വാര്‍ത്തകള്‍

09
Dec

കേരളം ഒന്നിച്ചു; ഹരിതകേരളം മിഷന് സമാരംഭമായി

സംസ്ഥാനത്ത് ശുദ്ധജലവും ശുദ്ധവായുവും കാര്‍ഷിക സമൃദ്ധിയും ഉറപ്പാക്കുമെന്ന ഏകമനസ്സോടെ കേരളം ഒന്നിച്ചിറങ്ങിയ ദിവസമായിരുന്നു ഇന്നലെ. അറുപതാണ്ടിന്റെ തിളക്കമാഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരള മിഷനുകളിലെ പ്രധാന ഇനമായ ഹരിതകേരളം മിഷന് കേരള ജനതയുടെ ആത്മാര്‍ത്ഥ സമര്‍പ്പണത്തോടെ സമാരംഭമായി. ജലസംരക്ഷണം, മാലിന്യനിര്‍മാജനം, കൃഷി പരിപോഷണം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയിലൂടെ സംസ്ഥാനത്താകെ 15,965 പ്രവൃത്തികള്‍ക്കാണ് ഇന്നലെ തുടക്കമായത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കിലെ കൊല്ലയില്‍ കളത്തറയ്ക്കല്‍ ഏലായില്‍ ബഹുജന പങ്കാളിത്തത്തോടെ നടന്ന പരിപാടിയില്‍ മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പതിനാലേക്കര്‍ വരുന്ന കൊല്ലയില്‍ പാടശേഖരത്തില്‍ ഞാറുനട്ടാണ് സംസ്ഥാനത്ത് പുത്തന്‍ ഹരിതവിപ്ലവത്തിന് മുഖ്യമന്ത്രി നാന്ദി കുറിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം.എല്‍എമാര്‍, തദ്ദേശ ജനപ്രതിനിധികള്‍ എന്നിവരെക്കൂടാതെ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ്‌, ചലച്ചിത്രതാരം മഞ്ജു വാര്യര്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും സംസ്ഥാനതല ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചു. നെടുമങ്ങാട് നഗരസഭയിലെ പൂവത്തൂര്‍ തുമ്പോട് നടീല്‍ ഉത്സവം മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് ഇദംപ്രഥമമായി നഗരസഭയില്‍ ആരംഭിച്ച കാര്‍ഷിക കര്‍മസേനയുടെ പരിശീലന പരിപാടികള്‍ക്കും മന്ത്രി തുടക്കം കുറിച്ചു. എം.എല്‍.എമാരായ സി. ദിവാകരന്‍, ഡി.കെ മുരളി എന്നിവര്‍ സന്നിഹിതരായി. ആറ്റിങ്ങല്‍ നഗരസഭ എല്ലാ വാര്‍ഡുകളിലും ആരംഭിക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കണ്ണാങ്കരക്കോണം പാടശേഖരത്ത് ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലയിന്‍കീഴ് ഇടക്കുഴി ഏലായില്‍ ഞാറു നടീല്‍ ഉത്സവം ഐ.ബി. സതീഷ് എം.എല്‍.എയും പോത്തന്‍കോട് ബ്ലോക്ക് ഓഫീസിലെ ജൈവപച്ചക്കറി കൃഷി ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയും ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിലുള്ള ചിറക്കുളം കോളനി ശുചീകരണം മന്ത്രി എ.കെ. ബാലനും നൂറു വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച പ്‌ളാസ്റ്റിക് മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്ന ചടങ്ങ് ചാക്കയില്‍ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും ഉദ്ഘാടനം ചെയ്തു. വി.എസ്. ശിവകുമാര്‍, മേയര്‍ വി. കെ പ്രശാന്ത് എന്നിവര്‍ സംബന്ധിച്ചു.

കാട്ടാക്കടയില്‍ ആമച്ചല്‍ തോട് നവീകരണവും അഞ്ചുതെങ്ങില്‍ കണ്ടല്‍ക്കാടു വച്ചു പിടിപ്പിക്കുന്ന പദ്ധതിയും ആരംഭിച്ചു. വെള്ളറടയില്‍ കേരഗ്രാമം പദ്ധതി സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെള്ളനാട് പഞ്ചായത്തിലെ ഉറിയാക്കോട് കല്ലുവാക്കോണം കുളം സന്നദ്ധപ്രവര്‍ത്തകര്‍ നവീകരിച്ചു. ഒരുലക്ഷത്തോളം രൂപ ചെലവു വരുന്ന പദ്ധതിയുടെ മുഴുവന്‍ ചെലവും നാട്ടുകാരാണ് വഹിച്ചത്. തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച ജൈവ കൃഷിക്ക് കളക്ടര്‍ എസ്. വെങ്കടേസപതി, സബ് കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തിന്റെ ഹരിതശോഭ വീണ്ടെടുക്കുന്നതിനുള്ള ജനകീയയജ്ഞമായ ഹരിത കേരളം മിഷന്റെ ഭാഗമായുള്ള ശുചീകരണ പരിപാടിക്ക് കൊല്ലം ജില്ലയില്‍ വന്‍ ജനപിന്തുണയോടെ തുടക്കം. വിവിധ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പൊതുജനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. പഴങ്ങാലം മുടീപ്പടീക്കല്‍ കുളം നവീകരണ പരിപാടി ഫീഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്തു.

കല്ലുംതാഴം ജംഗ്ഷനില്‍ നടന്ന ശുചീകരണ യജ്ഞത്തിന് എം നൗഷാദ് എം എല്‍ എ നേതൃത്വം നല്‍കി. പെരുമണ്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടന്ന ശുചീകരണ പരിപാടി എം മുകേഷ് എം എല്‍ എ ഉദ്ഘാടനംചെയ്തു. കളക്ട്രേറ്റ് വളപ്പില്‍ നടന്ന ശുചീകരണം ജില്ലാ കളക്ടര്‍ റ്റി. മിത്ര ഉദ്ഘാടനംചെയ്തു. സബ് കളക്ടര്‍ ഡോ എസ് ചിത്ര, അസിസ്റ്റന്റ് കളക്ടര്‍ ആശ അജിത്ത്, എ ഡി എം ഐ. അബ്ദുല്‍ സലാം, വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു. കൊല്ലം കോര്‍പ്പറേഷന്റെ വിവിധ ഡിവിഷനുകളിലായി എട്ടോളം ജലസ്രോതസുകള്‍ ശുചീകരിച്ചു. 55 ഡിവിഷനുകളിലും മാലിന്യ നിക്ഷേപം നടത്തുന്ന ഒരു സ്ഥലം കണ്ടെത്തി ശുചീകരണം നടത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് അതത് മേഖലകളിലെ കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി. പത്തനംതിട്ട നഗരത്തെ ചുറ്റി ഒഴുകുന്ന തച്ചന്‍പടി-കണ്ണന്‍കര നീര്‍ച്ചാലില്‍ നിന്ന് മാലിന്യം നീക്കിയാണ് മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്കും മാത്യു ടി. തോമസും ഹരിതകേരളം പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ഹരിതകേരളത്തിന്റെ ‘ഭാഗമായുള്ള വിവിധ പദ്ധതികള്‍ക്ക് ആരംഭമായി. പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ നീര്‍ച്ചാലിന്റെ ശുചീകരണ പ്രവര്‍ത്തനം തുടങ്ങി. തോടിനെ ശുചിയാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ മന്ത്രി മാത്യു ടി. തോമസ് ഇറിഗേഷന്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

പരിസര ശുചീകരണത്തില്‍ ജനങ്ങളുടെ മനോഭാവം മാറേണ്ടതുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. എം. എല്‍. എമാരായ വീണാജോര്‍ജ്, രാജു എബ്രഹാം, അടൂര്‍ പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, പത്തനംതിട്ട നഗരസഭാധ്യക്ഷ രജനി പ്രദീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി. കെ. ജേക്കബ്, എ.ഡി.എം അനു എസ്. നായര്‍, ഹാഫിസ് മുഹമ്മദ് ഷാഫി മൗലവി, ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ കുറിയാക്കോസ് മാര്‍ ക്ലിമിസ് മെത്രാപ്പോലീത്ത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി കമലാസനന്‍ നായര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, കുടുംബശ്രീ, എസ്.പി.സി, വിവിധ സംഘടനാ പ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്തിനും ഏതിനും പടിഞ്ഞാറോട്ട് നോക്കി യൂറോപ്യന്‍മാര്‍ ചവച്ചുതുപ്പിയതിനെ അതേപടി സ്വീകരിക്കുന്ന പൊങ്ങച്ച സംസ്‌കാരത്തിലേക്ക് പാഞ്ഞതാണ് കേരളത്തില്‍ ഇപ്പോഴുള്ള പല ആശങ്കകള്‍ക്കും കാരണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കൃഷിയിലേക്ക് മടങ്ങിയാല്‍ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിതകേരളം പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന്‍, നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാജോജോ, സബ്കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, നഗരസഭാംഗം ഡി.ലക്ഷ്മണന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ.രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍മാരായ കെ.ടി.മാത്യു, കെ.കെ.അശോകന്‍, പ്രഫ. നെടുമുടി ഹരികുമാര്‍, എബ്രഹാം അറയ്ക്കല്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി.ശശിധരന്‍പിള്ള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, വിവിധ വകുപ്പുകളുടെ മേധാവികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

കോട്ടയം ജില്ലാതല ഉദ്ഘാടനം മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് മാങ്ങാച്ചിറ പാടശേഖരത്ത് നെല്‍വിത്ത് വിതച്ച് വനം, ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിച്ചു. സംസ്ഥാനത്ത് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിത കേരളം മിഷന്‍ ജനകീയമുഖം നല്‍കുമെന്നും വികസന പ്രവര്‍ത്തനത്തോടൊപ്പം ജനങ്ങളുടെ വിവിധങ്ങളായ പ്രശ്‌നങ്ങളും ജനപങ്കാളിത്തത്തോടെ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ സുരേഷ് കുറുപ്പ്, സി.കെ. ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ സി.എ. ലത തുടങ്ങിയവര്‍ പങ്കെടുത്തു. പ്രമുഖ പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗാനാലാപനവും ചടങ്ങിന്റെ ഭാഗമായി നടന്നു. വികസനരംഗത്ത് പുതിയ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുന്ന ഹരിതകേരളം പദ്ധതികള്‍ ജനങ്ങള്‍ അഭിമാനബോധത്തോടെ ഏറ്റെടുക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു.

മുരിക്കാശ്ശേരി പാവനാത്മാ കോളേജ് ഓഡിറ്റോറിയത്തില്‍ ഹരിതകേരള മിഷന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍, ഫാ. ജയിംസ് മംഗലശ്ശേരി, തുടങ്ങിയവര്‍ സംസാരിച്ചു. കുത്തുങ്കല്‍ തോട് ദേവംമേട് മുതല്‍ പെരിയാര്‍ തീരം വരെയുള്ള 15 കിലോമീറ്റര്‍ വൃത്തിയാക്കല്‍ പ്രവൃത്തി ഉദ്ഘാടനം ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുലും പച്ചക്കറി തൈനടീല്‍ ഉദ്ഘാടനം സിനിമ സംവിധായകന്‍ വിനീഷ് നായരും നിര്‍വഹിച്ചു. കാക്കനാട്ട് ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.

അന്തരീക്ഷം, ജലം, മണ്ണ് എന്നിവ മലിനീകരിക്കപ്പെട്ടതുമൂലം നിലനില്പുതന്നെ അപകടത്തിലാകുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. മലിനീകരണം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള ശ്രമം ഉണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കാക്കനാട്ട് നഗരകേന്ദ്രത്തില്‍ 50 സെന്റോളം സ്ഥലത്ത് ജൈവപച്ചക്കറിക്കൃഷിക്ക് തുടക്കമിട്ടുകൊണ്ടാണ് ഹരിതകേരളം ജില്ലാതലപരിപാടികള്‍ ആരംഭിച്ചത്. പൗരബോധം വളര്‍ത്തുവാനുതകുന്ന വിധത്തില്‍ നമ്മുടെ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്ന് ജില്ലയിലെ ജലസംരക്ഷണപദ്ധതി ഉദ്ഘാടനം ചെയ്ത നടന്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടു.

പ്രകൃതിയെ സംരക്ഷിക്കാനുള്ള അടിയന്തരനടപടികള്‍ എടുത്തില്ലെങ്കില്‍ കുടിവെള്ളദൗര്‍ലഭ്യമടക്കമുള്ള വിപത്തുകള്‍ നാം നേരിടേണ്ടി വരും. മാലിന്യം കുറയ്ക്കാനുള്ള വഴികളും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. സാമ്പത്തിക നഷ്ടം സഹിക്കേണ്ടി വരുന്നതുകൊണ്ടാണ് കേരളത്തില്‍ കൃഷിചെയ്യാന്‍ ആളുകള്‍ മുമ്പോട്ടു വരാത്തതെന്ന് കാര്‍ഷികപദ്ധതി ഉദ്ഘാടനം ചെയ്ത നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതെ കൃഷി ലാഭകരമാക്കാനാവില്ല. കൃഷിയോടൊപ്പം നാടന്‍ പശുവളര്‍ത്തലും പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ഹൈബി ഈഡന്‍ എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശാ സനല്‍, മുന്‍ എംപി പി.രാജീവ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ മുത്തലിബ്, ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ അദീല അബ്ദുള്ള, അസിസ്റ്റന്റ് കളക്ടര്‍ രേണുരാജ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ, ക്ലബ്ബുകള്‍ തുടങ്ങി സമൂഹത്തിലെ സമസ്ത മേഖലകളില്‍ നിന്നും വിപുലമായ പ്രാതിനിധ്യമാണ് ജില്ലാതല ഉദ്ഘാടനചടങ്ങിലുണ്ടായിരുന്നത്. തൃശൂര്‍ ജില്ലാതല ഉദ്ഘാടനം വ്യവസായ വകുപ്പു മന്ത്രി ഏ.സി. മൊയ്തീന്‍ നിര്‍വഹിച്ചു.

നെന്മണിക്കര പഞ്ചായത്തിലെ മണലിപ്പുഴ നവീകരിച്ചുകൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത് ഹരിതകേരളം പദ്ധതി ജനീകയ പങ്കാളിത്തോടെ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ജനപ്രതിനിധികള്‍ക്കൊപ്പം പൊതുജനങ്ങളും പദ്ധതിയുടെ ഭാഗമാവണമെന്നും മന്ത്രി ഏ.സി.മൊയ്തീന്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീലാ വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നടന്‍ ജയരാജ് വാര്യര്‍ വിശിഷ്ടാതിഥിയായിരുന്നു. കാര്‍ഷിക മേഖലയെ സമൃദ്ധിയിലെത്തിച്ച് കേരളത്തിന്റെ പുന:സൃഷ്ടി സാധ്യമാക്കാന്‍ ഹരിതകേരളം മിഷന്‍ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് ഭക്ഷ്യ-സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. പുലാപ്പറ്റ-മണ്ടഴിയില്‍ ഹരിതകേരളം മിഷന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതിയുടെ വെല്ലുവിളിക്ക് കാരണക്കാരായ നമ്മള്‍ തന്നെ ആ വെല്ലുവിളി തരണം ചെയ്യാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

കോളശ്ശേരി പുത്തന്‍കുളത്തിന്റെ നവീകരണത്തോടെയാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുന്നത്. 43 സെന്റുള്ള പുത്തന്‍കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികളെ വിനിയോഗിച്ചാണ് നടത്തുക. 15 ലക്ഷമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1791 ദിവസങ്ങളാണ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമു ള്ളത്. പുത്തന്‍കുളം നവീകരിക്കുന്നതോടെ സമീപ പ്രദേശത്തെ ധാരാളം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാവും. പരിപാടിയില്‍ പി.ഉണ്ണി എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി , ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, കുടുംബശ്രീ-ആശാ പ്രവര്‍ത്തകര്‍, എന്‍.സി.സി, എന്‍.എസ്.എസ് , സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. നാടിന്റെ പരിസ്ഥിതിയും പച്ചപ്പും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം സമൂഹത്തിന്റെ പങ്കാളിത്തവുമുണ്ടായാല്‍ മാത്രമേ ലക്ഷ്യം സാക്ഷാത്കരിക്കാനാവൂ എന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞു. ഹരിതകേരളം മിഷന്‍ കോഴിക്കോട് ജില്ലാതല പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സരോവരം ബയോ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. നിലവിലുളള കൃഷിയിടങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുമെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബൂ പറശ്ശേരി, വിവിധ വകുപ്പ് തലവന്‍മാര്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഹരിതകേരളം പദ്ധതി പൂര്‍ത്തിയാകുന്നതോടെ മുന്‍തലമുറകള്‍ നമുക്കു കൈമാറിയ അരുവികളുടെയും പച്ചപ്പുകളുടെയും പൂമ്പാറ്റകളുടെയും പ്രശാന്ത സുന്ദരമായ കേരളം പു:നസൃഷ്ടിക്കപ്പെടുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രത്യാശ പ്രകടിപ്പിച്ചു. പനമരം എരനല്ലൂര്‍ ക്ഷേത്രക്കുളം നവീകരിച്ചുകൊണ്ടുള്ള ഹരിതകേരളത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഒ.ആര്‍.കേളു എം.എല്‍.എ. പ്രകൃതിയിലേക്ക് മടങ്ങാതെ രക്ഷയില്ല എന്ന അവസ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. വയനാട് മരുഭൂമിയാവാന്‍ അധികനാള്‍ വേണ്ടിവരില്ലെന്ന എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ നിരീക്ഷണങ്ങള്‍ മുഖവിലയ്‌ക്കെടുക്കണമെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. ആശയപരമായി ദീര്‍ഘവീക്ഷണമുള്ള പദ്ധതിയാണ് ഹരിതകേരളമെന്നും ഇത് വയനാട്ടില്‍ അനുകൂല സാഹചര്യമൊരുക്കുമെന്നും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി സ്വാഗതമാശംസിച്ചു. വയനാടിന്റെ സംരക്ഷണം തെക്കെ ഇന്ത്യയുടെ കൂടി സംരക്ഷണമാണെന്നും ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി അഭിപ്രായപ്പെട്ടു. പുരാതനമായ ചിറക്കല്‍ ചിറ ശുചീകരണത്തോടെയാണ് കണ്ണൂര്‍ ജില്ലയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.

16.7 ഏക്കര്‍ വിസ്ത്രൃതിയുള്ള ചിറക്കല്‍ചിറ ഏറെക്കാലമായി പായലും ആമ്പലുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും മൂടി കിടക്കുകയായിരുന്നു. രാവിലെ എട്ട് മണിയോടെ ചിറയുടെ ചുറ്റുമായി അണിനിരന്ന അയ്യായിരത്തിലേറെ വരുന്ന ജനസഞ്ചയം ഹരിതകേരളം മിഷന്‍ ജനങ്ങള്‍ നെഞ്ചേറ്റുവാങ്ങിയതിന്റെ തെളിവായിരുന്നു. മന്ത്രിമാരായ കെ കെ ശൈലജടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിറ ശുചീകരണ പ്രവൃത്തിക്ക് തുടക്കമിട്ടത്. സാഹിത്യകാരനായ ടി പത്മനാഭന്‍, മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പത്‌നി ശാരദടീച്ചര്‍, ചിത്രകാരന്‍ എബി എന്‍ ജോസഫ്, ചിറക്കല്‍ രാജ സി കെ രവീന്ദ്രവര്‍മ, ഫുട്‌ബോള്‍ താരം കെ വി ധനേഷ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം പരിപാടിക്ക് മിഴിവേകി. ജയിംസ് മാത്യു എംഎല്‍എ, മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അബ്ദുള്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ ടി ശശി, മലയാള മനോരമ കോ ഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ എം ബാബുരാജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, യുവജന, സാമൂഹ്യ സംഘടന പ്രതിനിധികള്‍ തുടങ്ങിയവരും സംബന്ധിച്ചു. തലശ്ശേരി മൂഴിക്കര വണ്ണത്താന്‍കുളം നവീകരണ പ്രവൃത്തി ഉദ്ഘാടന പരിപാടിയില്‍ സാഹിത്യകാരന്‍ എം മുകുന്ദന്‍, ചിത്രകാരന്‍ കെ കെ മാരാര്‍, കവി മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ പങ്കെടുത്തു. ഇ പി ജയരാജന്‍ എംഎല്‍എ മട്ടന്നൂരിലും സി കൃഷ്ണന്‍ എംഎല്‍എ പയ്യന്നൂര്‍ തായിനേരിയിലും സണ്ണി ജോസഫ് എംഎല്‍എ ഇരിട്ടിയിലും ഹരിത കേരളം മിഷന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അഴുക്കില്‍ നിന്ന് അഴകിലേക്ക് എന്ന പേരില്‍ കണ്ണൂര്‍ ജില്ലയില്‍ പുഴകളുടെ ശുചീകരണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പിലാക്കുകയാണ്.

ഇതിന്റെ ഭാഗമായി ആലക്കോട് രയരോം പുഴ വൃത്തിയാക്കല്‍, അഞ്ചരക്കണ്ടി മാമ്പത്തോട് തടയണ നിര്‍മാണം തുടങ്ങിയ പ്രവൃത്തികളും വ്യാഴാഴ്ച ആരംഭിച്ചു. ജില്ലയിലെ 1500 ഓളം തദ്ദേശസ്ഥാപന വാര്‍ഡുകളിലും വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും വിവിധ സ്ഥലങ്ങളില്‍ ജലസംരക്ഷണ-ശുചീകരണ-കാര്‍ഷിക പ്രവൃത്തികള്‍ സംഘടിപ്പിച്ചു. ജില്ലയിലാകെ രണ്ട് ലക്ഷത്തിലേറെ പേരാണ് ഹരിത കേരളം മിഷന്‍ സന്ദേശം ഹൃദയത്തിലേറ്റി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. മലപ്പുറത്ത് ഹരിതകേരള മിഷന്റെ ജില്ലാതല ഉദ്ഘാടനം വളാഞ്ചേരി നഗരസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി നാലര ലക്ഷം മഴക്കുഴി നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി മലപ്പുറത്തെ സമ്പൂര്‍ണ്ണ മഴക്കുഴി ജില്ലയായി മന്ത്രി പ്രഖ്യാപിച്ചു. കാവുംപുറം വായനശാലയുടെ പൊതു കിണര്‍ റീചാര്‍ജിങ് പദ്ധതി ഉദ്ഘാടനവും കുറ്റിപ്പുറം മിനി പമ്പയില്‍ തടയണ നിര്‍മാണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

കോട്ടക്കല്‍ നഗരസഭയില്‍ തുടങ്ങുന്ന കിണര്‍ റീചാര്‍ജിങ് പദ്ധതി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1110 ഏക്കര്‍ സ്ഥലത്ത് കൃഷി ഇറക്കുന്നതിനുള്ള പദ്ധതിക്ക് വളാഞ്ചേരി മൈലാടിയില്‍ തുടക്കമായി. പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ.യാണ് ഉദ്ഘാടനം ചെയ്തത്. സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് പിന്‍വശത്തുള്ള 60 സെന്റ് സ്ഥലത്ത് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജൈവകൃഷി പദ്ധതിയുടെ ഉദ്ഘാടനം വാഴ നട്ട് ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. മലപ്പുറം ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്ലീന്‍-ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓഫീസുകള്‍ക്ക് മാലിന്യ സംഭരണികള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണനും ജില്ലാ കലക്ടര്‍ അമിത് മീണയും ചേര്‍ന്ന് നിര്‍വഹിച്ചു. ജൈവ മാലിന്യങ്ങളും അജൈവ- പാഴ്‌വസ്തു മാലിന്യങ്ങളും ശേഖരിക്കുന്നതിന് വെവ്വേറെ സംഭരണികളാണ് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 25 ഓഫീസുകള്‍ക്കുള്ള 50 ബിന്നുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. അവശേഷിക്കുന്ന 55 ഓഫീസുകള്‍ക്കുള്ള സംഭരണികള്‍ ഉടന്‍ വിതരണം ചെയ്യും. കാസര്‍കോട് ജില്ലാതല ഉദ്ഘാടനം നീലേശ്വരം നഗരസഭയിലെ കോവിലകം ചിറ ശുചീകരിച്ച് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു.

ജനപങ്കാളിത്തത്തോടെ നാടിനെ രക്ഷിക്കാനുളള മഹത്തായ യജ്ഞമാണ് ഹരിതകേരളമിഷനെന്ന് അദ്ദേഹം പറഞ്ഞു. ചിറയുടെ പരിസരത്ത് നടന്ന ഉദ്ഘാടന യോഗത്തില്‍ എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഹരിതകേരള സന്ദേശം നല്‍കി. ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു പദ്ധതി അവതരിപ്പിച്ചു. കഥാകൃത്ത് അംബികാസുതന്‍ മാങ്ങാട്, നീലേശ്വരം കോവിലകത്തിന്റെ പ്രതിനിധി രാധാകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കാസര്‍കോട് നഗരസഭാതല ഉദ്ഘാടനം കാസര്‍കോട് ജി യു പി സ്‌കൂള്‍ കിണര്‍ വൃത്തിയാക്കിക്കൊണ്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...