ്പെടുന്നതും തണ്ണീര്‍ത്തടങ്ങളാണ്.
കാര്‍ഷിക സമ്പദ്ഘടനയുടെ നിലനില്‍പ്പുതന്നെ മഴയെ ആശ്രയിച്ചാണ്. ഏറ്റവും കൂടുതല്‍ ശുദ്ധജലം ആവശ്യമുള്ളത് കൃഷിക്കാണ്. അതുകഴിഞ്ഞ് വ്യാവസായിക ആവശ്യങ്ങള്‍ക്ക്. ഗാര്‍ഹിക ഉപയോഗത്തിന് ഇതുകഴിഞ്ഞേ വരുന്നുള്ളൂ.

ആഗോളതലത്തില്‍ കൃഷി ആവശ്യങ്ങള്‍ക്കായി 70 ശതമാനം ജലം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ഇന്ത്യയിലെ തോത് ഇതിലും ഉയര്‍ന്നതാണ്. മഴയുടെ കുറവ് കാര്‍ഷികോല്‍പ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി 2030 ഓടെ 12.2 കോടി ജനം കൊടുംദാരിദ്യ്രത്തിലേക്ക് അധികമായി എത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിനുശേഷം ആഗോളതലത്തില്‍ ശുദ്ധജലത്തിന്റെ ആവശ്യകത ദിനംപ്രതി വര്‍ധിക്കുന്നു. ആളോഹരി ശരാശരി ഉപഭോഗം ഏതാണ്ട് ഇരുപതിരട്ടി വര്‍ധിച്ചു. ജനസംഖ്യാവര്‍ധനവാണ് ജലഉപഭോഗം വര്‍ധിച്ചതിലെ പ്രധാന വില്ലന്‍.

ജലലഭ്യത കുറഞ്ഞുവന്നപ്പോള്‍ ഭൂഗര്‍ഭജലം ചൂഷണംചെയ്തു തുടങ്ങി. ലോകത്താകെ 1500 ദശലക്ഷം ജനം കുടിവെള്ളത്തിനായി ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വിവേചനമില്ലാതെ നികത്തിയതിനാല്‍ വെള്ളം കെട്ടിനിന്ന് ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങി ഭൂഗര്‍ഭജലത്തെ സമ്പുഷ്ടമാക്കേണ്ടതിനു പകരം വളരെവേഗം ഒഴുകി കടലില്‍ചെന്ന് ചേരുന്നു.

അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് വര്‍ധിച്ചതോടെ താപനിലയും വര്‍ധിച്ചു. തന്മൂലം ജലബാഷ്പീകരണത്തിന്റെ തോത് അധികമായി. കോണ്‍ക്രീറ്റ് വനങ്ങള്‍ അന്തരീക്ഷ ഊഷ്മാവിനെ വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പലപ്പോഴും ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും മഴക്കാലത്ത് വെള്ളപ്പൊക്കവും വേനല്‍ക്കാലത്ത് വരള്‍ച്ചയുമെന്നതാണ് കേരളം അഭിമുഖീകരിക്കുന്ന പുതിയ പ്രതിഭാസം. 44 നദികള്‍, ലക്ഷക്കണക്കിനു കിണറുകള്‍, വലിയ തടാകങ്ങള്‍, സമൃദ്ധമായ വനസമ്പത്ത്, എല്ലാത്തിനുമുപരി പശ്ചിമ ഘട്ടത്തിന്റെ കാവല്‍. എന്നിട്ടും നാം കുടിവെള്ളത്തിനായി വേഴാമ്പലിനെപ്പോലെ കേഴുന്നു.

മലിനജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്ന രീതി വിദേശരാജ്യങ്ങളിലെപ്പോലെ ഇവിടെ സാര്‍വത്രികമായിട്ടില്ല. നമുക്കതിന്റെ ആവശ്യം നേരിട്ടിട്ടില്ല എന്നതാണ് സത്യം. ചെലവ് കൂടുമെങ്കിലും ഭാവിയില്‍ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടിവരും. എന്നാല്‍, ജലം ശുദ്ധീകരിക്കാന്‍ ഏറ്റവും സ്വാഭാവികവും ഫലപ്രദവുമായ മാര്‍ഗം പ്രകൃതിയിലെ മണ്ണടരുകള്‍തന്നെ.

ജലവും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള നിയമങ്ങളാണ് 1974ല്‍ പാസായ ജലമലിനീകരണ നിരോധന നിയന്ത്രണ നിയമവും 1986ല്‍ പാസായ പരിസ്ഥിതി സംരക്ഷണ നിയമവും. നിയമങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ കുറവൊന്നുമില്ല. വേറെയും അനേകം നിയമങ്ങളുണ്ട്. അത് പാലിക്കപ്പെടുന്നതിലെ അലംഭാവമാണ് പ്രശ്നം.

ജലമാനേജ്മെന്റിലെ അനാസ്ഥയും പിടിപ്പുകേടുമാണ് സ്ഥിതി ഇത്ര രൂക്ഷമാക്കിയത്. സമൃദ്ധമായ മഴ, 44 നദികള്‍, അനേകം ജലസംഭരണികള്‍, ധാരാളം കിണറുകള്‍, കുളങ്ങള്‍, ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ വനം, സമതുലിതമായ കാലാവസ്ഥ ഇതൊക്കെ കേരളത്തിന് അനുകൂലമായ ഘടകങ്ങള്‍ ആയിരുന്നിട്ടും സമഗ്രമായൊരു ജലനയം ഇല്ലാതെ പോയി. ഉയര്‍ന്ന ജലസാന്ദ്രത കാരണം വര്‍ധിച്ച അളവിലെ ജല ഡിമാന്റ്, മഴവെള്ളം കടലില്‍ എത്തുന്നതിനുമുമ്പുള്ള ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരുന്നത്, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുതുക്കല്‍ശേഷി നിരക്കിലെ കുറവ് തുടങ്ങി പ്രതികൂലമായ നിരവധി ഘടകങ്ങളുമുണ്ട്. നിര്‍മാണരംഗത്തെ അഭൂതപൂര്‍വമായ വര്‍ധനയും ജീവിതശൈലിയില്‍ വന്നുചേര്‍ന്നിട്ടുള്ള മാറ്റവും ജല ഉപഭോഗത്തില്‍ വമ്പിച്ച കുതിച്ചുച്ചാട്ടം ഉണ്ടാക്കി. താല്‍ക്കാലിക ലാഭത്തിനുവേണ്ടിയല്ല പ്രകൃതിയെ സമഗ്രമായി കണ്ടുകൊണ്ടുള്ള കര്‍മപദ്ധതികളാണ് ആവശ്യം.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...