വാര്‍ത്തകള്‍

05
Dec

ഹരിതകേരളം ജില്ലാതല മിഷന്റെ കളക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രസംഗിക്കുന്നു

ഹരിതകേരളം ജില്ലാതല മിഷന്റെ കളക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രസംഗിക്കുന്നു. കെ.കെ. നീനു, സൗമിനി ജയിന്‍, ആശ സനല്‍, കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, എം.എല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളി വി.പി.  സജീന്ദ്രന്‍ തുടങ്ങിയവര്‍ സമീപം.

ഹരിതകേരളം മിഷന്റെ ജില്ലാതല ഉദ്ഘാടനം നടക്കുന്ന കാക്കനാട് ബസ് സ്റ്റാന്റിന് സമീപമുള്ള പ്രദേശം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്നു.

നീര്‍ത്തടാധിഷ്ഠിത വികസനത്തിലൂടെ ജലസമ്പത്തും പച്ചപ്പും വീണ്ടെടുക്കണം: മന്ത്രി രവീന്ദ്രനാഥ്

കൊച്ചി: നീര്‍ത്തടാധിഷ്ഠിത വികസന മാതൃകയിലൂടെ എറണാകുളം ജില്ലയുടെ ജലസമ്പത്തും പച്ചപ്പും വീണ്ടെടുക്കുന്നതിന് ഹരിതകേരളം പദ്ധതിയില്‍ മുന്‍തൂക്കം നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കായലുകളും പുഴകളും തോടുകളും കൊണ്ട് ജലസമൃദ്ധമായിരുന്ന ജില്ലയുടെ സ്വഭാവം കണക്കിലെടുത്ത് സുസ്ഥിരവും തുടര്‍ച്ചയുള്ളതുമായ വികസന പദ്ധതികള്‍ക്ക് ഹരിതകേരളത്തില്‍ തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ എട്ടിന് തുടക്കം കുറിക്കുന്ന ഹരിതകേരളം പദ്ധതിയില്‍ ത്രിതല പഞ്ചായത്ത് തലത്തിലും നഗരസഭകളിലും നടത്തിയ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സാക്ഷരതാ യജ്ഞത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും മാതൃകയില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ഹരിതകേരളം വിഭാവനം ചെയ്തിരിക്കുന്നത്. നാടിന്റെ പരിസ്ഥിതി സന്തുലനം ഉറപ്പാക്കുന്നതിനുള്ള ജനകീയ ഇടപെടലാണ് ഹരിതകേരളം. ജില്ലയിലെ പഞ്ചായത്ത് വാര്‍ഡുകളിലും നഗരസഭ ഡിവിഷനുകളിലും ഇതുമായി ബന്ധപ്പെട്ട് ഒരു പ്രവര്‍ത്തനമെങ്കിലും ഡിസംബര്‍ എട്ടിന് നടന്നുവെന്ന് ഉറപ്പുവരുത്തണം. ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വലിയ ലക്ഷ്യങ്ങളിലേക്ക് ജനങ്ങളുടെ മനസിനെ ഒരുക്കുന്നതിനുള്ള തുടക്കമാണിതെന്നും മന്ത്രി പറഞ്ഞു.

ജലാശയങ്ങളുടെ സംരക്ഷണത്തിനൊപ്പം ഇവിടേക്ക് ജലമെത്തിക്കുന്ന നീര്‍ച്ചാലുകള്‍ പുനഃസ്ഥാപിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കണം. മണ്ണില്‍ വേരുപടലങ്ങള്‍ വ്യാപിപ്പിച്ച് ജലം സംഭരിക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഹരിതകേരളത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പച്ചക്കറിക്കൃഷി, വൃക്ഷവല്‍ക്കരണം എന്നിവയിലൂടെ നിറവേറ്റപ്പെടുക. പ്രാദേശികമായി സംഘടിപ്പിക്കുന്ന പരിപാടികളില്‍ വിവിധ മേഖലകളിലെ പ്രമുഖരുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കേവലം പ്രചാരണമെന്നതിലുപരിയായി സമഗ്രമായും ദിശാബോധത്തോടെയുമാണ് ഹരിതകേരളത്തിനായുള്ള പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടത്. തുടര്‍പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ അവിഭാജ്യഘടകമാണ്. ഇക്കാര്യത്തില്‍ എറണാകുളം സംസ്ഥാനത്തിന് മാതൃകയാകണം. തലമുറകള്‍ക്കായി കേരളം ഏറ്റെടുത്തിരിക്കുന്ന ദൗത്യമാണ് ഹരിതകേരളമെന്ന അവബോധം വ്യാപിപ്പിക്കാന്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ കെ. മുഹമ്മദ്.വൈ.സഫിറുല്ല അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി.ടി. തോമസ്, വി.പി. സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, മേയര്‍ സൗമിനി ജയിന്‍, തൃക്കാക്കര നഗരസഭ ചെയര്‍പഴ്‌സണ്‍ കെ.കെ. നീനു, എഡിഎം സി.കെ. പ്രകാശ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ടിംപിള്‍ മാഗി തുടങ്ങിയവരും പ്രസംഗിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരും സെക്രട്ടറിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ഹരിതകേരളം ഉദ്ഘാടനം കാക്കനാട്

കൊച്ചി: ഹരിതകേരളം മിഷന്റെ ജില്ലാതല ഉദ്ഘാടനത്തിന് വേദിയാകുന്നത് കാക്കനാട്. ജില്ലാ പഞ്ചായത്ത് ആസ്ഥാനത്തിനും ബസ് സ്റ്റാന്റിനും സമീപം മാലിന്യം വ്യാപിച്ചു കിടക്കുന്ന ഒരേക്കറോളം വരുന്ന പ്രദേശം ഡിസംബര്‍ എട്ടിന് ശ്രമദാനത്തിലൂടെ വൃത്തിയാക്കി പച്ചക്കറിത്തോട്ടമാക്കി മാറ്റും. രാവിലെ ഒമ്പതിന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിക്കും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, റസിഡന്റ്‌സ് അസോസിയേഷന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശ്രമദാനത്തില്‍ പങ്കെടുക്കും.

അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് ജൈവപച്ചക്കറിക്കൃഷി നടത്തുന്ന പദ്ധതിയുടെ ഭാഗമായി 17000 അയല്‍ക്കൂട്ടങ്ങള്‍ക്ക് പച്ചക്കറിത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം ജില്ലാ പഞ്ചായത്തില്‍ നടക്കും. ഓരോ അയല്‍ക്കൂട്ടവും കുറഞ്ഞത് മൂന്നു സെന്റ് സ്ഥലത്ത് കൃഷി നടത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറിവിത്തുകളും വിതരണം ചെയ്യും.

ഹരിതകേരളത്തിന് വെബ്‌സൈറ്റ്

കൊച്ചി: ഹരിതകേരളത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനസജ്ജമായി. harithaernakulam.in ആണ് വെബ്‌സൈറ്റ് വിലാസം. വെബ്‌സൈറ്റില്‍ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ സാങ്കേതികവിദഗ്ധര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പരിപാടി ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റില്‍ നടക്കും.

Leave a Reply

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...