വാര്‍ത്തകള്‍

13
Dec

ഹരിതകേരളം കേരളത്തിന്‍റെ പുതിയ സമരമാര്‍ഗം: എം. മുകുന്ദന്‍

പട്ടിണിക്കും സാമൂഹ്യ അനീതികള്‍ക്കും എതിരെ സമരം ചെയ്ത പാരമ്പര്യമുള്ള മലയാളി നഷ്ടപ്രതാപങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പുതിയ സമരമുഖത്താണ് ഇപ്പോഴുള്ളതെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു. മണ്ണും കുന്നും പുഴയും ഇല്ലാതാക്കിയവര്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് ഹരിത കേരളം പദ്ധതിയിലൂടെ കേരളം ഒറ്റക്കെട്ടായി നടത്തിയിരിക്കുന്നത്. തലശ്ശേരി മൂഴീക്കരയില്‍ വണ്ണത്താന്‍ കുളം നവീകരണഉദ്ഘാടനം നിര്‍വഹിച്ച്‌കൊണ്ട് അദ്ദേഹം പറഞ്ഞു. ജലത്തിന്റെ നാടായിരുന്നു കേരളം വിദേശികള്‍ക്ക് ഒരു കാലത്ത് അത്ഭുതമായിരുന്നു നമ്മുടെ ജലസമ്പത്ത്. എന്നാലിന്ന് ഭാരതപ്പുഴ വറ്റിവരണ്ടു. ഒരു മഹാനദിയെയും അതിനെ സമൃദ്ധമാക്കിയിരുന്ന കുന്നുകളെയും നാം ഇല്ലാതാക്കി. ലോകത്തെവിടെയായാലും നദിക്കരയിലാണ് പുതിയ സംസ്‌കാരങ്ങളും ജീവിതങ്ങളും ഉയര്‍ന്നു വന്നിട്ടുള്ളത്. എന്നാല്‍ സാമ്പത്തികമായി ഒരു പാട് പുരോഗമിച്ചപ്പോഴും ആത്മീയമായി നാം ഇന്നും പഴയ അവസ്ഥയിലാണ്. ആത്മീയമായ വളര്‍ച്ചയ്ക്കുള്ള നല്ല മാര്‍ഗമാണ് പ്രകൃതിയെക്കുറിച്ചുള്ള തിരിച്ചറിവും അതിലേക്കുള്ള മടങ്ങിപ്പോക്കും. സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലെ ശുദ്ധമായ പുഴകള്‍ കാണുമ്പോള്‍ മലീമസമായതും വരണ്ടതുമായ നമ്മുടെ ഭാരതപ്പുഴയേയും മയ്യഴിപ്പുഴയേയും ഓര്‍ത്ത് സങ്കടം തോന്നാറുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു. പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റത്തിനെതിരെ എന്നും എഴുത്തുകാര്‍ പ്രതികരിച്ചിട്ടുണ്ട്. കവി ഒ.എന്‍.വി കുറുപ്പ് ഭൂമിക്ക് ചരമഗീതം എഴുതിയപ്പോള്‍ സുസ്‌മേഷ് ചന്ദ്രോത്തുള്‍പ്പെടെയുള്ള പുതുതലമുറ എഴുത്തുകാരും ഭൂമിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പ്രതികരിക്കുന്നു. ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. നമ്മുടെ നാടിന്റെ പച്ചപ്പും ജലസമ്പത്തും തിരിച്ചു പിടിക്കണം. അതിനായി ഓരോരുത്തരും തയ്യാറാവണം. ഉപഭോഗ സംസ്‌കാരത്തില്‍ മതിമറക്കാതെ നാടിനോട് ചേര്‍ന്ന് നിന്ന് പുതുതലമുറ പ്രകൃതിക്ക് വേണ്ടി മുന്നിട്ടിറങ്ങണമെന്നും എം.മുകുന്ദന്‍ പറഞ്ഞു. ഭൂമി ആരുടെയും സ്വന്തമല്ല, മറിച്ച് പൂര്‍വ്വികര്‍ ഏല്‍പ്പിച്ച് പോയ സമൃദ്ധമായ പ്രകൃതിയുടെ കാത്തുസൂക്ഷിപ്പുകാര്‍ മാത്രമാണ് നമ്മളെന്ന് ചരിത്രകാരന്‍ കെ.കെ മാരാര്‍ പറഞ്ഞു. നമ്മുടെ കുട്ടിക്കാലത്ത് പുഴകള്‍ സമൃദ്ധമായിരുന്നു എന്നാലിന്ന് പുഴകളും തോടുകളും വറ്റിവരണ്ടു. കുളങ്ങള്‍ ഇല്ലാതായി. ഇതിന്റെ എല്ലാം ഉത്തരവാദിത്തം നമുക്കാണ്. നാം ജീവിക്കുന്ന കാലത്താണ് എല്ലാം നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്. കാലം കാത്തുവച്ച സമൃദ്ധിയെ ഇല്ലാതാക്കിയതിന് വരും തലമുറയോട് നാം ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തലശ്ശേരിയിലും സമീപത്തുമായി ഓരോ വീട്ടു തൊടിയിലുമുള്‍പ്പെടെ ഒരു കാലത്ത് നൂറുകണക്കിന് കുളങ്ങള്‍ ഉണ്ടായിരുന്നു. തലശ്ശേരിയുടെ ചരിത്രത്തില്‍ വില്ല്യം ലോഗന്‍ രേഖപ്പെടുത്തിയ 2 വലിയ കുളങ്ങളില്‍ ഒന്ന് എവിടെയായിരുന്നു എന്നത് പോലും ഇന്ന് ആര്‍ക്കും ഓര്‍മയില്ല, ഇവയൊക്കെ തിരിച്ച് കൊണ്ടുവരാന്‍ നമുക്ക് കഴിയണം. പുതിയ റോഡുകള്‍ ഉണ്ടാക്കുന്നത് പോലെ പുതിയ തോടുകളും കുളങ്ങളും നിര്‍മിക്കാന്‍ തയ്യാറാവണം. അതിന് സര്‍ക്കാറിനും നമുക്കോരോരുത്തര്‍ക്കും കടമയുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത്തരം പരിപാടിക്ക് ഒരു സര്‍ക്കാര്‍ സന്നദ്ധമാവുന്നത് തന്നെ ശുഭസൂചനയാണെന്നും കെ.കെ മാരാര്‍ പറഞ്ഞു. സര്‍വ്വംസഹയാണെങ്കിലും നാം പ്രകൃതിയോട് ചെയ്യുന്ന ഓരോ അരുതായ്മയ്ക്കും ഭൂമി ഒരിക്കല്‍ പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് ഓര്‍മിപ്പിച്ച് ചടങ്ങില്‍ കവി മുരുകന്‍ കാട്ടാക്കട പക എന്ന കവിതയും അവതരിപ്പിച്ചു. തലശ്ശേരി മുന്‍സിപ്പല്‍ തല ഉദ്ഘാടന ചടങ്ങില്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി.കെ രമേശന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി.രാഘവന്‍, എം.വി ബാലാറാം, വാഴയില്‍ ലക്ഷ്മി, നീമ കലേഷ്, സാജിത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ ചാമക്കുളവും ശുചീകരിച്ചു. ഗ്രോ ബാഗ് കൃഷി, അംഗന്‍വാടികളില്‍ പച്ചക്കറി കൃഷി, ഈങ്ങയില്‍ പീടിക തട്ടാരിന്റവിട 20 സെന്റ്, കോടിയേരി കുറ്റുവയലില്‍ 40 സെന്റ് ചന്തുപീടീകയില്‍ 20 സെന്റ്, എരഞ്ഞോളിപ്പാലം 30 സെന്റ്, മൂഴിക്കര 30 സെന്റ്, പാറാല്‍ 50 സെന്റ്, പൊതുവാച്ചേരി 50 സെന്റ് സ്ഥലങ്ങളില്‍ കൃഷിക്കും നഗരസഭയില്‍ തുടക്കമായി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...