വാര്‍ത്തകള്‍

20
Feb

300 ഹെക്ടര്‍ കൈപ്പാട് നിലങ്ങളില്‍ നെല്‍-ചെമ്മീന്‍ കൃഷിക്ക് പദ്ധതി

ജില്ലയിലെ തീരദേശ മേഖലയിലെ 300 ഹെക്ടര്‍ കൈപ്പാട് നിലങ്ങളില്‍ നാലു വര്‍ഷത്തേക്ക് സംയോജിത നെല്‍ചെമ്മീന്‍ കൃഷി ആരംഭിക്കാന്‍ പദ്ധതി. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കാലാവസ്ഥാ വ്യതിയാന ദേശീയ സ്റ്റിയറിംഗ് കമ്മിറ്റി, കേരള ജലകൃഷി വികസന ഏജന്‍സി മുഖേന നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. താല്‍പര്യമുള്ള ഗ്രൂപ്പുകള്‍ക്ക് പദ്ധതിച്ചെലവിന്റെ 80 ശതമാനവും സബ്‌സിഡിയായി ലഭിക്കും. പഞ്ചായത്തുകള്‍ വഴി പദ്ധതി കൂടുതല്‍ മേഖലകളിലേക്കെത്തിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെയും എരഞ്ഞോളി ഫിഷ് ഫാമിന്റെയും നേതൃത്വത്തില്‍ കര്‍മപദ്ധതിക്ക് രൂപം നല്‍കി. കുറഞ്ഞത് അഞ്ച് ഹെക്ടര്‍ വിസ്തൃതിയുള്ള പാടങ്ങളെ ഒരു യൂനിറ്റായി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് ഇതുമായി ബന്ധപ്പെട്ട് നടന്ന ആലോചനായോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. സ്വന്തമായോ പാട്ട വ്യവസ്ഥയിലോ സ്ഥലം കണ്ടെത്തുന്ന അഞ്ച് പേരില്‍ കുറയാത്ത ഗ്രൂപ്പുകള്‍ക്കോ സംഘങ്ങള്‍ക്കോ ഇതിനായി അപേക്ഷിക്കാം. കൂടുതല്‍ വിസ്തൃതിയുള്ള സ്ഥലങ്ങളില്‍ ഒന്നിലേറെ ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ യൂനിറ്റുകളുടെ ക്ലസ്റ്റര്‍ ആയും പദ്ധതി നടപ്പാക്കാം. ജനുവരി 20 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. തീരപ്രദേശത്തെ ഓരുജലം കയറിയിറങ്ങുന്ന ചെളിപ്പരപ്പുകളില്‍ വളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവികമായി നെല്ലും മല്‍സ്യവും ഉല്‍പ്പാദിപ്പിക്കാനാവുമെന്നതാണ് കൈപ്പാട് കൃഷിയുടെ സവിശേഷത. ജലത്തിലെ ഉപ്പിന്റെ അംശം കുറഞ്ഞിരിക്കുന്ന മഴക്കാലത്താണ് കൈപ്പാട് പാടങ്ങളില്‍ നെല്‍കൃഷി നടക്കുക. ഇതിനായി ഏപ്രില്‍, മെയ് മാസങ്ങളില്‍ ബണ്ടുകള്‍ അടച്ച് നിലമുണക്കും. മഴക്കാലത്തിന്റെ തുടക്കത്തില്‍ വിത്തിറക്കി ഒക്‌ടോബറില്‍ വിളവെടുക്കും. ഉപ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വിത്തിനങ്ങളാണ് കൈപ്പാട് കൃഷിക്കായി ഉപയോഗിക്കുക. നെല്‍കൃഷിക്കൊപ്പവും വിളവെടുപ്പിന് ശേഷവും പാടങ്ങളില്‍ കയറി വരുന്ന ചെമ്മീനും മല്‍സ്യങ്ങളും കര്‍ഷകര്‍ക്ക് അധികവരുമാനവുമാവും. ഇതിനു പുറമെ നെല്‍ കൊയ്ത്തിനു ശേഷം നവംബര്‍ മുതല്‍ മാര്‍ച്ച് വരെ കൈപ്പാട് നിലങ്ങളില്‍ രണ്ടാം വിളയായി ചെമ്മീന്‍ കൃഷി ചെയ്യാനും പദ്ധതിയില്‍ സഹായം നല്‍കും. അഞ്ച് ഹെക്ടറില്‍ നടത്തുന്ന ഒരു യൂനിറ്റ് കൃഷിക്കായി 21 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ബണ്ട്, ചീര്‍പ്പ് എന്നിവയുടെ നിര്‍മാണത്തിന് 12.5 ലക്ഷം രൂപ ചെലവ് വരും. നെല്‍, ചെമ്മീന്‍ കൃഷിക്ക് 8.5 ലക്ഷമാണ് ചെലവഴിക്കുക. ഇതില്‍ ചെലവിന്റെ 80 ശതമാനവും (16.7 ലക്ഷം രൂപ) സബ്‌സിഡിയായി നല്‍കും. പാട്ടവ്യവസ്ഥയില്‍ കണ്ടെത്തുന്ന സ്ഥലത്തിന്റെ ആദ്യ വര്‍ഷത്തെ വായ്പ പദ്ധതിയില്‍ നിന്ന് അനുവദിക്കും. ഒരു യൂനിറ്റില്‍ നിന്ന് രണ്ടാം വര്‍ഷം മുതല്‍ ശരാശരി 23.5 ലക്ഷം രൂപ കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എരഞ്ഞോളി ഫിഷ് ഫാം മാനേജറും ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയരക്ടറുമായ അമ്പിളി ആര്‍ പറഞ്ഞു. പതിറ്റാണ്ടുകളോളം തരിശായി കിടക്കുന്ന ഭൂമിയില്‍ പൂര്‍ണതോതില്‍ ഉല്‍പ്പാദനക്ഷമത കൈവരിക്കുന്നതിന് അല്‍പം സമയമെടുക്കുമെന്നും അവര്‍ പറഞ്ഞു. കാര്‍ഷിക രംഗത്തിന്റെ വികസനം സാധ്യമാവുന്നതോടൊപ്പം ഹരിതഗൃഹ വാതകങ്ങള്‍ കൂടുതല്‍ ആഗിരണം ചെയ്ത് ആഗോള താപനത്തിന്റെ തീവ്രത കുറയ്ക്കാനും കൈപ്പാട് കൃഷി സഹായകമാവും. ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി. വിമല (ഏഴോം), പി.കെ അസ്സന്‍കുഞ്ഞി മാസ്റ്റര്‍ (ചെറുകുന്ന്), കെ.വി രാമകൃഷ്ണന്‍ (കണ്ണപുരം), കെ നാരായണന്‍ (പാപ്പിനിശ്ശേരി), കെ ശ്യാമള (നാറാത്ത്), എ പങ്കജാക്ഷന്‍ (മുണ്ടേരി), എ.കെ രമ്യ (എരഞ്ഞോളി), പി.കെ ഗീതമ്മ (പിണറായി), പി പ്രഭാവതി (ചെറുതാഴം), ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ (ഇന്‍ ചാര്‍ജ്) കെ അജിത തുടങ്ങിയവരും സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ എരഞ്ഞോളി ഫിഷ് ഫാമില്‍ നേരിട്ടും 0490 2354073 നമ്പറിലും ലഭിക്കും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...