വാര്‍ത്തകള്‍

16
Mar

ജലസംരക്ഷണത്തിന് ബാഷ്പീകരണ നിയന്ത്രണം

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശരാശരിയിലും കൂടുതല്‍ (3000 എംഎം) മഴ കേരളത്തില്‍ ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണം അനുഭവിക്കാന്‍ നമുക്ക് കഴിയുന്നില്ല. മണ്ണിന്റെ ഭൌതിക- രാസഘടന, ഉപരിതല പ്ളവനത, ഭൂമിയുടെ ഭൌതിക സ്വഭാവം തുടങ്ങിയവ നമുക്ക് അനുകൂലമായിട്ടുപോലും ഭൂഗര്‍ഭ ജലവിതാന നിരക്ക് ഉയര്‍ത്തുന്നതിനോ ജലക്ഷാമം പരിഹരിക്കുന്നതിനോ സാധിച്ചിട്ടില്ല. മാത്രമല്ല, സമാന്തരമായി കടന്നുപോകുന്ന പശ്ചിമഘട്ടംപോലെയുള്ള ജലഗോപുരത്തിന്റെ സാമീപ്യമുണ്ടായിട്ടും അവയിലെ ജലം നമ്മുടെ ഭൂ അറകളില്‍ സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ നാം പരാജയപ്പെടുകയാണ്. പശ്ചിമഘട്ടത്തില്‍നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന 41 നദികളും കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികളുംകൂടി മൊത്തം 78.041 മില്യണ്‍ ക്യൂബിക് മീറ്ററോളം (എംസിഎം) ജലം ഒഴുകുന്നുണ്ട്. അതില്‍ 71.23 എംസിഎം ജലവും കേരളത്തിലൂടെയാണ് ഒഴുകുന്നത്. ഭൌമ അറകളില്‍ ജലം എത്തിക്കുന്നതിനുള്ള സാങ്കേതികനയം നടപ്പാക്കുന്നതിന്റെ പോരായ്മയാണ് ജലക്ഷാമത്തിന് ഇടവരുത്തിയത്. പശ്ചിമഘട്ട മലനിരകളില്‍ പെയ്തിറങ്ങുന്ന മഴയുടെ മൂന്നില്‍ രണ്ടു ഭാഗവും ഭൂഗര്‍ഭ അറകളില്‍ എത്തിച്ചേരുന്നതിനുപകരം കടലിലെത്തിച്ചേരുകയും നമ്മുടെ ശുദ്ധജലം സ്ഥിരമായി നഷ്ടപ്പെട്ടുപോകുന്നതിന് ഇടവരുത്തുകയും ചെയ്യുന്നു. ഇഷ്ടാനുസരണം ജലം ലഭിക്കുന്നതിനുള്ള സൌകര്യം പശ്ചിമഘട്ടം നമുക്ക് തരുന്നുണ്ടെങ്കിലും ഇവയുടെ സംരക്ഷണനയത്തിന്റെ പോരായ്മ നമ്മളെ കുറച്ചൊന്നുമല്ല ജലക്ഷാമത്തിന് ഇരയാക്കിയത്. നമ്മളേക്കാള്‍ കുറഞ്ഞ മഴ ലഭിക്കുന്ന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തിലെ ഭൌമജലവിതാന നിരക്ക് വളരെ താഴ്ന്നുപോയത് പണ്ടുമുതല്‍തന്നെ പിന്തുടര്‍ന്ന തെറ്റായ ജലസംരക്ഷണനയത്തിന്റെ ഫലമാണ്. ജലനിരപ്പ് പലപ്പോഴും 0-20 എംബിജിഎല്‍ (മീറ്റര്‍ ബിലോ ഗ്രൌണ്ട് ലെവല്‍) വരെ എത്തിയിട്ടുപോലും ഇങ്ങനെ സംഭവിച്ചത് എന്തുകൊണ്ടെന്നോ ജലസംരക്ഷണത്തിന്റെ ശാസ്ത്രീയമാര്‍ഗം എന്താണെന്നുപോലും അന്വേഷിച്ചിട്ടില്ല. കാലാവസ്ഥ വിധിന്യായത്തെമാത്രം പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് ഇന്നേവരെ നാം നടത്തിയിട്ടുള്ളത്. ലോകത്തിലെ മറ്റേത് രാഷ്ട്രങ്ങളേക്കാളും ജലവിനിയോഗ നയത്തില്‍ കേരളം പിന്നിലാണ്. ചൈനയില്‍ 655 മില്ലിമീറ്റര്‍മാത്രമേ ലഭിക്കുന്നുള്ളൂ എങ്കിലും 10 എംബിജിഎല്ലില്‍ കൂടുതല്‍ ജലം താഴ്ന്നിട്ടില്ല. അതുപോലെതന്നെ ഇറാഖില്‍ 216 മില്ലിമീറ്റര്‍മാത്രമാണ് ശരാശരി മഴ ലഭിക്കുന്നുള്ളൂ എങ്കിലും ഏഴ് എംബിജിഎല്ലില്‍ കൂടുതല്‍ ജലനിരക്ക് താഴ്ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

സാമാന്യം നല്ലതോതില്‍ മഴ ലഭിച്ചിരുന്ന കേരളത്തില്‍ രണ്ടുവര്‍ഷത്തിനിങ്ങോട്ടാണ് ഭൂഗര്‍ഭ ജലവിതാനം ഭയാനകമായി കുറയാന്‍ തുടങ്ങിയത്. കാലാവസ്ഥ വ്യതിയാനവും വരള്‍ച്ചയും ജലലഭ്യത കുറച്ചിട്ടുണ്ടെങ്കിലും കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ടു പ്രധാന ഘടകങ്ങളാണ് ഭൂഗര്‍ഭ ജലവിതാനം വളരെ ദയനീയമായ തോതില്‍ താഴുന്നതിന് ഇടവരുത്തിയത്. ഒന്ന്, ജലം വിവിധ ഭൂഗര്‍ഭജല അറകളിലേക്ക് എത്തിച്ച് സംരക്ഷിക്കുന്നത് ധാരാളം സുഷിരങ്ങളോടുകൂടിയ ചെറു ‘ന്യൂറോണുകളാണ്. ധാരാളം സുഷിരങ്ങളടങ്ങിയ ജലത്തെ ഭൂഗര്‍ഭ അറകളിലേക്ക് എത്തിക്കുന്നതിന് പ്രാപ്തമായ ലക്ഷക്കണക്കിന് ചെറു ചാനലുകളാണ് ന്യൂറോണുകള്‍. മഴ പെയ്യുമ്പോള്‍ ജലം വലിച്ചെടുത്ത് ഭൂ അറകളിലേക്ക് എത്തിക്കുകയും അതിനെ സ്ഥിരമായി സംരക്ഷിക്കുകയും ചെയ്യുന്നത് ഈ ന്യൂറോണുകളാണ്. മനുഷ്യ ശരീരത്തിലെ ഞരമ്പുകള്‍പോലെ പ്രവര്‍ത്തിക്കുന്ന ഈ ചെറു ചാനലുകളായ ന്യൂറോണുകള്‍, നാം പലപ്പോഴായി അശ്രദ്ധമായി വലിച്ചെറിയുന്ന പ്ളാസ്റ്റിക് കവറുകള്‍, ചെറു പ്ളാസ്റ്റിക് സ്ക്രാപ്പുകള്‍ തുടങ്ങിയവകൊണ്ട് അടഞ്ഞുപോയത് ജല ഫില്‍ട്ടറേഷന് തടസ്സമായിത്തീര്‍ന്നു. ഈ സ്ക്രാപ്പുകള്‍ ഉഷ്ണകാലത്ത് സൂര്യതാപമേറ്റ് മണ്‍തരികളോടുകൂടി ഉരുകി അനേകം ചെറു ലേയറുകളായി രൂപാന്തരപ്പെട്ട് ഭൂതലങ്ങളിലെ ചെറിയ ന്യൂറോണുകളെ അടയ്ക്കുന്നു. ഇതുകാരണം, മഴവെള്ളം ഫില്‍ട്ടറേഷന് സാധ്യമാകാതെ അതിവേഗം കുത്തിയൊലിച്ച് കടലില്‍ പതിക്കുന്നതിനും ശുദ്ധജലം എന്നന്നേക്കുമായി നഷ്ടപ്പെടുന്നതിനും ഇടവരുത്തുന്നു. രണ്ടു ദശകങ്ങള്‍ക്കുമുമ്പേ പശ്ചിമഘട്ടത്തില്‍ പെയ്ത മഴയുടെ മൂന്നില്‍ രണ്ടുഭാഗവും ഭൂ അറകളിലേക്ക് നിക്ഷേപിക്കപ്പെട്ട് ബാക്കിമാത്രമാണ് അറബിക്കടലില്‍ പതിക്കുന്നത്. അതുതന്നെ 50 മുതല്‍ 90 ദിവസത്തിനുള്ളില്‍ സമയമെടുത്ത് നടക്കുന്ന ഒരു പ്രക്രിയയായിരുന്നു. എന്നാല്‍, ഇന്ന് പശ്ചിമഘട്ടത്ത് പെയ്യുന്ന മഴയുടെ മൂന്നില്‍ രണ്ടുഭാഗവും രണ്ടുമൂന്ന് ആഴ്ചകള്‍ക്കകംതന്നെ ഭൂമിയില്‍ സംരക്ഷിക്കപ്പെടാതെ ഒഴുകിപ്പോയി കടലില്‍ പതിക്കുന്നു.

രണ്ടാമത്തെ കാരണം, ബാഷ്പീകരണം വഴി നഷ്ടപ്പെട്ടുപോകുന്ന ഉപരിതലജലത്തിന്റെ അളവ് തിട്ടപ്പെടുത്താനോ അതിന് പരിഹാരം കാണാനോ നാം ഒരു ശ്രമവും നടത്തിയിട്ടില്ല എന്നതാണ്. ഇന്ത്യയിലെ പലഭാഗങ്ങളിലായി 150 സെ.മി.മുതല്‍ 250 സെ.മി.വരെ ശരാശരി ജലം ബാഷ്പമായി പോകുന്നു. കേരളത്തില്‍ പെയ്യുന്ന മഴയുടെ പകുതിഭാഗവും ഭൂഗര്‍ഭ അറകളിലേക്ക് എത്തിപ്പെടുന്നതിനുമുമ്പേതന്നെ അവ ബാഷ്പമായി പോകുന്നു. ‘ഭൂതല ജല ന്യൂറോണ്‍ ബ്ളോക്കുകള്‍’ വ്യാപകമായ വന്നതോടുകൂടി മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങിപ്പോകുന്നതില്‍ തടസ്സപ്പെടുത്തുകമാത്രമല്ല ബാഷ്പീകരണം ത്വരിതപ്പെടുത്തുകയും ചെയ്യും. മഴപെയ്ത ഉടന്‍തന്നെ ജലം താഴ്ന്നിറങ്ങി ഭൂഗര്‍ഭ അറകളിലെത്തുന്നതിനുമുമ്പേ ബാഷ്പീകരണത്തിന് വിധേയമാകുന്നു. ഭൂഗര്‍ഭ ജല അറകളിലെ ജലവിതാനം ഉയര്‍ത്തുന്നതിന് മഴയുടെ അളവുമാത്രമല്ല പ്രധാനപ്പെട്ടതെന്നും അവ നീരാവിയായിപ്പോകാതെ സംരക്ഷിച്ചുനിര്‍ത്തുന്നതിനുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം പ്രധാനപ്പെട്ടതാണെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ബാഷ്പീകരണ ജലനഷ്ടം നിയന്ത്രിക്കുകയാണെങ്കില്‍ 50 ശതമാനം മഴ കുറഞ്ഞാല്‍പ്പോലും ഭൂഗര്‍ഭ അറകളില്‍ ജലനിരക്ക് വര്‍ധിപ്പിക്കാമെന്നുള്ളതാണ് ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലെ ജലസംരക്ഷണമാര്‍ഗം നമ്മെ പഠിപ്പിക്കുന്നത്. കൃഷിക്കുവേണ്ടി വയലുകളിലെത്തിപ്പെടുന്ന ജലം ഭൂരിഭാഗവും ബാഷ്പീകരിക്കപ്പെട്ടുപോകുന്നതിനാല്‍ കൃഷിക്ക് ഒരു ഗുണവും ലഭിക്കുന്നില്ല. അതുപോലെ ഡാമുകളില്‍ ബാഷ്പീകരണനിരക്ക് കൃഷിയിടങ്ങളെ അപേക്ഷിച്ച് കുറവാണ്. കാരണം ജലത്തിന്റെ ഉപരിതലവ്യാപ്തി കൂടുകയും അതേ അവസരത്തില്‍ ജലത്തിന്റെ അളവ് കുറയുകയും ചെയ്ത് ബാഷ്പീകരണം കുറയുന്നതിന് ഇടവരുത്തുന്നു. എന്നിട്ടുപോലും ഡാമുകളിലെ ജലബാഷ്പീകരണം വഴി 30 മുതല്‍ 40 ശതമാനംവരെ ജലനഷ്ടമുണ്ടാകുന്നു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ബാഷ്പീകരണനിരക്ക് പ്രധാനമായും ജലത്തിന്റെ ഉപരിതല ഏരിയയുടെ വ്യാപ്തിയെയും ജലത്തിന്റെ അളവിനെയും ആശ്രയിച്ചാണ് നില്‍ക്കുന്നത്. ജലസേചനത്തിന് കൃഷിയിടത്തിലേക്ക് ജലം തുറന്നുവിടുമ്പോള്‍ ഉപരിതലവ്യാപ്തി വര്‍ധിക്കുകയും ജലത്തിന്റെ അളവ് കുറയുകയും ചെയ്യുന്നതിനാല്‍ ബാഷ്പീകരണം ത്വരിതഗതിയിലാകുന്നു. അതായത് ഡാമുകളില്‍നിന്ന് വയലുകളില്‍ എത്തുമ്പോഴേക്കും ബാഷ്പീകരണം പത്തുമുതല്‍ 15 ഇരട്ടിവരെ വര്‍ധിക്കുകയും കൃഷിക്ക് ജലത്തിന്റെ ഗുണം കിട്ടാതാവുകയും ചെയ്യുന്നു എന്നുള്ള സത്യം മനസ്സിലാകുമ്പോഴാണ് ബാഷ്പീകരണത്തിന്റെ ആഘാതവ്യാപ്തി നാം തിരിച്ചറിയുന്നത്. പരിഹാരമായി അനേകായിരം ന്യൂറോണ്‍ പൈപ്പുകള്‍ വഴി ഡാമുകളില്‍നിന്ന് ജലം കൃഷിയിടത്തേക്ക് എത്തിക്കുമ്പോള്‍ ജലവ്യാപ്തി കുറയുന്നതോടുകൂടി ബാഷ്പീകരണം കുറയുകയും ചെയ്യുന്നു. ചുരുക്കത്തില്‍ കൃഷിയിടങ്ങളില്‍ ജലസേചനം വ്യാപകമായി നടത്തുന്നതിനുപകരം മണ്ണിനടിയിലൂടെ ചെറിയ ന്യൂറോണ്‍ പൈപ്പുകള്‍ വഴി ജലം കൃഷിയിടത്തിലേക്ക് എത്തിക്കുമ്പോള്‍ ബാഷ്പീകരണനഷ്ടം കുറയ്ക്കാം.

നാം വീടുകളില്‍നിന്ന് ആവശ്യം കഴിഞ്ഞ് ഒഴിവാക്കുന്ന ജലം ഒരു പൈപ്പുവഴി പ്രത്യേകം നിര്‍മിച്ച കുഴികളിലേക്ക് തിരിച്ചുവിടുകയാണെങ്കില്‍ ബാഷ്പീകരണനഷ്ടം ഒഴിവാക്കാം. കൂടാതെ പ്രസ്തുത ജലം നമ്മുടെ കിണറുകളിലേക്കോ ജല അറകളിലേക്കോ റീ ചാര്‍ജ് ചെയ്യുകവഴി ജലവിതാനനിരക്ക് ഉയര്‍ത്താന്‍ കഴിയും. നാം കുളിക്കുന്നതും വസ്ത്രം അലക്കുന്നതുമായ ജലം ഭൂമിയുടെ ഉപരിതലത്തില്‍ ചിതറിക്കിടക്കുന്നതിന് ഇടവരുത്തുകയാണെങ്കില്‍ ബാഷ്പീകരണം വര്‍ധിച്ച് നമുക്ക് സ്ഥിരമായി ഈ ജലത്തെ നഷ്ടപ്പെടുത്തുന്നതിന് ഇടവരുത്തുന്നു. ഇതിനുപകരം ചെറിയ ജലക്കുഴികളിലേക്ക് ഇവ തിരിച്ചുവിടുന്നത് ബാഷ്പീകരണം കുറയ്ക്കുന്നതിനും ആ ജലം ഭൂഗര്‍ഭ ജലഅറകളിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയുമ്പോള്‍ നമുക്ക് അവ വീണ്ടും ഉപയോഗിക്കാനും കഴിയുന്നു. അപ്പോഴാണ് ജലം ഒരു പുനരുല്‍പ്പാദനവിഭവമായി മാറുന്നത്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...