വാര്‍ത്തകള്‍

02
Mar

ജൈവ കൃഷിയുടെ ഗോത്രമാതൃക

മണ്ണില്‍ നഗ്‌നപാദങ്ങള്‍ പതിപ്പിച്ച് പാടവരമ്പിലൂടെ ഒരു ചെറുപുഞ്ചിരിയോടെ രാമേട്ടന്‍ നടന്നു. എന്തുകൊണ്ട് ചെരുപ്പിടുന്നില്ല എന്നതിനു മരത്തില്‍ കയറാന്‍ കാലുകള്‍ എന്നും പരുക്കനാവണം എന്ന് രാമേട്ടന്റെ മറുപടി. പുറത്തെവിടെ പോകുമ്പോഴും പൊതിച്ചോറു കൊണ്ടുപോകുന്ന ശീലവും രമേട്ടനുണ്ട്. നിറങ്ങള്‍ ചേര്‍ത്ത പുതിയ ആഹാര സമ്പ്രദായത്തിന്റെ കലര്‍പ്പിനെ ഒഴിവാക്കാനുള്ള നിലപാടില്‍ നിന്ന് രൂപപ്പെട്ട ശീലം. സ്വതന്ത്രനാണ് എന്ന് ആ വയലില്‍ നിന്നുകൊണ്ട് രാമേട്ടന്‍ പറയുമ്പോള്‍ തന്റെ ചുറ്റിലും ചുഴറ്റുന്ന കാറ്റുപോലും അതേറ്റു പറയുന്നുണ്ടായിരുന്നു. എന്നാല്‍ രാമേട്ടന് ആ കാറ്റ് അന്ന് വൈകീട്ടുള്ള മഴയുടെ സൂചനയായിരുന്നു. പ്രകൃതിയെ അത്രമാത്രം മനസിലാക്കുകയും പ്രണയിക്കുകയും ചെയ്ത ഒരു മനുഷ്യന്‍, അതിന്റെ ഭാവവും ലാളിത്യവുമെല്ലാം തന്നെ തന്റെ വേഷത്തിലൂടെയും ജീവിത രീതിയിലൂടെയും ആസ്വദിക്കുന്നു എന്ന് ഓരോ വാക്കിലും മനസിലാക്കാം. അതുകൊണ്ടുതന്നെ പ്രകൃതിയെ കൂടുതല്‍ സൗന്ദര്യമുള്ളതാക്കാന്‍ രാമേട്ടന്‍ ശ്രദ്ധിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത വള്ളിയൂര്‍ക്കാവ് പുഴ മുറിച്ചുകടക്കുമ്പോള്‍ മണ്ണിന്റെ മനസറിയുന്ന, തനതായ 44 ഇനം വിത്തുകള്‍ക്ക് കാവലിരിക്കുന്ന രാമേട്ടനെ കാണാനുള്ള ആഗ്രഹം തന്നെയായിരുന്നു. ആദിവാസി കുറിച്യ വിഭാഗത്തില്‍പ്പെട്ട കേരളത്തിന്റെ ജൈവകര്‍ഷകന്‍ 2.8 ഹെക്ടെറോളം വരുന്ന തന്റെ കൃഷിയിടത്തില്‍ പ്രതീക്ഷയുടെ വിളവെടുപ്പ് നടത്തുകയാണ്. ഇതില്‍ ഒരു ഹെക്ടെര്‍ സ്ഥലത്ത് തനതു നെല്‍വിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷിയാണ്. പുറമെ മണ്ണിന്റെ സൗരഭ്യമുള്ള ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങ് വര്‍ഗങ്ങളും കറ്റാര്‍വാഴയും കരിംകൊട്ട, കരിവാലന്‍ കോട്ട, ഉതിരംകോട്ട, ചെറുവള്ളി, ഉപ്പൂത്തരന്‍ തുടങ്ങിയ കുരുമുളകിന്റെ വ്യത്യസ്ത ഇനങ്ങളും രാമേട്ടന്റെ കൃഷിയിടത്തിലുണ്ട്. ഇതെല്ലാം രാമേട്ടന്‍ കൃഷി ചെയ്യുന്നത് ലാഭം മാത്രം പ്രതീക്ഷിച്ചല്ല. ഒരു പക്ഷേ കാര്യമായ ലാഭവും രാമേട്ടനെ തേടിയെത്താറില്ല. എന്നിട്ടും പലരും ഉപേക്ഷിച്ചു പോയ കാര്‍ഷിക സംസ്‌കാരത്തില്‍ കാലൂന്നി ജീവിതം നയിക്കുന്നത് ഒരു ജനതയുടെ പാരമ്പര്യം ഈ മണ്ണും ഈ വിളവെടുപ്പുമാണെന്ന് വിളിച്ചു പറയാനാണ്.

കമ്മനത്തെ രാമേട്ടനെ അഥവാ ചെറുവയല്‍ രാമനെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ വീടിന്റെ സൗന്ദര്യത്തെക്കുറിച്ച് പറയാതെ വയ്യ. കളിമണ്ണു കൊണ്ടുണ്ടാക്കിയ, മൂന്നുമുറികളും നീണ്ട വരാന്തയുമുള്ള ആ വീടിനു 400 വര്‍ഷത്തെ വിതയുടെയും കൊയ്ത്തിന്റെയും കഥ പറയാനുണ്ട്. ഒരു ജൈവ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഓര്‍മകള്‍ പറയുന്ന രാമേട്ടന്റെ ആ കളിമണ്‍ വീട് പലപ്പോഴും കൃഷിയെ കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു നല്‍കുന്നു. വൈക്കോല്‍ മേഞ്ഞ വീടിനുചുറ്റും ചാണകം മെഴുകി മയം വരുത്തിയിരിക്കുന്നു. മുറ്റത്തുനിന്നിറങ്ങി താഴേക്ക്…അവിടെയാണ് രാമേട്ടന്റെ കൃഷിയിടം.

കളിമണ്ണിന്റെ പശിമയില്‍മാത്രം വിളയുന്ന നാടന്‍ വിത്തുകളുടെ പാടം. കുനിവയലെന്നും നടുവയലെന്നും കുഴിവയലെന്നും അതിനെ വേര്‍തിരിച്ചിരിക്കുന്നു. വിളവെടുപ്പ് കഴിഞ്ഞ് പുതിയ വിത്തിനു വേണ്ടി ഉണങ്ങിക്കിടക്കുന്ന പാടത്ത് രാമേട്ടന്‍ പച്ചക്കറിയും വാഴയുമൊക്കെ കൃഷിചെയ്തിട്ടുണ്ട്. സ്വയം കൃഷി ചെയ്യുന്നതിനു പുറമെ രാമേട്ടന്‍ പരിസരക്കാര്‍ക്കും പാടം വിട്ടുകൊടുത്തിട്ടുണ്ട്. ആ കൃഷിയെല്ലാം തന്റെ അടുത്ത വിതയ്ക്കു പാടത്തെ കൂടുതല്‍ ജൈവ സ്രോതസുള്ളതാക്കും എന്നാണു രാമേട്ടന്റെ വാദം. രാമേട്ടന്‍ മറ്റു കര്‍ഷകര്‍ക്ക് മുന്‍പില്‍ ഒരു നല്ല അധ്യാപകനാകുന്നു. കാര്‍ഷിക വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു നല്ല മാര്‍ഗദര്‍ശിയാണ്. നല്ല മണ്ണിന്റെയും അതില്‍ വളരുന്ന ചെടികളുടെയും പാഠങ്ങള്‍ ഈ ജൈവ കര്‍ഷകന്‍ എല്ലാവര്‍ക്കും പകര്‍ന്നു നല്‍കുന്നു.

പത്താം വയസ് മുതല്‍ രാമേട്ടന്‍ വയലിന്റെ തുടിപ്പറിഞ്ഞു തുടങ്ങി. 57 വര്‍ഷത്തെ ജീവിത പരിചയവും അതിന്റെ പക്വതയും ഈ ജൈവ കര്‍ഷകന്റെ ഓരോ ചലനത്തിലും നിറഞ്ഞു നില്‍ക്കുന്നു. തന്റെ പൂര്‍വികര്‍ കൈമാറിയ അനുഷ്ഠാനങ്ങളില്‍ പിടി വിടാതെയുള്ള കൃഷിരീതിയാണ് തന്റെ സമ്പത്ത് എന്ന് രാമേട്ടന്‍ പറയുന്നു. ധനുമാസത്തിലെ കണ്ടം ചാലിടല്‍ അഥവാ കണ്ടം പൂട്ടലോടെ രാമേട്ടന്റെ രണ്ടുഘട്ടമുള്ള കൃഷി ആരംഭിക്കുന്നു. നേരം നോക്കി ആരാധനയോടെ, ഭക്തിയോടെ ആറുമാസം മൂപ്പുള്ള വെളിയന്‍, ചെന്താടി, മുണ്ടകന്‍ എന്നിവയെ മണ്ണില്‍ പുതപ്പിച്ചും മുളപ്പിച്ചും കളപറിച്ചും വളമായി നല്‍കിയും വൃശ്ചികമാസത്തില്‍ കൊയ്‌തെടുത്ത് സമൃദ്ധമായ കലവറയിലെ പുതിയ അംഗങ്ങളാക്കി അവയെ മാറ്റുന്നു.
അഞ്ചു ദിവസത്തെ മുള്ളുവയ്ക്കല്‍ കഴിഞ്ഞ് രണ്ടാം ഘട്ടത്തില്‍ രാമേട്ടന്റെ കൃഷിയിടം വിളനാട്ടിമഹോത്സവത്തോടെ വെളിയന്‍, ചെന്തെല്ല് എന്നീ വിത്തുകളുടെ കൊയ്ത്തിനും വേദിയാകുന്നു. ഇത്തരത്തിലൊരു പതിവ് രാമേട്ടന്റെ കൃഷിയിടത്തിനുണ്ടെങ്കിലും മൂന്നു ഏക്കറോളം പാടം മരതൊണ്ടി എന്ന നെല്‍ വിത്തിനാണ്. ഈ വിത്താണ് വീട്ടിലേക്കും വില്‍കുന്നതിനും ഒക്കെ രാമേട്ടന്‍ മാറ്റിവയ്ക്കുന്നത്. രമേട്ടന്‍ വിത്ത് നല്‍കുമ്പോള്‍ ഒരു ചെറിയ കണ്ടീഷനുണ്ട്. ആ വിത്ത് കൃഷിചെയ്ത് രാമേട്ടനുതന്നെ തിരിച്ചു കൊടുക്കണം. പണമല്ല രാമേട്ടന് അവിടെ ആവശ്യം. മറിച്ച് വിത്തുകളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ്.

മലിനീകരണം സൃഷ്ടിക്കുന്ന പ്രതിസന്ധികളില്‍ നിന്നും ജൈവവൈവിധ്യം ചോര്‍ന്നു പോകുന്ന പ്രശ്‌നങ്ങളില്‍ നിന്നും വയനാടിന്റെ മണ്ണിന് രക്ഷ നല്‍കാന്‍ ഈ കര്‍ഷകനും കുടുംബവും ശ്രമിക്കുകയാണ്. അതുപോലെ വെളിയന്‍, പാല്‍ വെളിയന്‍, ചേറ്റു വെളിയന്‍, ഓക്ക വെളിയന്‍, കൊടു വെളിയന്‍, അടുക്കന്‍, പാല്‍ തൊണ്ടി, മരതൊണ്ടി, പുന്നാടന്‍, തൊണ്ണൂറാം പുഞ്ച ,ഓണമൊട്ടന്‍, ചെന്നെല്ല്, ചൊമല ചെമ്പകം, ചെന്തടി, ഓണചന്ന, മുള്ളാന്‍, കയമ, കുഞ്ഞൂഞ്ഞു, കുരുവ, കുങ്കുമസാലി, ഗന്ധകശാല, ജീരകശാല, രക്തശാലി, കല്ലടിയാരന്‍, നവര, തവളക്കണ്ണന്‍ തുടങ്ങി 31 തരം ജൈവവിത്തുകള്‍ പാടത്തിന്റെ ഒരു ചെറിയ ഭാഗത്ത് കൃഷിചെയ്യുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ആധുനിക കര്‍ഷകന്‍ താത്കാലിക ലാഭത്തെ മാത്രം മുന്നില്‍ കണ്ട് വിളവിറക്കുന്ന പാടങ്ങളില്‍ നിന്ന് വ്യത്യസ്തമായി മണ്ണിനെ അറിഞ്ഞ് കൃത്രിമ വളങ്ങളൊന്നും നല്‍കാതെ ഈ കര്‍ഷകന്‍ വിളവിറക്കുന്നു. പാരമ്പര്യമായി തനിക്കു കൈമാറികിട്ടിയ ആ സമ്പത്തിനെ കാത്ത് അടുത്ത തലമുറയ്ക്ക് കൈമാറാന്‍ തീരുമാനമെടുത്തിരിക്കുകയാണ് രാമേട്ടന്‍. അവിടെ ലാഭത്തിനും നഷ്ടത്തിനും യാതൊരുവിധ സ്ഥാനവുമില്ല. തന്റെ ഓരോ വിളവെടുപ്പിനും തനികുണ്ടാകുന്ന നഷ്ടങ്ങളെ തന്റെ പൊന്‍കതിര്‍ വിളയുന്ന പാടത്ത് നില്‍ക്കുമ്പോള്‍ രാമേട്ടന്‍ വിസ്മരിക്കുന്നു. ഇതുവരെ താന്‍ കൃഷിവകുപ്പിന്റെ ഒരുവിധത്തിലുമുള്ള ആനുകൂല്യങ്ങളും കൈപറ്റിയിട്ടില്ല എന്നും പുഞ്ചിരി കൈവിടാതെ ആ കളിമണ്ണിന്റെ തണുപ്പില്‍ ജീവിക്കുന്ന രാമേട്ടന്‍ അവകാശപ്പെടുന്നു.

നിരന്തരം കൃഷിയില്‍ മുഴുകുമ്പോഴും രാജ്യാന്തര വേദികളില്‍ അവതരിപ്പിക്കുന്ന സെമിനാറുകളിലൂടെയും പ്രദര്‍ശനങ്ങളിലൂടെയും ‘മാറ്റൊലി’എന്ന കമ്യൂണിറ്റി റേഡിയോയിലൂടെയും കര്‍ഷകരുമായും സമൂഹവുമായും രാമേട്ടന്‍ ജൈവകൃഷിയുടെ സ്വീകാര്യതയ്ക്കു വേണ്ടി സംവദിക്കുന്നു. തന്റെ പൂര്‍വികര്‍ കൈമാറിയ ആ വിത്ത് സമ്പത്തിനെ മുറുകെ പിടിക്കുമ്പോഴും അവയെ നാടിന്റെ പുതിയ നാമ്പുകള്‍ക്ക് പകര്‍ന്നു നല്‍കാന്‍ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ഈ കര്‍ഷകന്‍. ഇതിനുവേണ്ടി കൃഷിയുടെ ഓരോ ഘട്ടവും യുറ്റിയൂബ് എന്ന നവമാധ്യമത്തിലേക്ക് പകര്‍ത്താനുള്ള തീരുമാനത്തിലാണ് അദ്ദേഹം. കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന വയനാട്ടില്‍ രാമേട്ടന്‍ ഒരു ബദല്‍ തന്നെയാണ്.
പക്വമായ തൊഴിലാളികളുടെ ലഭ്യതക്കുറവും ലാഭമില്ലായ്മയും കാര്‍ഷികമായ ആനുകൂല്യങ്ങളുടെ കുറവുമാണ് പലപ്പോഴും ഈ രംഗത്തേക്ക് ആരും ആകര്‍ഷിക്കപ്പെടാത്തത്. എന്നാല്‍ രാമേട്ടന്‍ ഈ നഷ്ടങ്ങളെയൊന്നും ലവലേശം ഗൗനിക്കാതെ മുന്നോട്ടു പോവുകയാണ്. ഈമുന്നേറ്റതിനു അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങള്‍ ഏറെയാണ്.

2006 ലെ ഇടവക ഗ്രാമപഞ്ചായത്തിന്റെ ആദരവ്, 2011 ല്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ അവാര്‍ഡ്, റോട്ടറി ക്ലബിന്റെ വൊകേഷനല്‍ അവാര്‍ഡ്, സീറോ ബജെറ്റ് സന്തോഷ് പലേകര്‍ അവാര്‍ഡ്, എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ അംഗീകാരം, കേരള ബയോ ടൈവേഴ്‌സിറ്റി ബോര്‍ഡിന്റെ ഗ്രീന്‍ ഇന്റിവിജ്വല്‍ അംഗീകാരം, 2012 ലും 2013 ലും കേരള സാഹിത്യ അക്കാദമിയുടെ അംഗീകാരം അങ്ങനെ നീണ്ടു പോകുന്നു ഈ കര്‍ഷകനെ തേടി എത്തിയ ആദരവുകള്‍. ഭാര്യ ഗീതയും രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്നതാണ് കുടുംബം.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...