വാര്‍ത്തകള്‍

02
Mar

പതിമൂന്നാം പദ്ധതിയിൽ ഹരിതകേരളം

പതിമൂന്നാം പഞ്ചവത്സരപദ്ധതിക്കായി കേരളം ഒരുങ്ങുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള മുന്നൊരുക്കം എല്ലാ മേഖലയിലും നടക്കുന്നുണ്ട്. 13-ആം പദ്ധതിയിൽ, ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടമായി കൂടുതല്‍ ജനകീയപങ്കാളിത്തത്തോടെയാകണമെന്നും ‘നവകേരളത്തിനായി ജനകീയാസൂത്രണം’”എന്നതാണ് പുതിയ മുദ്രാവാക്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നവകേരളസൃഷ്ടിക്കായി രണ്ടുലക്ഷം കോടി രൂപ 13-ആം പദ്ധതിയിൽ വിനിയോഗിക്കാനും ഇതില്‍ 60,000 കോടിയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കായി നല്‍കുമെന്നും പ്രഖ്യാപിച്ചത് പദ്ധതിയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ ഉണര്‍ത്താന്‍ സഹായമായി.

കാലോചിതമായ മാറ്റത്തോടെ കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ക്കനുസരിച്ച് എല്ലാ മേഖലയുടെയും വളര്‍ച്ച ലക്ഷ്യമാക്കിയുള്ള കര്‍മപദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുകയാണ് 13-ആം പദ്ധതിയിൽ കേരളം ചെയ്യുക. ഇതിനായി നവകേരളമിഷന്‍” രൂപംകൊടുത്ത് പ്രവര്‍ത്തനം തുടങ്ങി. ഇതില്‍ പ്രധാനപ്പെട്ട നാലു മിഷനുകള്‍ ഉള്‍പ്പെടുന്നു. ആരോഗ്യം, ഭവനനിര്‍മാണം, വിദ്യാഭ്യാസം എന്നീ മേഖലകളാണ് മൂന്നെണ്ണമെങ്കില്‍ കേരളത്തിന്റെ കാര്‍ഷിക പാരിസ്ഥിതിക മേഖലയെയാകെ ലക്ഷ്യമിട്ടുള്ള മര്‍മപ്രധാനമായ ഹരിതകേരളം മിഷനാണ് മറ്റൊന്ന്. ഇതില്‍ സമഗ്രവും സുസ്ഥിരവുമായ കാര്‍ഷികോല്‍പ്പാദനം, മണ്ണ്-ജല സംരക്ഷണം, പരിസ്ഥിതിസംരക്ഷണം, ജൈവകൃഷി, മാലിന്യനിര്‍മാര്‍ജനം, ശുചിത്വകേരളം എന്നിവയ്‌ക്കൊക്കെ ഊന്നല്‍ നല്‍കുന്നു.

പതിമൂന്നാം പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ പ്രസക്തിയെന്താണെന്ന് പരിശോധിക്കാം. സമഗ്രവും സുസ്ഥിരവുമായ കാര്‍ഷികോല്‍പ്പാദനം ഉണ്ടാക്കുക എന്നതാണ് മുഖ്യലക്ഷ്യം. കേരളത്തിന്റെ ഇന്നത്തെ കാര്‍ഷികാവസ്ഥ ഭീതിദമാണ്. കൃഷിയില്‍ ഉല്‍പ്പാദനം കുറഞ്ഞുവരുന്നു. ജലസേചനം ഉള്‍പ്പെടെയുള്ള ഭൌതികസാഹചര്യങ്ങള്‍ കുറയുന്നു. മണ്ണിന്റെ പോഷകക്കുറവും വരള്‍ച്ചയും വര്‍ധിക്കുന്നു. കാലാവസ്ഥയുടെ വ്യതിയാനം വഴി കൃഷിയിലും ജലലഭ്യതയിലും വലിയ ഇടിവ് സംഭവിച്ചു. ആധുനിക യന്ത്രോപകരണത്തിന്റെ പരിമിതി, തൊഴിലാളിക്ഷാമം, കൈവശഭൂമിയുടെ തുണ്ടുവല്‍ക്കരണം ജൈവവളക്ഷാമം, കന്നുകാലിവളര്‍ത്തലില്‍നിന്നുള്ള പിന്മാറ്റം, വിലത്തകര്‍ച്ച, പുതിയ തലമുറയുടെ ഈ മേഖലയില്‍നിന്നുള്ള പിന്‍വലിയല്‍ ഇങ്ങനെ ഇനിയും ഏറെ പ്രശ്നങ്ങള്‍ നിരത്താനുണ്ട്. ഇവ പരിഹരിക്കാനുള്ള, സുസ്ഥിരമായ ഉല്‍പ്പാദനലഭ്യത ഉണ്ടാക്കാനുള്ള വികസന സമീപനമാണ് 13-ആം പദ്ധതിയിൽ ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്.

മണ്ണ്, ജലസംരക്ഷണം കേരളത്തിന്റെ കിടപ്പനുസരിച്ച് ഏറ്റവും അനിവാര്യമാണ്. ഒരു ഹെക്ടറില്‍നിന്ന് ഒരുവര്‍ഷം മൂന്നുമുതല്‍ ഏഴു ടണ്‍വരെയാണ് വളക്കൂറുള്ള മേല്‍മണ്ണ് ഒലിച്ചുപോകുന്നത്. ഇത് തടയാന്‍ പലമാര്‍ഗവും നിലവിലുണ്ട്. പദ്ധതിയിലൂടെ ഇത് പ്രാവര്‍ത്തികമാക്കണം. മണ്ണിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിക്കണമെങ്കില്‍ ജൈവവളം അനിവാര്യമാണ്. എന്നാല്‍, വലിയ ജൈവവളക്ഷാമം കേരളം അനുഭവിക്കുന്നു. ഇത് പരിഹരിക്കാന്‍ കന്നുകാലിവളര്‍ത്തല്‍ അനുപൂരകമായി ഉണ്ടായേ പറ്റൂ. മൃഗസംരക്ഷണ മേഖലയിലെ ലക്ഷ്യം ഇതായി മാറണം. ഒപ്പം പാല്‍, മാംസം, മുട്ട എന്നിവയുടെ അന്യസംസ്ഥാനാശ്രയം തടയാനും സ്വയംപര്യാപ്തമാകാനുമുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനം ആവശ്യമാണ്. കൂടാതെ സൂക്ഷ്മാണു വളപ്രയോഗം, അധികോല്‍പ്പാദനം നല്‍കുന്ന വിത്തിനങ്ങളുടെ ഉപയോഗം, ആധുനിക യന്ത്രസാമഗ്രികളുടെ കൂട്ടായ്മയിലൂടെയുള്ള പ്രയോഗം എന്നിവ കൂടുതല്‍ വ്യാപകമാക്കണം. വടക്കെ ഇന്ത്യ യന്ത്രോപകരണങ്ങളിലൂടെ കാര്‍ഷികമേഖലയില്‍ മുന്നേറ്റമുണ്ടാക്കുമ്പോള്‍ കേരളം മടിച്ചുമടിച്ചാണ് സ്വീകരിക്കുന്നത്. കൂട്ടായ്മയിലൂടെ മാറ്റമുണ്ടാക്കാമെന്ന് 1987ലെ നായനാര്‍ സര്‍ക്കാര്‍ നെല്‍ക്കൃഷിയിലെ ഗ്രൂപ്പ് ഫാമിങ് വഴിയും തെങ്ങുപോലുള്ള നാണ്യവിളകളിലെ ഗ്രൂപ്പ് മാനേജ്മെന്റ് സിസ്റ്റം വഴിയും നമുക്ക് കാട്ടിത്തന്നതാണ്. ഗാലസ പദ്ധതിവഴി നെല്‍ക്കൃഷിയിലും വലിയ മാറ്റമുണ്ടാക്കിയ കാര്യം ശ്രദ്ധേയമാണ്. ഇത്തരം കൂട്ടായ്മകള്‍ക്ക് 13-ആം പദ്ധതിയിൽ ഊന്നല്‍ നല്‍കുന്നു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ അഗ്രോ സര്‍വീസ് സെന്ററുകള്‍ സ്ഥാപിച്ച് കൂടുതല്‍ യന്ത്രവല്‍ക്കരണം നടത്തുകയും വര്‍ധിച്ചുവരുന്ന തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ തൊഴില്‍സേനകള്‍ രൂപീകരിക്കുന്നതിനും അവര്‍ക്കാവശ്യമായ പരിശീലനം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ 13-ാംപദ്ധതി പ്രത്യേകം ഊന്നല്‍ നല്‍കുന്നു..

നെല്‍ക്കൃഷിയില്‍നിന്ന് കേരളം വളരെയേറെ അകന്നു. 19-ആം നൂറ്റാണ്ടുവരെ അരിയുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ച കേരളം, ഇന്ന് ആവശ്യത്തിന്റെ ആറിലൊന്നുപോലും ഉല്‍പ്പാദിപ്പിക്കുന്നില്ല. നെല്‍ക്കൃഷിയുടെ വിസ്തൃതി 8.78 ലക്ഷം ഹെക്ടറില്‍നിന്ന് 1.98 ആയി ചുരുങ്ങി. ഇതിന് പ്രധാന കാരണം പലരും തുണ്ടുവല്‍ക്കരിച്ച ഭൂമിയുടെ ഉടമകളായി ചുരുങ്ങിവരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ കാര്‍ഷികവൃദ്ധി അനാദായകരമാണെന്നു കണ്ട് ഉപേക്ഷിക്കുകയോ തരിശിടുകയോ ചെയ്യുന്നു. ഇത് കേരളത്തിന്റെ ഭക്ഷ്യരംഗത്തുമാത്രമല്ല, മണ്ണിലെ ജല സാന്നിധ്യംപോലും കുറച്ചു. 13-ആം പദ്ധതിയിൽ നെല്‍ക്കൃഷിയെ പരമാവധി തിരിച്ചുകൊണ്ടുവന്ന് മൂന്നുലക്ഷം ഹെക്ടറായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. 2015ലെ കണക്കനുസരിച്ച് കേരളത്തില്‍ 1,20,000 ഹെക്ടര്‍ ഭൂമി തരിശിടുന്നുണ്ടെന്നാണ് സൂചന. പ്രതി വര്‍ഷം 25,000 ഹെക്ടര്‍ തരിശുഭൂമി കൃഷി ചെയ്യാന്‍ സാധിക്കണം. ഇങ്ങനെ ചെയ്താല്‍ പഞ്ചവത്സരപദ്ധതി കാലയളവിനകം തരിശുരഹിത സംസ്ഥാനമാകാന്‍ കഴിയും. നെല്‍ക്കൃഷിമാത്രം മൂന്നുലക്ഷം ഹെക്ടറാക്കി ഉയര്‍ത്താനും ഹരിതകേരളം ലക്ഷ്യമിടുന്നുണ്ട്.

ജൈവകൃഷിക്ക് മുന്തിയ പരിഗണന നല്‍കുന്നു. പച്ചക്കറിയിലും കിഴങ്ങുവര്‍ഗങ്ങളിലും പഴവര്‍ഗങ്ങളിലും ഇത് ഇപ്പോള്‍ത്തന്നെ പ്രായോഗികമാക്കാന്‍ പദ്ധതി ആരംഭിക്കേണ്ടതുണ്ട്. വിഷരഹിത പച്ചക്കറി എല്ലാ വീട്ടിലും ഉല്‍പ്പാദിപ്പിച്ച് സ്വയംപര്യാപ്തത കൈവരിക്കണം. 2017-18ല്‍ 50,000 ഹെക്ടറില്‍ വ്യാപിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതില്‍ നമ്മുടെ സ്വാശ്രയസംഘങ്ങള്‍, വിദ്യാലയങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവയെല്ലാം പ്രയോക്താക്കളായി മാറണം.

പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഓരോന്നിലും പാരിസ്ഥിതികപ്രശ്നങ്ങള്‍കൂടി കണക്കിലെടുക്കണമെന്ന് നിര്‍ബന്ധിക്കുന്നുണ്ട്. തന്റെ വീട്ടിലെ മാലിന്യം അയല്‍പക്കത്തെയോ ഒഴിഞ്ഞ മറ്റൊരിടത്തോ നിക്ഷേപിച്ചാല്‍ മാലിന്യം നിര്‍മാര്‍ജനമായി എന്ന നിലയില്‍ ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. ഇത് ശരിയല്ലെന്നും ശുചിത്വത്തിനും മാലിന്യസംസ്കരണത്തിനും പുതിയ അവബോധം സമൂഹത്തിലുണ്ടാകണമെന്നും ഇതനുസരിച്ചിട്ടുള്ള പ്രായോഗിക പദ്ധതികള്‍ ഓരോ പ്രദേശത്തും ഉണ്ടാകണമെന്നും 13-ആം പദ്ധതിയിൽ ഊന്നിപ്പറയുന്നു.

കേരളത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവില്‍വന്ന കണക്കനുസരിച്ച് 0.60 സെല്‍ഷ്യസ് ചൂട് വര്‍ധിച്ചുവരുന്നു എന്നതാണ്. ഇത് അന്തരീക്ഷ താപനിലമാത്രമല്ല, മണ്ണിന്റെ ഉപരിതലതാപനിലപോലും ഉയര്‍ത്തി മണ്ണിന്റെ ഉണക്കത്തിന് കാരണമാകുന്നു. മണ്ണിലെ ജലവിതാനം മൂന്നു മീറ്റര്‍മുതല്‍ ഏഴു മീറ്റര്‍വരെ താഴ്ന്നപ്രദേശങ്ങളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് പുറത്തുവന്നത്. ഇതിന് പരിഹാരം കാണാന്‍ കിണര്‍ ആഴംകൂട്ടുകയല്ല, മറിച്ച് പെയ്യുന്ന മഴവെള്ളത്തെ മണ്ണിലേക്കും റീചാര്‍ജുവഴി കിണറിലേക്കും മറ്റു ജലസ്രോതസ്സുകളിലേക്കും സംഭരിച്ചുനിര്‍ത്തുകയാണ് വേണ്ടത്. ഓരോ വികസനപ്രവര്‍ത്തനം മണ്ണില്‍ നടക്കുമ്പോഴും പരമാവധി പരിസ്ഥിതിബന്ധുവായ രൂപത്തിലാകണമെന്നും അതിനനുസരിച്ചുള്ള പ്രോജക്ടുകളുണ്ടാകണമെന്നും 13-ആം പദ്ധതിയിൽ വികസനസമീപത്തില്‍ ഊന്നിപ്പറയുന്നു.

ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത് ഈ പഞ്ചവത്സരപദ്ധതിക്കാലത്തെ വികസനം മാത്രമല്ല, 2030 വരെയെങ്കിലുമുള്ള ദീര്‍ഘകാല വികസന പരിപ്രേക്ഷ്യംകൂടിയാണ്. ഇത്തരത്തിലുള്ള വൈവിധ്യമാര്‍ന്ന പദ്ധതി ആസൂത്രണ പ്രക്രിയക്കാണ് രൂപംകൊടുക്കുന്നത്. ആസൂത്രണത്തിനും നിര്‍വഹണത്തിനും സമയനിഷ്ഠകൂടി ഉണ്ടാകണമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്. ആസൂത്രണത്തിന് വര്‍ഷത്തിന്റെ മുക്കാല്‍ഭാഗവും നിര്‍വഹണത്തിന് കാല്‍ഭാഗവും സമയം എന്ന ഇന്നത്തെ അവസ്ഥ മാറ്റി ആസൂത്രണമെന്നത് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ രണ്ടോ മൂന്നോ മാസങ്ങളിലൊതുക്കി നിര്‍വഹണം സാമ്പത്തികവര്‍ഷത്തിന്റെ ആദ്യംമുതല്‍തന്നെ നടത്തണമെന്നും 13-ആം പദ്ധതിയിൽ അടിവരയിട്ട് ഓര്‍മിപ്പിക്കുന്നു. അതിന്റെ ആദ്യപടിയായിട്ടാണ് ഈവര്‍ഷം കേരളം വരുംവര്‍ഷത്തെ പദ്ധതി രൂപീകരണത്തിനുള്ള മുന്നൊരുക്കപ്രവര്‍ത്തനം ജാഗ്രതയോടെ നടത്തിവരുന്നത്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...