വാര്‍ത്തകള്‍

06
Dec

ഹരിതകേരളത്തിന്റെ മാതൃകയാകാന്‍ പുന്നക്കുളം

നാലേക്കറില്‍ എള്ള് കൃഷിക്ക് വിത്തിറക്കാന്‍ നിലമൊരുങ്ങുന്നു. ബാക്കി പത്തേക്കറിലേറെ വരുന്ന കരപ്രദേശത്ത് വാഴയും പയര്‍ വര്‍ഗങ്ങളും കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പ്. ഹരിതകേരളം പദ്ധതിയിലൂടെ സംസ്ഥാനത്തിനുതന്നെ മാതൃകയാകുകയാണ് കുലശേഖരപുരം പഞ്ചായത്തിലെ പുന്നക്കുളം ഗ്രാമം.

ഹരിതകേരളം മിഷന്റെ ജില്ലാതല ഉദ്ഘാടനത്തിന് പുന്നക്കുളത്തെ കൃഷിയിടം തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശത്തിലാണ് ഗ്രാമപഞ്ചായത്തംഗം ജുമൈലത്തിന്റെ നേതൃത്വത്തിലുള്ള ഗ്രാമജ്യോതി ജൈവകര്‍ഷക സംഘം എന്ന സ്ത്രീകളുടെ കൂട്ടായ്മ.  അവര്‍ക്ക് പിന്തുണയുമായി ആര്‍. രാമചന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സദാസമയവും രംഗത്തുണ്ട്. വിവിധ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനത്തിന്റെ വിജയകരമായ അടയാളമാവുകയാണ് പുന്നക്കുളം. ഡിസംബര്‍ എട്ടിന് വൈകിട്ട് നാലിന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഹരിതകേരളം മിഷന്റെ ജില്ലാതല ഉദ്ഘാടനം ഇവിടെ നിര്‍വഹിക്കും.

കൃഷിവകുപ്പിന്റെ തരിശുനില കൃഷി പദ്ധതിയില്‍നിന്ന് ട്രാക്ടര്‍ അടക്കമുള്ള സൗകര്യങ്ങളും മറ്റ് സാങ്കേതിക സഹായവും സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് ലഭിക്കുന്നു. കൃഷിക്ക് ആവശ്യമായ എള്ളിന്‍വിത്ത് നല്‍കുന്നത് ഓണാട്ടുകര വികസന ഏജന്‍സിയാണ്. പച്ചക്കറിത്തൈകള്‍ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍നിന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞു. നിലമൊരുക്കാന്‍ തൊഴിലുറപ്പ് പദ്ധതിയില്‍നിന്നുള്ള തൊഴിലാളികളുടെ സേവനമാണ് പ്രയോജനപ്പെടുത്തിയത്. 14 ഏക്കര്‍ കൃഷിയോഗ്യമാക്കാന്‍ 885 മനുഷ്യദിനങ്ങള്‍ വിനിയോഗിച്ചു.

സമീപ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ച് എള്ളുകൃഷി ഇരുന്നൂറ് ഹെക്ടറില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വെള്ളക്കെട്ടില്ലാത്ത പാടങ്ങളും മണല്‍ കലര്‍ന്ന  നീര്‍വാഴ്ച്ചയുള്ള കരപ്രദേശവുമുള്ളതിനാലാണ് ഇവിടം എള്ള് കൃഷിക്ക് അനുയോജ്യമാകുന്നത്. ഒരേക്കറില്‍നിന്ന് 600 മുതല്‍ 800 കിലോവരെ എള്ളുത്പാദനമാണ് ഗ്രാമജ്യോതിയുടെ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. കായംകുളം നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത കായംകുളം-1 എന്ന വിത്തിനമാണ് ഉപയോഗിക്കുക. പത്തു കിലോ എള്ള് ആട്ടിയാല്‍ നാലരക്കിലോ എണ്ണ കിട്ടും. എള്ളിന് കിലോയ്ക്ക് 140 രൂപയും എണ്ണയ്ക്ക് 300 രൂപയ്ക്ക് മുകളിലും ലഭിക്കുമെന്നത് കൃഷിയെ ആകര്‍ഷകമാക്കുന്നു.

ഓച്ചിറ, ക്ലാപ്പന,തഴവ, തൊടിയൂര്‍, കുലശേഖരപുരം, കരുനാഗപ്പള്ളി എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ ‘ഒക്റ്റാക്’ ആരംഭിച്ച പ്രോസസിംഗ് യൂണിറ്റിലാണ് എള്ളെണ്ണ  തയ്യാറാക്കുന്നത്. ആധുനിക പാക്കിംഗോടെ ഓണാട്ടുകര എള്ളെണ്ണ എന്ന ബ്രാന്‍ഡ് നെയിമിലാണ് വിപണിയിലെത്തിക്കുന്നത്. ആദിനാട് വെളിച്ചെണ്ണ എന്ന ബ്രാന്‍ഡില്‍ വെളിച്ചെണ്ണയും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. പുന്നക്കുളം ആലുംമൂട്ടില്‍ പരേതനായ ശങ്കരപ്പിള്ളയുടെ കുടുംബമാണ് കൃഷിയിറക്കാന്‍ ഭൂമി നല്‍കി സഹകരിച്ചത്.

ആര്‍. രാമചന്ദ്രന്‍ എം.എല്‍.എക്കൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ലി ശ്രീകുമാര്‍,  കെ.എസ്. പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗിരിജാകുമാരി, ബി.ഡി.ഒ ആര്‍. അജയകുമാര്‍, എ.ഡി.എ ബി. ശ്രീകുമാരി, കൃഷി ഓഫീസര്‍ വി.ആര്‍. ബിനീഷ്, എന്‍.ആര്‍.ഇ.ജി.എസ് എന്‍ജിനീയര്‍ സിനി ബേക്കര്‍ തുടങ്ങിയവര്‍ ഇന്നലെ പുന്നക്കുളത്തെ കൃഷിയിടം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.

 (പി.ആര്‍.കെ.നമ്പര്‍-1880/16)

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...